കളഞ്ഞുകിട്ടിയ വസ്തുക്കള്‍ 62 ലക്ഷം ദിര്‍ഹമിന് ലേലം ചെയ്തു

Posted on: April 19, 2018 9:21 pm | Last updated: April 19, 2018 at 9:21 pm

ദുബൈ: ഉടമസ്ഥരില്ലാത്തതിനെ തുടര്‍ന്ന് കളഞ്ഞുകിട്ടിയ വസ്തുക്കള്‍ 62 ലക്ഷം ദിര്‍ഹമിന് ദുബൈ പോലീസ് ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഡിപ്പാര്‍ട്‌മെന്റ് ലേലം ചെയ്തു. 2017 മുതല്‍ ഇതുവരെ ലേലം ചെയ്ത വകയിലാണ് ഇത്രയും പണം നേടിയത്. ഈ വര്‍ഷം മാത്രം ലേലത്തിലൂടെ 38 ലക്ഷം ദിര്‍ഹം നേടി. ദുബൈയിലെ വിവിധയിടങ്ങളില്‍ നിന്ന് കളഞ്ഞുകിട്ടുന്ന വസ്തുക്കള്‍ അതാത് പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിക്കുകയും ഒരു മാസത്തിനുള്ളില്‍ യഥാര്‍ഥ ഉടമസ്ഥര്‍ അന്വേഷിച്ചെത്തുന്നില്ലെങ്കില്‍ പോലീസ് ആസ്ഥാനത്തെ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് വിഭാഗത്തിന് കൈമാറുകയും ചെയ്യുന്നതാണ് പതിവെന്ന് അസി. കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരി പറഞ്ഞു. ഇത്തരം വസ്തുക്കള്‍ ലേലം ചെയ്യുന്നതിന് മുമ്പ് മറ്റു എമിറേറ്റുകളിലെ പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെടാറുണ്ട്. വേറെ ഏതെങ്കിലും പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വസ്തുക്കള്‍ കളഞ്ഞുപോയതായി പരാതി ലഭിച്ചിട്ടുണ്ടോയെന്നും ഏതെങ്കിലും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കളാണോയെന്നും അറിയാനാണിത്. ലേലം ചെയ്ത പണം ദുബൈ പൊതുഖജനാവിലേക്ക് കൈമാറുമെന്ന് മേജര്‍ ജനറല്‍ അല്‍ മന്‍സൂരി അറിയിച്ചു.

വാച്ച്, ആഭരണങ്ങള്‍, സ്മാര്‍ട് ഫോണ്‍, ലാപ്‌ടോപ്, ടാബ്‌ലറ്റ്, മറ്റു ഇലക്‌ട്രോണിക് വസ്തുക്കള്‍ എന്നിവയാണ് അടുത്തിടെ ലേലം ചെയ്തത്.

ലേലം ചെയ്ത വസ്തുക്കളില്‍ കൂടുതലും പോലീസിന് കൈമാറിയത് ഹോട്ടല്‍, ഷോപ്പിംഗ് മാള്‍ അധികൃതരാണ്. പൊതുജനങ്ങളും നിരവധി വസ്തുക്കള്‍ പോലീസിലേല്‍പിച്ചതായി ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഡിപ്പാര്‍ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ലെഫ്. കേണല്‍ റാശിദ് ബിന്‍ സഫ്‌വാന്‍ പറഞ്ഞു. കളഞ്ഞുകിട്ടിയ വസ്തുക്കള്‍ ഏല്‍പിക്കുന്നവര്‍ക്ക് അഭിനന്ദന പത്രവും പ്രതിഫലവും പോലീസ് നല്‍കുന്നുണ്ട്. ഏതെങ്കിലും ഒരു വ്യക്തിയുടെ സാധനം കളഞ്ഞുപോവുകയും പ്രസ്തുത വ്യക്തി രാജ്യം വിട്ടുപോവുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഉടമയെ തിരിച്ചറിഞ്ഞാല്‍ ഇതുസംബന്ധിച്ച് അവര്‍ക്ക് വിവരം നല്‍കുകയും ചെയ്യുമെന്ന് കേണല്‍ റാശിദ് ബിന്‍ സഫ്‌വാന്‍ പറഞ്ഞു. കളഞ്ഞുകിട്ടിയ വസ്തുക്കളുടെ ഉടമകള്‍ ഭിന്നശേഷിക്കാരോ പ്രായം ചെന്നവരോ ആണെങ്കിലും പോലീസ് അവരുടെ താമസകേന്ദ്രങ്ങളില്‍ എത്തിച്ചുകൊടുക്കും. രാജ്യത്തെത്തുന്ന വിനോദസഞ്ചാരികളുടെ സാധനങ്ങളാണ് നഷ്ടപ്പെടുന്നതെങ്കില്‍ അവരുടെ സ്വന്തം രാജ്യത്തേക്ക് ദുബൈ പോലീസ് എത്തിച്ചുകൊടുക്കും. പക്ഷേ, ചിലര്‍ സാധനങ്ങള്‍ നഷ്ടപ്പെട്ടതായി പോലീസില്‍ വിവരമറിയിക്കാറില്ലെന്നും കേണല്‍ റാശിദ് പറഞ്ഞു.

