ആഡംബര വാഹന നികുതി: 300 ഉടമകള്‍ 26 കോടി പിഴയൊടുക്കി

ലഭിക്കാനുള്ളത് 150 കോടി
Posted on: April 18, 2018 6:17 am | Last updated: April 18, 2018 at 12:26 am

തിരുവനന്തപുരം: ആഡംബര നികുതി വെട്ടിച്ച് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ലക്ഷ്വറി വാഹനങ്ങളുടെ നികുതി ഇനത്തില്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കിയത് 26 കോടി രൂപ. ഇനിയും 150 കോടി രൂപ ആഡംബര വാഹനങ്ങള്‍ നികുതി ഇനത്തില്‍ അടക്കാനുണ്ട്. ഇക്കാലയളവില്‍ പണക്കാരും സെലിബ്രിറ്റികളുമുള്‍പ്പെടെ 300 വാഹനങ്ങളുടെ ഉടമകളാണ് പിഴയടച്ച് രജിസ്‌ട്രേഷന്‍ ക്രമപ്പെടുത്തിയത്.
പോണ്ടിച്ചേരി ഉള്‍പ്പെടെ കേന്ദ്രഭരണ പ്രദേശങ്ങളില്‍ വ്യാജ രേഖകളും മറ്റും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത 300 ഓളം വാഹന ഉടമകളാണ് കേരളത്തില്‍ നികുതി അടച്ച് നിയമ നടപടികള്‍ ഒഴിവാക്കാനായി ബജറ്റില്‍ വെച്ച നിര്‍ദേശം പാലിച്ചത്.

സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ്് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത 10 വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു.
ഇതില്‍ നാല് വാഹനങ്ങള്‍ കോഴിക്കോട് നിന്നാണ് പിടിച്ചെടുത്തത്. ഇതില്‍ രണ്ട് വാഹനങ്ങളുടെ ഉടമകള്‍ കേരളത്തിലെ നികുതി അടച്ച് ക്രിമിനല്‍ നടപടിയില്‍ നിന്ന് ഒഴിവായി. ഈ മാസം 30 വരെ നികുതി അടക്കാന്‍ സമയം നല്‍കിയിട്ടുണ്ടെങ്കിലും അതു വരെ കാക്കാതെ നടപടിയുമായി മുന്നോട്ടു പോകാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത 7500ലേറെ ആഡംബര കാറുകള്‍ കേരളത്തില്‍ ഗതാഗത നിയമ ലംഘനം നടത്തിയതായി മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് വാങ്ങി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ആഡംബര കാറുകളുടെ ഗതാഗത നിയമ ലംഘനമാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചത്. 1500ലേറെ കാറുകളാണ് ഇക്കാലയളവില്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പു നടത്തിയതെന്നാണ് വകുപ്പിലെ കണക്ക്. ക്രൈംബ്രാഞ്ച് കണക്ക് പ്രകാരം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 7000 ത്തിലേറെ കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കാറുകള്‍ ദേശീയ പാതയില്‍ അമിത വേഗത്തില്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറകള്‍ പകര്‍ത്തിയിരുന്നു. ചലച്ചിത്ര താരങ്ങളായ സുരേഷ് ഗോപി, ഫഹദ് ഫാസില്‍, അമല പോള്‍ എന്നിവര്‍ക്ക് പുറമെ ജനജാഗ്രതാ യാത്രയില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച സ്വര്‍ണ കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസലിന്റെ വണ്ടി പത്തിലേറെ പ്രാവശ്യം ഇത്തരത്തില്‍ നിയമ ലംഘനം നടത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അമിത വേഗത്തില്‍ ഓടുന്ന കാറിന്റെ ചിത്രം, ദിവസം, സമയം എന്നിവയടക്കം പോണ്ടിച്ചേരിയിലെ രജിസ്‌ട്രേഡ് ഉടമയുടെ പേരില്‍ പിഴ ഈടാക്കാനായി നോട്ടീസ് അയച്ചു. മറ്റു ചിലര്‍ 50ലേറെ പ്രാവശ്യം ഇത്തരം നിയമലംഘനം നടത്തി. എന്നാല്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ നോട്ടീസുകള്‍ മടങ്ങി.

ഈ സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് പോണ്ടിച്ചേരിയില്‍ നിന്നു ശേഖരിച്ച കാര്‍ ഉടമയുടെ കേരളത്തിലെ വിലാസത്തില്‍ നോട്ടീസ് അയക്കാനാണ് തീരുമാനം. ഉടമ പിഴ അടച്ചില്ലെങ്കില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഉടമ അല്ല ആ സമയത്ത് കാര്‍ ഓടിച്ചതെങ്കില്‍ ഡ്രൈവറുടെ വിലാസം നല്‍കണം. അതു ചെയ്താല്‍ പിഴ ഈടാക്കി ഡ്രൈവറുടെ ലൈന്‍സന്‍സ് റദ്ദാക്കും.

വ്യാജ വിലാസത്തിലും രേഖകള്‍ ചമച്ചും കേരളത്തില്‍ നിന്ന് വാങ്ങി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറുകളുടെ മുഴുവന്‍ രേഖകളും മോട്ടോര്‍ വാഹന വകുപ്പ് ശേഖരിച്ചു. ഇവര്‍ക്കെല്ലാം വെട്ടിച്ച നികുതിയും പിഴയും അടക്കാനും വാഹനം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാനും നോട്ടീസ് അയച്ചു. ഇതു പാലിക്കുന്നവരെ തുടര്‍ നടപടിയില്‍ നിന്ന് ഒഴിവാക്കും. അല്ലാത്ത പക്ഷം ഈ കേസുകള്‍ ക്രൈംബ്രാഞ്ചിനു കൈമാറും. വാഹനം കേരളത്തില്‍ ഓടുന്നതു കണ്ടാല്‍ പിടിച്ചെടുക്കാനും ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ട്.