വര്‍ത്തമാന ഇന്ത്യയിലെ നിയമങ്ങളും നീതിപാലനവും

Posted on: April 21, 2018 6:00 am | Last updated: April 21, 2018 at 7:38 pm

രാജ്യത്ത് ഏറ്റവുമധികം അതിക്രമങ്ങള്‍ക്ക്  ഇരകളായി കൊണ്ടിരിക്കുന്നവര്‍ സ്ത്രീകളും കുട്ടികളുമാണ്. അതുകൊണ്ട് തന്നെ സ്ത്രീ സുരക്ഷ പരിഗണിച്ച് ഒട്ടേറെ നിയമങ്ങള്‍ പാര്‍ലിമെന്റിലും നിയമസഭകളിലും പാസാക്കിയെടുത്ത പോലെ തന്നെ കുട്ടികളുടെ സംരക്ഷണം മുന്‍നിര്‍ത്തി കൊണ്ടുള്ള ബാലാവകാശ സംരക്ഷണ നിയമം, ബാലവേല നിരോധന നിയമം, വിദ്യാഭ്യാസാവകാശ നിയമം തുടങ്ങി ഒട്ടേറെ നിയമങ്ങള്‍ നിര്‍മിക്കുന്നതിനും രാജ്യത്തെ നിയമനിര്‍മാണ സഭകള്‍ തയ്യാറായിട്ടുണ്ട്.

ഏറ്റവും നിയമപരിരക്ഷ ലഭിക്കാന്‍ അര്‍ഹതപ്പെട്ടവരാണ് കുട്ടികള്‍ എന്ന് ബോധ്യപ്പെട്ടതിനാലാവാം അവര്‍ക്ക് നേരെയുണ്ടാവുന്ന മാനസിക പീഡനങ്ങള്‍ പോലും ഏറെ ഗൗരവത്തോടെയാണ് രാജ്യത്തെ നിയമ സംവിധാനങ്ങള്‍ കൈ കാര്യം ചെയ്യേണ്ടത്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമം അടുത്ത കാലത്തായി ഭേദഗതി ചെയ്ത സന്ദര്‍ഭത്തില്‍ അവരെ ദുരുദ്ദേശ്യത്തോടെ തുറിച്ച് നോക്കുന്നത് പോലും കുറ്റകരമായി കണക്കാക്കാമെന്നാണ് എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുള്ളത്. ലോകത്ത് നിയമ പരിരക്ഷയാല്‍ ഏറ്റവും സുരക്ഷിതരായിരിക്കാന്‍ ഏറെ സാധ്യതയുള്ളവരാണ് ഇന്ത്യയിലെ സ്ത്രീകളും കുട്ടികളും എന്ന് കാണാവുന്നതാണ്. എന്നാല്‍, ലോകത്തിന് മുമ്പില്‍ രാജ്യം ഏറെ തവണ തല കുനിക്കേണ്ടി വന്നിട്ടുള്ളത് രാജ്യത്തെ സ്ത്രീകളും കുട്ടികളും നിരന്തരമായി ലൈംഗികാതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരകളായി കൊണ്ടിരിക്കുന്നു എന്ന കാരണത്താലാണ്.

2001 ജനുവരി മാസത്തില്‍ മഞ്ചേരിക്കടുത്തുള്ള എളങ്കൂര്‍ എന്ന പ്രദേശത്താണ് സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു ബാലിക ലൈംഗികാതിക്രമത്തിന്റെ ഭാഗമായി കൊലചെയ്യപ്പെട്ടത്. കുറ്റകൃത്യത്തിനിരയായ ബാലിക യും കുറ്റവാളിയും ഇതരമതവിശ്വാസികളായിരുന്നെങ്കിലും കേരളീയര്‍ ഒന്നടങ്കം കുറ്റവാളിക്കെതിരായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുകയും കുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തി ചേരുകയാണുണ്ടായത്. ബാലികയുടെ ഹിന്ദു മത വിശ്വാസികളായ മാതാപിതാക്കളെയും കുടുംബത്തെയും ആശ്വസിപ്പിക്കുന്നതിനായി എത്തിച്ചേര്‍ന്നവരും നിയമ സഹായം വാഗ്ദാനം ചെയ്തവരും ജില്ലയിലെ മുസ്‌ലിം സാമുദായ നേതാക്കളായിരുന്നു എന്നത് സൂചിപ്പിക്കുന്നത്  കുട്ടികള്‍ക്കെതിരെയുണ്ടാവുന്ന അതിക്രമങ്ങള്‍ക്കെതിരായി നിലകൊള്ളാന്‍ രാജ്യം ഒറ്റക്കെട്ടായി നിലകൊണ്ടിരിരുന്നു എന്നതാണ്.

