അന്താരാഷ്ട്ര യാത്രക്കാരില്‍ വര്‍ധന ലോകത്തെ തിരക്കേറിയ വിമാനത്താവളം ദുബൈ

Posted on: April 18, 2018 10:13 pm | Last updated: April 18, 2018 at 10:13 pm

ദുബൈ: അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ദുബൈ. ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് കൗണ്‍സില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ലണ്ടന്‍ ഹീത്രു, ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ രണ്ടും മൂന്നും സ്ഥാനത്തേക്ക് ദുബൈ പിന്തള്ളി. കഴിഞ്ഞ വര്‍ഷം 8.77 കോടി യാത്രക്കാരാണ് ദുബൈ വിമാനത്താവളത്തെ ആശ്രയിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 5.6 ശതമാനം യാത്രക്കാര്‍ വര്‍ധിച്ചു. ഹീത്രു വിമാനത്താവളത്തില്‍ 7.32ഉം ഹോങ്കോംഗില്‍ 7.25 കോടി യാത്രക്കാരുമെത്തി.

ആംസ്റ്റര്‍ഡാം സ്‌കിപോള്‍, ഫ്രാന്‍സിലെ ഷാര്‍ളെ ഡെഗോള്‍, സിംഗപ്പൂര്‍ ഷാംഗി, സൗത്ത് കൊറിയയിലെ ഇഞ്ചിയോണ്‍, ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്, തായ്‌ലാന്‍ഡ് സുവര്‍ണഭൂമി, തായ്‌വാനിലെ തായുവാന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ നാല് മുതല്‍ പത്ത് വരെ സ്ഥാനത്തെത്തിയത്.

2014ലാണ് ലണ്ടന്‍ ഹീത്രു വിമാനത്താവളത്തെ പിന്തള്ളി ദുബൈ ലോകത്ത് ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ആദ്യം മാറിയത്.

അതേസമയം ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരുടെ മൊത്തം കണക്കില്‍ ദുബൈ വിമാനത്താവളത്തിന് ലോകത്ത് മൂന്നാം സ്ഥാനമാണ്. അമേരിക്കയിലെ ഹാര്‍ട്‌സ്ഫീല്‍ഡ് അറ്റ്‌ലാന്റ വിമാനത്താവളമാണ് ഒന്നാമത്. 10.39 കോടിയാണ് അറ്റ്‌ലാന്റയിലെ ആഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാര്‍. ദുബൈയില്‍ ഇത് 8.82 കോടിയാണ്. രണ്ടാം സ്ഥാനത്തുള്ള ചൈനയിലെ ബീജിംഗ് വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം 9.58 കോടിയാണ്. ജപ്പാനിലെ ടോക്കിയോ, കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചെലസ്, ചിക്കാഗോയിലെ ഒഹെയ്ര്‍, ലണ്ടന്‍ ഹീത്രു, ഹോങ്കോംഗ്, ഷാംഗ്ഹായ് പുഡോംഗ്, ഫ്രാന്‍സിലെ ഷാര്‍ളെ ഡെഗോള്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ആദ്യ പത്തില്‍ ഇടം പിടിച്ചു.