Connect with us

National

'യെച്ചൂരി'യുടെ ഭാവി ഇന്നറിയാം

Published

|

Last Updated

പ്രതിനിധി സമ്മേളന വേദിയിലേക്കെത്തുന്ന സി പി എം ജനറല്‍ സെക്രട്ടറി
സീതാറാം യെച്ചൂരിയെ പരമ്പരാഗത തലപ്പാവണിയിച്ച് സ്വീകരിക്കുന്നു

ഹൈദരാബാദ്: സി പി എമ്മിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ലൈന്‍ എന്താകുമെന്ന് ഇന്ന് അറിയാം. പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും അവതരിപ്പിച്ച ഭിന്ന നിലപാടുകളില്‍ പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് തീര്‍പ്പിലെത്തും. ഇരുപക്ഷവും അവതരിപ്പിച്ച നിലപാടുകളെ എതിര്‍ത്തും അനുകൂലിച്ചുമാണ് ചര്‍ച്ച പുരോഗമിക്കുന്നത്. അവസാന നിമിഷവും യെച്ചൂരി നിലപാടില്‍ ഉറച്ചുനിന്നാല്‍ രാഷ്ട്രീയ പ്രമേയം അംഗീകരിക്കാന്‍ വോട്ടെടുപ്പ് വേണ്ടി വരും. ഇത് കൂടുതല്‍ പ്രതിസന്ധിക്ക് വഴിവെക്കുമെന്നതിനാല്‍ സമവായ നീക്കങ്ങളും സജീവം. രാഷ്ട്രീയ പ്രമേയം ഐകകണ്‌ഠ്യേന അംഗീകരിക്കണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതുവികാരം. എന്നാല്‍, വോട്ടെടുപ്പ് വേണമെന്നും ഇതിനായി രഹസ്യ ബാലറ്റ് ഏര്‍പ്പെടുത്തണമെന്നുമുള്ള ആവശ്യവും ചിലര്‍ ഉയര്‍ത്തി. കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള പൊതുചര്‍ച്ച ഇന്ന് ഉച്ചയോടെ പൂര്‍ത്തിയാകും. തുടര്‍ന്ന് പോളിറ്റ്ബ്യൂറോ യോഗം ചേര്‍ന്ന് ചര്‍ച്ചക്ക് മറുപടി തയ്യാറാക്കും.
കേരളത്തില്‍ നിന്നുള്ള രണ്ട് പേരടക്കം 33 പേരാണ് ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്തത്. കാരാട്ട് അവതരിപ്പിച്ച ഔദ്യോഗിക നയം അംഗീകരിക്കണമെന്ന നിലപാടിനാണ് ചര്‍ച്ചകളില്‍ മുന്‍തൂക്കം. സമീപകാല രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി പ്രമേയത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വേണമെന്ന മറുവാദവും ഉന്നയിക്കപ്പെട്ടു. കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, ഡല്‍ഹി, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, അസാം, ത്രിപുര സംസ്ഥാനങ്ങളില്‍ നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ കാരാട്ട് അവതരിപ്പിച്ച ഔദ്യോഗിക പ്രമേയത്തെ പിന്തുണച്ചാണ് സംസാരിച്ചത്.
ബംഗാള്‍, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗോവ, പഞ്ചാബ്, ഒഡീഷ, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്ന് സംസാരിച്ചവര്‍ യെച്ചൂരിക്കൊപ്പം നിന്നു. ഛത്തീസ്ഗഢില്‍ നിന്നുള്ള പ്രതിനിധി സമവായ നിലപാട് സ്വീകരിച്ചപ്പോള്‍ ബിഹാറില്‍ നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത രണ്ട് പേരില്‍ ഓരോരുത്തര്‍ ഇരുനേതാക്കളുടെ നിലപാടിനെയും പിന്തുണച്ചു.

