ആശുപത്രിയില്‍ നിന്ന് കാണാതായ ഗര്‍ഭിണിയെ അവശനിലയില്‍ കരുനാഗപ്പള്ളിയില്‍ കണ്ടെത്തി

Posted on: April 19, 2018 7:09 pm | Last updated: April 19, 2018 at 8:33 pm
ശംന (ഫയല്‍ ചിത്രം)

കരുനാഗപ്പള്ളി: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതായ പൂര്‍ണഗര്‍ഭിണി വര്‍ക്കല മടവൂര്‍ സ്വദേശിനി ശംനയെ (21) കരുനാഗപ്പള്ളിയില്‍ നിന്നു കണ്ടെത്തി. മാധ്യമങ്ങളില്‍ ഫോട്ടോ പ്രചരിച്ചതിനെ തുടര്‍ന്ന് കരുനാഗപ്പള്ളിയിലെ ടാക്‌സി ഡ്രൈവര്‍മാരാണ്് ശംനയെ തിരിച്ചറിഞ്ഞത്. ഇവര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി കൂട്ടിക്കൊണ്ട് പോയി.

ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയില്‍നിന്നാണ് ഇവരെ കാണാതായത്. പ്രസവത്തിനായി ആശുപത്രിയിലെത്തിച്ചതായിരുന്നു ശംനയെ. പ്രസവ പരിശോധനകള്‍ക്കിടെയാണ് കാണാതായത്. ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങളില്‍ ശംന ആശുപത്രിയില്‍ നിന്നിറങ്ങിപ്പോയതായി കണ്ടെത്തി. തുടര്‍ന്ന് മൊബൈല്‍ സിഗ്നല്‍ ട്രാക്ക് ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ആദ്യം ഇവര്‍ എറണാകുളത്തും പിന്നീട് വെല്ലുരിലുമുണ്ടെന്ന നിഗമത്തിലെത്തിയിരുന്നു. പോയതിന് ശേഷം ഒരു തവണ ഭര്‍ത്താവിനെ വിളിച്ചിരുന്നെങ്കിലും ഒന്നും സംസാരിച്ചിരുന്നില്ല. പിന്നീട് ബന്ധുവായ മറ്റൊരു സ്ത്രീയെ വിളിച്ച് താന്‍ സുരക്ഷിതയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

കണ്ടെത്തുമ്പോള്‍ അവശനിലയിലായിരുന്നു ശംന. ഇവര്‍ ഒറ്റക്കായിരുന്നുവെന്നും ടാക്‌സി ഡ്രൈവര്‍മാര്‍ പറഞ്ഞു. ശംന ഇപ്പോഴും ഗര്‍ഭിണിയാണോ എന്നതില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. വിദഗ്ധ മെഡിക്കല്‍ പരിശോധനകളുമായി പോലീസ് മുന്നോട്ട് പോകുകയാണ്. അതേ സമയം ശംന പൂര്‍ണ ഗര്‍ഭിണിയയിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. അവശ നിലയിലായിരുന്നതിനാല്‍ പോലീസിന് ശംനയെ ചോദ്യം ചെയ്യാനായിട്ടില്ല.