Connect with us

Sports

കൊല്‍ക്കത്തക്ക് ജയം

Published

|

Last Updated

ബാംഗ്ലൂരിനെതിരെ അപ്പീല്‍ ചെയ്യുന്ന മുംബൈ ടീം

ജയ്പുര്‍: ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ തട്ടകത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.

സ്‌കോര്‍ : രാജസ്ഥാന്‍ 160/8 ; കൊല്‍ക്കത്ത 163/3.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ക്യാപ്റ്റന്‍ രഹാനെ (36), ഓപണര്‍ ഷോര്‍ട് (44) എന്നിവരുടെ മികവില്‍ മികച്ച തുടക്കമിട്ടു. എന്നാല്‍ മധ്യനിര മങ്ങിയത് തിരിച്ചടിയായി. 18 പന്തില്‍ 24 റണ്‍സുമായി പുറത്താകാതെ നിന്ന ബട്‌ലറാണ് സ്‌കോര്‍ 160 ലെത്തിച്ചത്.

കൊല്‍ക്കത്തക്കായി നരെയ്ന്‍ (35), ഉത്തപ്പ (48) മികച്ച തുടക്കമിട്ടു. ഓപണര്‍ ലിന്‍ പൂജ്യത്തിന് പുറത്ത്. റാണ (35), ദിനേശ് കാര്‍ത്തിക് (42) പുറത്താകാതെ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു.

മുംബൈ എക്കൗണ്ട് തുറന്നു

ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ആദ്യ ജയം സ്വന്തമാക്കി. ചൊവ്വാഴ്ച രാത്രി നടന്ന കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 46 റണ്‍സിനാണ് മുംബൈ കെട്ടിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടൂര്‍ണമെന്റില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്നതാണ് മുംബൈക്ക് വിജയം കൊണ്ടു വന്ന ആദ്യ ഘടകം. റണ്‍സെടുക്കും മുമ്പ് രണ്ടു വിക്കറ്റുകള്‍ നഷ്ടമായിട്ടും 200നു മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ മുംബൈയെ സഹായിച്ചത് രോഹിത്തും എവിന്‍ ലൂയിസുമാണ്.

ആദ്യ മൂന്നു മല്‍സരങ്ങളിലും തന്റെ യഥാര്‍ഥ ഫോമിലേക്കുയരാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പഴികേട്ട രോഹിത് ഇവയെല്ലാം ഒരൊറ്റ ഇന്നിംഗ്‌സില്‍ മാറ്റിമറിച്ചു.

ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ നടന്ന മത്സരത്തില്‍ വേഗം കുറഞ്ഞ ഇന്നിംഗ്‌സിന്റെ പേരില്‍ രോഹിത് പഴി കേട്ടിരുന്നു.

എവിന്‍ ലൂയിസിനൊപ്പം മൂന്നാം വിക്കറ്റില്‍ രോഹിത് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ലൂയിസ് മടങ്ങിയതോടെ രോഹിത് കൂടുതല്‍ ആക്രമകാരിയായി.

ഐപിഎല്ലിലെ ഏറ്റവും മികച്ച സ്പിന്‍ ജോടികളിലൊന്നായ യുവേന്ദ്ര ചഹലും വാഷിംഗ്ടണ്‍ സുന്ദറുമുണ്ടായിട്ടും മുംബൈയുടെ റണ്ണൊഴുക്ക് തടയുന്നതില്‍ ആര്‍സിബി പരാജയപ്പെട്ടു.

ഇരുവരും തീര്‍ത്തും നിരാശപ്പെടുത്തിയതോടെ മുംബൈ റണ്‍സ് വാരിക്കൂട്ടുകയായിരുന്നു. പവര്‍പ്ലേയില്‍ വാഷിംഗ്ടണ്‍ ആദ്യ ഓവറില്‍ തന്നെ 19 റണ്‍സ് വിട്ടുകൊടുത്തു. ചഹലിന്റെ സ്ഥിതി വ്യത്യസ്തമായിരുന്നില്ല. തുടര്‍ച്ചയായി രണ്ടു സിക്‌സറുകളാണ് ചഹലിനെതിരേ ലൂയിസ് പറത്തിയത്. ചഹലും വാഷിങ്ടണും കൂടി അഞ്ചോവറാണ് എറിഞ്ഞത്. 64 റണ്‍സ് ഇവര്‍ വഴങ്ങുകയും ചെയ്തു.

അവസാന അഞ്ചോവറില്‍ 70 റണ്‍സാണ് ആര്‍സിബി ബൗളര്‍മാര്‍ വിട്ടുകൊടുത്തത്. ക്രിസ് വോക്‌സും കോറി ആന്‍ഡേഴ്‌സനും ഒരു മയവുമില്ലാതെയാണ് അവസാന ഓവറുകളില്‍ റണ്‍സ് ദാനം ചെയ്തത്. 20 റണ്‍സാണ് അവസാന ഓവറില്‍ ആന്‍ഡേഴ്‌സന്‍ വഴങ്ങിയത്. ഒരോവറില്‍ രണ്ടു വിക്കറ്റ് 214 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ബാംഗ്ലൂരിന് മികച്ച തുടക്കം അനിവാര്യമായിരുന്നു.

ക്യാപ്റ്റന്‍ കോഹ്‌ലിയും ഓപ്പണിങ് പങ്കാളി ക്വിന്റണ്‍ ഡികോക്കും അര്‍ഹിച്ച തുടക്കം ബാംഗ്ലൂരിന് നല്‍കുകയും ചെയ്തു. ക്രുനാല്‍ പാണ്ഡ്യയുടെ പന്തുകള്‍ ആര്‍സിബി ബാറ്റ്‌സ്മാന്‍മാരെ വെള്ളംകുടിപ്പിച്ചു. കണിശതയാര്‍ന്ന ബൗളിങിലൂടെ പാണ്ഡ്യ ബാംഗ്ലൂര്‍ ബാറ്റിങ് നിരയെ വരിഞ്ഞു മുറുക്കുകയായിരുന്നു.

മന്‍ദീപ് സിങ്, കോറി ആന്‍ഡേഴ്‌സന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെ പാണ്ഡ്യ പുറത്താക്കുകയും ചെയ്തു. ഈ ഐപിഎല്ലില്‍ മുംബൈയുടെ കണ്ടുപിടുത്തമായ യുവ സ്പിന്നര്‍ മയാക്ക് മര്‍ക്കാന്‍ഡെയും മോശമാക്കിയില്ല. നാലോവറില്‍ 25 റണ്‍സിനു താരം ഒരു വിക്കറ്റെടുക്കുകയും ചെയ്തു.