പൊതുചര്‍ച്ചയിലെ വികാരം കണക്കിലെടുത്ത് അവസാന നിമിഷം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുമോയെന്നതാണ് നിര്‍ണായകം. വോട്ടെടുപ്പ് നടന്നാല്‍ പാര്‍ട്ടിക്കുള്ളിലുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതാണ്. ഇത് കണക്കിലെടുത്താണ് സമവായ നീക്കങ്ങള്‍ നടക്കുന്നത്. ഇന്നലെ മാധ്യമങ്ങളെ കണ്ട സീതാറാം യെച്ചൂരി വോട്ടെടുപ്പ് സാധ്യത പൂര്‍ണമായി തള്ളിക്കളഞ്ഞില്ലെന്നതും ശ്രദ്ധേയം. “വ്യത്യസ്താഭിപ്രായങ്ങളെല്ലാം ചര്‍ച്ച ചെയ്ത് കൂട്ടായ തീരുമാനമെടുക്കും. അതായിരിക്കും പാര്‍ട്ടിയുടെ അന്തിമ തീരുമാനം” കരട് രാഷ്ട്രീയ പ്രമേയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെക്കുറിച്ച് ഇതായിരുന്നു യെച്ചൂരിയുടെ പ്രതികരണം. ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കണമെന്ന നിലപാട് പാര്‍ട്ടി ഇപ്രകാരം തള്ളിക്കളഞ്ഞില്ലേ എന്ന ഉദാഹരണവും ഇതോട് ചേര്‍ത്തുവെച്ചു.

യെച്ചൂരി നിലപാടിനെ ശക്തമായി എതിര്‍ത്താണ് കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ സംസാരിച്ചത്. യെച്ചൂരിക്കെതിരെ ആഞ്ഞടിച്ച പി രാജീവ്, പാര്‍ട്ടിയുടെ അസ്തിത്വം ഇല്ലാതാക്കാന്‍ ആരും ശ്രമിക്കരുതെന്ന് ആവശ്യപ്പെട്ടു. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബി ജെ പിയായി മാറുമെന്ന് യെച്ചൂരി മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ബി ജെ പിയും സി പി എമ്മിന്റെ വര്‍ഗശത്രുക്കളാണെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ വൈകല്യമാണ് ബി ജെ പിയെ വളര്‍ത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബംഗാളില്‍ നിന്നുള്ള ശാന്തനു ഛാ, തമിഴ്‌നാട്ടില്‍ നിന്നുള്ള അറുമുഖ നൈനാര്‍, മഹാരാഷ്ട്രയില്‍ നിന്നുള്ള ഉദയ് നര്‍വേല്‍ക്കര്‍ എന്നിവര്‍ യെച്ചൂരിയെ പിന്തുണച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രതിനിധി കരട് വോട്ടിനിടണമെന്നും ആവശ്യപ്പെട്ടു.

സെക്രട്ടറി മാറുമോ?

താന്‍ മുന്നോട്ടുവെക്കുന്ന നിലപാട് പാര്‍ട്ടി കോണ്‍ഗ്രസും തള്ളിയാല്‍ ജനറല്‍ സെക്രട്ടറി പദവിയില്‍ സീതാറാം യെച്ചൂരി തുടരുമോയെന്നാണ് മറ്റൊരു ചോദ്യം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാനദിവസമേ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കൂവെങ്കിലും തന്റെ നിലപാട് തള്ളിയാല്‍ ഒഴിയാന്‍ അദ്ദേഹം സന്നദ്ധനായേക്കും. രാഷ്ട്രീയ പ്രമേയം അംഗീകരിക്കുന്ന വേളയില്‍ സ്വീകരിക്കുന്ന നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും. അവസാന നിമിഷം വരെ അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചുനിന്നാല്‍ പദവിയില്‍ തുടരുക ദുഷ്‌കരമാകും. ബദല്‍ രേഖ കേന്ദ്ര കമ്മിറ്റി വോട്ടിനിട്ട് തള്ളിയപ്പോള്‍ തന്നെ യെച്ചൂരി രാജിസന്നദ്ധത അറിയിച്ചിരുന്നു. യെച്ചൂരി മാറുകയാണെങ്കില്‍ ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാറിനാണ് ജനറല്‍ സെക്രട്ടറി പദത്തിലേക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. പാര്‍ട്ടിക്ക് വനിതാ നേതൃത്വം വേണമെന്ന് തീരുമാനിച്ചാല്‍ വൃന്ദാ കാരാട്ട് ജനറല്‍ സെക്രട്ടറിയാകും.

---- facebook comment plugin here -----

Latest