അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെത്തി

Posted on: April 17, 2018 10:01 am | Last updated: April 17, 2018 at 12:01 pm

വാഷിംഗ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വാഹനം നദിയില്‍ വീണ് കാണാതായ മലയാളി കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. സന്ദീപ് തോട്ടപ്പിളളി, മകള്‍ സാച്ചി, മകന്‍ സിദ്ധാന്ത് എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. സന്ദീപിന്റെ ഭാര്യ സൗമ്യയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കാറിനുള്ളില്‍ നിന്നാണ് സന്ദീപിന്റേയും മകള്‍ സാച്ചിയുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങളുടെ അവസ്ഥ മോശമായതിനാല്‍ ഇന്ത്യയിലെത്തിക്കാന്‍ കഴിയില്ലെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

യൂനിയന്‍ ബേങ്ക് വൈസ് പ്രസിഡന്റായ സന്ദീപ് തോട്ടപ്പിള്ളിയേയും കുടുംബത്തേയും ഈ മാസം ആറ് മുതലാണ് കാണാതായത്. ഇവര്‍ സഞ്ചരിച്ച വാഹനം ഈല്‍ നദിയില്‍ വീണാണ് അപകടമുണ്ടായത്. തുടര്‍ന്ന് നദിയില്‍ വ്യാപകമായ തിരച്ചില്‍ നടത്തി. പക്ഷേ, ശക്തമായ കാറ്റും മഴയും തിരച്ചില്‍ ദുഷ്‌കരമാക്കി. വാഹനത്തിന്റെ ഭാഗങ്ങളും ചില വസ്തുക്കളും തിരച്ചിലിനിടെ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

ഈ മാസം ആറിന് ഉച്ചക്ക് ഓറിഗനിലെ പോര്‍ട്‌ലാന്‍ഡില്‍നിന്ന് സനോസെയിലേക്കു പോകുന്നതിനിടെയാണ് അപകടം. റോഡിനോടു ചേര്‍ന്നു കരകവിഞ്ഞൊഴുകിയ ഈല്‍ നദിയിലേക്ക് ഇവരുടെ കാര്‍ വീഴുകയായിരുന്നു. ദക്ഷിണ കാലിഫോര്‍ണിയയിലെ വലന്‍സിയയിലായിരുന്നു ഇവരുടെ താമസം.