മോദി സര്‍ക്കാര്‍ രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായി ഉണ്ടായികൊണ്ടിരിക്കുന്ന പീഡനങ്ങളെയും ലൈംഗികാതിക്രമങ്ങളെയും ന്യായീകരിക്കുന്ന നിലപാടുകളിലേക്കാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. നിയമങ്ങളും മൗലികാവകാശങ്ങളുമെല്ലാം തന്നെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുപോലെ ബാധകമായിരുന്ന അവസ്ഥയില്‍ നിന്നും ഏറെ വ്യത്യസ്തമായ രീതിയിലാണ് ഇന്ന് നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ പൗരന്‍ എന്ന കാഴ്ചപ്പാടില്‍ നിന്ന് മാറി സവര്‍ണര്‍ അവര്‍ണര്‍ എന്ന മുന്‍ വിധിയോടെ രാജ്യത്ത് നിയമങ്ങള്‍ നടപ്പാക്കി കൊണ്ടിരിക്കുന്നതാണ് കാണാന്‍ കഴിയുന്നത്.

സവര്‍ണര്‍ പീഡിപ്പിക്കാന്‍ അധികാരമുള്ളവരും അവര്‍ണര്‍ പിഡനങ്ങള്‍ക്ക് വിധേയരാവാന്‍ ബാധ്യസ്ഥരുമാണെന്ന സന്ദേശമാണ് മോദി സര്‍ക്കാര്‍ രാജ്യത്തിന് നല്‍കിക്കൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ 18വയസ്സുകാരിയെ ബലാത്സംഗത്തിന് നേതൃത്വം നല്‍കിയത് സംസ്ഥാനത്തെ ഭരണകക്ഷിയായ സംഘ്പരിവാര്‍ എം എല്‍ എയും കൂട്ടാളികളുമാണെന്ന് നിയമപാലകര്‍ക്ക് മുമ്പാകെ പരാതി ബോധിപ്പിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ട് പോലും പ്രാഥമിക നിയമ നടപടികള്‍ പോലും സ്വീകരിക്കാന്‍ യോഗി ഭരണകൂടം തയ്യാറായില്ല. മാത്രമല്ല പരാതിക്കാരിയുടെ പിതാവിനെ കൊലപ്പെടുത്തി കൊണ്ട് പരാതിക്കാരിയോട് പ്രതികാരം ചെയ്യാനും  ഭരണകൂടം മുന്‍കൈ എടുത്തു. താന്‍ 11 വയസ്സ് മുതല്‍ കുല്‍ദീപ് സെന്‍ഗര്‍ എന്ന വ്യകതിയാല്‍ നിരന്തരമായി ലൈംഗികപീഡനങ്ങള്‍ക്ക് വിധേയയായി കൊണ്ടിരിക്കുകയാണെന്ന് നിയമപാലകര്‍ക്ക് മുമ്പാകെ വിളിച്ച് പറഞ്ഞിട്ട് പോലും യുവതിക്കനുകൂലമായി നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഭരണ സംവിധാനങ്ങള്‍ വിമുഖത കാണിക്കുന്നതും രാജ്യത്തെ നിയമ പരിരക്ഷയെ ജാതീയമായി വേര്‍തിരിക്കപ്പെട്ടതിന്റെ സൂചനയായി കണക്കാക്കവുന്നതാണ്. ഉത്തര്‍പ്രദേശില്‍ അക്രമത്തിനിരയായത് താഴ്ന്ന ജാതിക്കാരി ആയിരുന്നുവെങ്കില്‍ കശ്മീരില്‍ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ടത് മുസ്‌ലിം ബാലികയായിരുന്നു. എട്ട് വയസ്സ് മാത്രം പ്രായമായ ആസിഫ എന്ന ബാലികയെ ഒരാഴ്ചക്കാലം നിരന്തരമായി പീഡിപ്പിച്ചവരും ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആശയ പ്രചാരകരായിരുന്നു. മാത്രമല്ല അവരുടെ കൂട്ടത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ബാധ്യസ്ഥരായ നിയമപാലകരും ഉള്‍പ്പെട്ടിരിക്കുന്നു എന്നത് രാജ്യത്തെ നിയമവും നിയമ പരിരക്ഷയും എത്രത്തോളം വര്‍ഗീയ വത്കരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനകളാണ് നല്‍കുന്നത്. ആസിഫ എന്ന എട്ട് വയസ്സുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തെ മൃഗീയം എന്നാണ് പലരും വിശേഷിപ്പിച്ചിട്ടുള്ളത്. വാസ്തവത്തില്‍ അതൊരു തെറ്റായ വിശേഷണമാണ്. കാരണം മൃഗങ്ങള്‍ക്കിടയില്‍ പ്രായപൂര്‍ത്തി എത്തുന്നതിന് മുമ്പായി ലൈംഗികതക്ക് വിധേയമാക്കപ്പെടുന്നതായി കണ്ടെത്താനായിട്ടില്ല എന്ന് മാത്രമല്ല കുട്ടികളെ ഏറെ ശ്രദ്ധിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സ്വഭാവമാണ് മൃഗങ്ങള്‍ക്കിടയിലുള്ളതെന്ന് നിരവധി തെളിവുകളും ജന്തുശാസ്ത്ര വിഭാഗം പുറത്ത് വിട്ടിട്ടുണ്ട്. ആ നിലയില്‍ പരിശോധിച്ചാല്‍ ഉത്തര്‍പ്രദേശിലെയും കശ്മീരിലെയും ബാലികമാര്‍ക്കെതിരെയുണ്ടായ കൂട്ടബലാത്സംഗത്തെയും കൊലപാതകത്തെയും മൃഗീയമെന്നല്ല മറിച്ച് ഫാസിസമെന്നാണ് വിശേഷിപ്പിക്കേണ്ടത്.

