Connect with us

Kerala

ശ്രീജിത്തിന്റെ കസ്റ്റഡിമരണം: മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചു

Published

|

Last Updated

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചു. ശ്രീജിത്തിനെ ഉരുട്ടിക്കൊലപ്പെടുത്തിയതാണെന്ന് സംശയമുയര്‍ന്ന സാഹചര്യത്തിലാണിത്. ശ്രീജിത്തിന് മര്‍ദനമേറ്റത് എങ്ങനെയെന്ന് കണ്ടെത്താനാണ് മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. കെ. ശശികല, ആലപ്പുഴ മെഡിക്കല്‍ കോളജിലെ ജനറല്‍ വിഭാഗം പ്രൊഫസര്‍ ഡോ. ഉണ്ണികൃഷ്ണന്‍ കര്‍ത്ത, തൃശൂര്‍ മെഡിക്കല്‍ കോളജ് ജനറല്‍ സര്‍ജറി വിഭാഗം അഡീ. പ്രൊഫസര്‍ ഡോ. ശ്രീകുമാര്‍, കോഴിക്കോട് മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി പ്രൊഫസര്‍ ഡോ.പ്രതാപന്‍, കോട്ടയം മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗം പ്രൊഫസര്‍ ഡോ. ജയകുമാര്‍ എന്നിവരാണ് മെഡിക്കല്‍ ബോര്‍ഡിലെ അംഗങ്ങള്‍. ക്രൈം ബ്രാഞ്ചിന്റെ കത്തിനെ തുടര്‍ന്ന് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ശ്രീജിത്തിന്റെ ശരീരത്തില്‍ മൂന്നാം മുറ പ്രയോഗിക്കാന്‍ ആയുധം ഉപയോഗിച്ചിരിക്കാമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് ഉരുട്ടിക്കൊല നടന്നുവെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നത്. ഇരു തുടകളിലും ഒരു പോലെ ചതവുകള്‍ ഉണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
ശ്രീജിത്തിന്റെ പേശികള്‍ക്ക് അസാധാരണമായ ചതവുകളുണ്ടെന്നും ശരീരത്തില്‍ ഉരഞ്ഞ പാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആയുധമുപയോഗിച്ചാണ് ശ്രീജിത്തിനെ മര്‍ദിച്ചതെന്നുള്ള സൂചനയും റിപ്പോര്‍ട്ടിലുണ്ട്. ഇതിനാല്‍ ലാത്തി പോലുള്ള എന്തോ വസ്തു ഉപയോഗിച്ച് ഉരുട്ടിയെന്നാണ് സംശയിക്കുന്നത്. ശ്രീജിത്തിന് പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനമേറ്റിരുന്നതായും മര്‍ദനത്തില്‍ ചെറുകുടല്‍ തകര്‍ന്നതാണ് മരണ കാരണമെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.