 

നഷ്ടപ്പെട്ട വാച്ച് നല്‍കാന്‍
ദുബൈ പോലീസ് യൂറോപ്പില്‍

കഴിഞ്ഞ വര്‍ഷം ഒരു യൂറോപ്യന്‍ വനിതയുടെ സ്വന്തം രാജ്യത്തെ വീട്ടില്‍ ദുബൈ പോലീസ് സംഘമെത്തി. അപ്രതീക്ഷിതമായെത്തിയ സംഘത്തെ കണ്ട് വനിത അമ്പരന്നു. ദുബൈയില്‍ വിനോദസഞ്ചാരത്തിനെത്തിയ സമയത്ത് കളഞ്ഞുപോയ 70,000 ദിര്‍ഹം വിലമതിക്കുന്ന തന്റെ വാച്ച് തിരിച്ചേല്‍പിക്കാനായിരുന്നു ദുബൈ പോലീസ് പ്രതിനിധികളെത്തിയത്. പോലീസ് സംഘം സ്ത്രീയുടെ വീട്ടിലെത്തുന്നതിന് ഒന്‍പത് മാസം മുമ്പ് ദുബൈയിലേക്ക് വിനോദസഞ്ചാര വിസയിലെത്തിയപ്പോള്‍ ഹോട്ടല്‍ മുറിയില്‍ മറന്നുവെച്ചതായിരുന്നു വാച്ച്. വാച്ച് കിട്ടിയ പോലീസ് ഇവര്‍ താമസിച്ച മുറിയില്‍ നിന്ന് അതിന്റെ ബില്‍ കണ്ടെത്തുകയും കടയിലെത്തി അന്വേഷിക്കുകയും യഥാര്‍ഥ ഉടമയെ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്നാണ് പോലീസ് സംഘം യൂറോപ്പിലെത്തി സ്ത്രീക്ക് വാച്ച് തിരിച്ചുനല്‍കിയത്.

പരാതി അറിയിക്കാനെത്തിയവര്‍ക്ക്
ദുബൈ പോലീസ് നല്‍കിയത്!

ആഭരണങ്ങള്‍ നഷ്ടപ്പെട്ടത് സംബന്ധിച്ച് പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനിലെത്തിയ ഇന്ത്യന്‍ കുടുംബത്തിന് അത്ഭുതം. തങ്ങളുടെ നഷ്ടപ്പെട്ട ആഭരണങ്ങള്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് അപ്പോള്‍ തന്നെ തിരികെകിട്ടി. വീട് വൃത്തിയാക്കുന്നതിനിടെ വേലക്കാരി മാലിന്യത്തൊട്ടിയിലേക്കെറിഞ്ഞ 40,000 ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ലഭിച്ച ശുചീകരണ തൊഴിലാളി ദുബൈ പോലീസിനെ ഏല്‍പിക്കുകയായിരുന്നു. ഖിസൈസിലെ മാലിന്യത്തൊട്ടിയില്‍ നിന്ന് ലഭിച്ച ആഭരണങ്ങള്‍ ശുചീകരണ തൊഴിലാളി ഖിസൈസ് പോലീസ് സ്റ്റേഷനിലേല്‍പിക്കുകയായിരുന്നു. ഈ സമയം ആഭരണം കവര്‍ച്ച ചെയ്തത് സംബന്ധിച്ച് ആരുംതന്നെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടില്ലായിരുന്നു. പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ വേലക്കാരി അബദ്ധത്തിലാണ് കളഞ്ഞത്. ആഭരണങ്ങള്‍ മോഷണം പോയി എന്ന് കരുതിയാണ് കുടുംബം പരാതി നല്‍കാനെത്തിയത്.