ബി ജെ പിക്കെതിരെ യോജിച്ച മുന്നേറ്റം വേണമെന്ന് ഇടത് പാര്‍ട്ടികള്‍

Posted on: April 19, 2018 6:03 am | Last updated: April 18, 2018 at 11:50 pm

ഹൈദരാബാദ്: ബി ജെ പിക്കെതിരെ യോജിച്ച മുന്നേറ്റം വേണമെന്ന് വിവിധ ഇടത് പാര്‍ട്ടി നേതാക്കള്‍. സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടന ചടങ്ങിലാണ് നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്. ബി ജെ പി സര്‍ക്കാറിനെ താഴെയിറക്കാന്‍ മതേതര ജനാധിപത്യ ചിന്താഗതിക്കാരുടെ യോജിച്ച വേദി അനിവാര്യമാണെന്ന് സി പി ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി പറഞ്ഞു.

സമാന ചിന്താഗതിക്കാരെയെല്ലാം ഉള്‍പ്പെടുത്തിയ വിശാല സഖ്യമായിരിക്കണം. ബി ജെ പിക്കെതിരായ യോജിച്ച പോരാട്ടം കാലഘട്ടം ആവശ്യപ്പെടുന്നതാണ്. ജനധിപത്യ ധാരണകളെ മുന്‍നിര്‍ത്തിയുള്ള തിരഞ്ഞെടുപ്പ് സഖ്യമാണ് രൂപപ്പെടേണ്ടത്. അത്തരം സഖ്യത്തിന് നേതൃത്വം നല്‍കാന്‍ ഇടതിനേ കഴിയുകയുള്ളൂവെന്നത് ഇടതുപക്ഷത്തിന്റെ പ്രസക്തിയെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിന്റെ തകര്‍ച്ചയാണ് ബി ജെ പിയും ആര്‍ എസ് എസും ആഗ്രഹിക്കുന്നത്. ത്രിപുര, പശ്ചിമ ബംഗാള്‍, കേരളം തുടങ്ങിയ ഇടത് ശക്തി കേന്ദ്രങ്ങളില്‍ ഇടതുപക്ഷത്തെ തകര്‍ത്തെറിയുന്നതിനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. ഈ സാഹചര്യത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ശക്തി വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായി രാജ്യത്ത് ഇടത് മതേതര ജനാധിപത്യ ശക്തികളുടെ യോജിച്ച പോരാട്ടം അനിവാര്യമാണെന്ന് സി പി ഐ (എം എല്‍) ജനറല്‍ സെക്രട്ടറി ദിപന്‍ഖര്‍ ഭട്ടാചാര്യ പറഞ്ഞു. അത്തരം യോജിച്ച പോരാട്ടങ്ങള്‍ക്കുള്ള വേദികള്‍ ഒരുക്കുന്നതിനുള്ള ധാരണകളും സഖ്യങ്ങളും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടതുപക്ഷം ഒന്നിച്ചാല്‍ മാത്രമേ ഫാസിസ്റ്റ് ശക്തികളെ ഇല്ലാതാക്കാന്‍ കഴിയൂവെന്ന് ആര്‍ എസ് പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം മനോജ് ഭട്ടാചാര്യ പറഞ്ഞു. ഫോര്‍വേര്‍ഡ് ബ്ലോക്ക് സെക്രട്ടറി ജി ആര്‍ ശിവശങ്കര്‍ ഭട്ടാചാര്യ, എസ് യു സി ഐ പോളിറ്റ് ബ്യൂറോ അംഗം അസിത് ഭട്ടാചാര്യ എന്നിവരും സംസാരിച്ചു.