ഏറെക്കാലമായി ഫലസ്തീനില്‍ ജൂത ഭരണകൂടം നടപ്പാക്കി കൊണ്ടിരിക്കുന്ന പിഡനമുറകളാണ് ഇന്ന് ജനാധിപത്യ മതേതര സ്വതന്ത്ര ഇന്ത്യയില്‍ മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടവും നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബലാത്സംഗത്തിന് നേതൃത്വം നല്‍കിയ നിയമസഭാംഗത്തെ സംരക്ഷിക്കാന്‍ യോഗി ഭരണകൂടം കഠിന പ്രയത്‌നം ചെയ്തത് പോലെ തന്നെ കാശ്മീര്‍ ബാലികയെ ക്ഷേത്രാങ്കണത്തില്‍ ദിവസങ്ങളോളം തടങ്കലിലാക്കി ബലാത്സംഗം ചെയ്യുകയും നിരന്തര പിഡനങ്ങള്‍ക്കൊടുവില്‍ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത ഫാസിസ്റ്റുകളെ സംരക്ഷിക്കുന്നതിന് വേണ്ടി ദേശീയപതാകയുമേന്തി പ്രകടനം നടത്തിയവരില്‍ രണ്ട് മന്ത്രിമാരും അണിചേര്‍ന്നിരുന്നു എന്നത് രാജ്യത്തിന്റെ നിയമങ്ങള്‍ എത്രത്തോളം ദുര്‍ബലമാക്കപ്പെട്ട് കൊണ്ടിരിക്കുന്നു എന്നതിന്റെ ചൂണ്ടുപലക തന്നെയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളെയെല്ലാം രാജ്യത്തിന്റെ നിയമ പുസ്തകത്തില്‍ നിന്ന് ജനാധിപത്യ മതേതരത്വം നീങ്ങിക്കൊണ്ടിരിക്കുകയും  പകരം ഫാസിസ്റ്റുകയുടെ നാസി നിയമങ്ങള്‍ കടന്ന് കൂടുകയും ചെയ്യുന്നതിന്റെ സൂചനയായി കാണേണ്ടതും ജാതി മത ചിന്തകള്‍ക്കതീതമായി സംഘടിതമായി ചെറുത്ത് തോല്‍പ്പിക്കേണ്ടതും നിശ്ചയദാര്‍ഢ്യത്തോടെ നേരിടേണ്ടതുമാണ്.