National
ഭീതി ഒഴിയാതെ മക്ക മസ്ജിദ്; വേദനയോടെ വിശ്വാസികള്‍

ഹൈദരാബാദ്: സ്‌ഫോടന കേസിലെ പ്രതികളെ വെറുതെ വിട്ടതിന്റെ നിരാശയിലാണ് മക്ക മസ്ജിദും പരിസരവും. വിധിക്ക് ശേഷമുള്ള ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ ജുമുഅക്ക് എത്തിയ വിശ്വാസികളില്‍ ഈ നിരാശ പ്രതിഫലിച്ചു. സംഘ്പരിവാര്‍ ഫാസിസത്തിന്റെ ക്രൂരമുഖം പ്രകടമായ സ്‌ഫോടനം നടന്ന് വര്‍ഷം പതിനൊന്ന് ആയെങ്കിലും ഇനിയും ഭീതി മാറിയിട്ടില്ല ഇതിന്റെ പരിസരത്തുള്ളവര്‍ക്ക്. സ്‌ഫോടന കേസ് പ്രതികളെ എന്‍ ഐ എ കോടതി കുറ്റവിമുക്തരാക്കിയ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാവലയത്തിലാണ് മസ്ജിദും ചേര്‍ന്ന് നില്‍ക്കുന്ന ചാര്‍മിനാറും.
തെലങ്കാന പോലീസും ദ്രുത കര്‍മ സേനയും ഒരുക്കിയ കനത്ത സുരക്ഷാവലയത്തിലായിരുന്നു ജുമുഅ നിസ്‌കാരം. രാവിലെ മുതല്‍ തന്നെ പള്ളിയിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു. മെറ്റല്‍ ഡിറ്റക്ടര്‍ വഴി പരിശോധിച്ചാണ് ആളുകളെ കടത്തി വിട്ടത്. എന്‍ ഐ എ കോടതി വിധിയില്‍ നിരാശ പങ്കുവെച്ച വിശ്വാസികള്‍ ഉന്നത നീതി പീഠങ്ങള്‍ ഇത് തിരുത്തുമെന്ന പ്രതീക്ഷയിലാണ്.
ടൂറിസം കേന്ദ്രം കൂടി ആയതിനാല്‍ നിരവധി പേരാണ് ഓരോ ദിവസവും മക്ക മസ്ജിദും ചാര്‍മിനാറും ലക്ഷ്യം വെച്ചെത്തുന്നത്. കനത്ത സുരക്ഷാവലയത്തില്‍ ആയതിനാല്‍ മക്കാമസ്ജിദിന് മുന്നില്‍ ഏറെനേരം ചിലവഴിക്കാനോ സംഘം ചേര്‍ന്നുനില്‍ക്കാനോ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിക്കുച്ചില്ല.