Connect with us

Gulf

യു എ ഇ തീരത്ത് കപ്പലില്‍ 15 ഇന്ത്യന്‍ നാവികര്‍ ഒരു വര്‍ഷമായി കുടുങ്ങിക്കിടക്കുന്നു

Published

|

Last Updated

ദുബൈ: നിയമത്തര്‍ക്കത്തില്‍പ്പെട്ട് യു എ ഇ തീരത്തുനിന്ന് 15 മൈലുകള്‍ അകലെ കടലില്‍ ഇന്ത്യക്കാരും ഒരു പാക്കിസ്ഥാന്‍ പൗരനും ഉള്‍പെടെ 16 നാവികരുമായി ചരക്കു കപ്പല്‍ ഒരു വര്‍ഷത്തോളമായി കുടുങ്ങിക്കിടക്കുന്നു.

നിയമത്തര്‍ക്കം മൂലം കരക്കടുപ്പിക്കാനാവാതെ കടലില്‍ നങ്കൂരമിട്ടിരിക്കുന്ന എം ടി സോയ വണ്‍ എന്ന കപ്പലിലെ നാവികര്‍ക്ക് കഴിഞ്ഞ നാലുമാസമായി ശമ്പളം ലഭിച്ചിട്ടില്ലന്ന് ഒരു പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. നാവികരില്‍ പലരുടേയും കരാര്‍ കാലാവധി തീര്‍ന്നിട്ടുണ്ട്. ഒരു വര്‍ഷത്തോളമായി കടലില്‍ ജീവിതം തള്ളി നീക്കുന്ന ഇവരുടെ പാസ്പോര്‍ട്ടുകളും നാവിക രേഖകളും 2017 ഒക്‌ടോബറില്‍ അധികൃതര്‍ പിടിച്ചെടുത്തതിനാല്‍ ഇവര്‍ക്ക് കരയിലേക്കു എത്താനും കഴിയില്ല. ഇ സി ബി ഇന്റര്‍നാഷണല്‍ എല്‍ എല്‍ സി എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍ പാനമയില്‍ രജിസ്റ്റര്‍ ചെയ്തതാണ്. ഓറം ഷിപ് മാനേജ്മെന്റ് എന്ന സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ് കപ്പല്‍. ഈ സ്ഥാപനവും കപ്പല്‍ ഉടമകളും തമ്മിലുള്ള തര്‍ക്കമാണ് ഒരു വര്‍ഷത്തോളമായി കപ്പലിനെയും നാവികരേയും തീരമണയാന്‍ അനുവദിക്കാതെ കടലില്‍ കുടുക്കിയിട്ടിരിക്കുന്നത്.

തങ്ങളെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഈ രണ്ടു കമ്പനികള്‍ക്കും നാവികര്‍ നിരവധി തവണ അപേക്ഷ അയച്ചിട്ടും മറുപടിയൊന്നും ലഭിച്ചിട്ടില്ല. മുടങ്ങിക്കിടക്കുന്ന ശമ്പളം എപ്പോഴാണ് നല്‍കുകയെന്ന് നാവികള്‍ക്ക് ഓറം ഷിപ് മാനേജ്മെന്റ് കമ്പനി ഒരു വിവരവും നല്‍കുന്നില്ല. കപ്പലുടമകളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു വരികയാണെന്നും ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും ഓറം അധികൃതര്‍ പറയുന്നു. ജീവനക്കാരുടെ ശമ്പളം എത്രയും വേഗം നല്‍കാന്‍ ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇവര്‍ക്കാവശ്യമായ ഭക്ഷണങ്ങളും മറ്റു അവശ്യവസ്തുക്കളും പതിവായി നല്‍കി വരുന്നുണ്ട്.

ഇവരെ രക്ഷപ്പെടുത്താന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടിട്ടുണ്ട്്. നാവികരുമായി കോണ്‍സുലേറ്റ് അധികൃതര്‍ ബന്ധപ്പെടുന്നുണ്ട്്. ഇവരുടെ വിഷയം യു എ ഇ ഫെഡറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയെ അറിയിച്ചിട്ടുണ്ടെന്ന് ദുബൈ ഇന്ത്യന്‍ ലേബര്‍ കോണ്‍സുല്‍ സുമതി വാസുദേവ് പറഞ്ഞു. ഏപ്രില്‍ പത്തിനു പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ഇവര്‍ക്ക് കപ്പല്‍ ഉടമകള്‍ ഉറപ്പു കൊടുത്തിരുന്നെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല. കപ്പല്‍ ഉടമകളായ ഇ സി ബി ഇന്റര്‍നാഷണലുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും മറുപടിയൊന്നും ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു.

Latest