വരാപ്പുഴ കസ്റ്റഡി മരണം: സി ബി ഐക്ക് കൈമാറണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Posted on: April 17, 2018 6:21 am | Last updated: April 17, 2018 at 12:39 am

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണം എത്രയും വേഗം സി ബി ഐക്ക് കൈമാറണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പി മോഹന്‍ദാസ് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. യഥാര്‍ഥ പ്രതികളെ ദിവസങ്ങള്‍ക്ക് ശേഷവും അറസ്റ്റ് ചെയ്യാനാവാതെ അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുകയാണ്. ആശ്രിതര്‍ക്ക് പത്ത് ലക്ഷം രുപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. ശ്രീജിത്തിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. ഭാര്യയും മൂന്ന് വയസുമുള്ള പെണ്‍കുട്ടിയും വൃദ്ധ മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന് നഷ്ടമായത് ഏക അത്താണിയാണ്.

ശ്രീജിത്തിനെ കസ്റ്റഡിയില്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥരെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണം. തുടര്‍ന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യണമെന്നും കമ്മീഷന്‍ അവശ്യപ്പെട്ടു. ശ്രീജിത്തിന് മര്‍ദനമേറ്റത് ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട്ടില്‍ നടന്ന അടിപിടിക്കിടയിലാണെന്ന ആലുവ റൂറല്‍ എസ് പിയുടെ പ്രസ്താവന ദുരൂഹമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

അന്വേഷണത്തിന് മുമ്പ് എസ് പി തലത്തിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത് എങ്ങനെയാണെന്ന് കമ്മീഷന്‍ ചോദിച്ചു. എസ് പിയുടെ അറിവോടെയാണ് അദേഹത്തിന്റെ ടാക്സ് ഫോഴ്സിലെ ഉദ്യോഗസ്ഥര്‍ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതെന്നും കമ്മീഷന്‍ വിലയിരുത്തി. സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനക്ക് ശേഷം ശ്രീജിത്തിനെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കാതെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയത് ദുരൂഹമാണ്.

ഇതു സംബന്ധിച്ച് പോലീസ് പറയുന്ന കാരണങ്ങള്‍ മുഖവിലക്കെടുക്കാനാവില്ല. പ്രത്യേക അന്വേഷണ സംഘം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമിക്കുകയാണോ എന്ന് കമ്മീഷന്‍ സംശയം പ്രകടിപ്പിച്ചു. പ്രത്യേക അന്വേഷണ സംഘം പൂര്‍ണ പരാജയമാണെന്ന് തെളിയിച്ചു കഴിഞ്ഞു. ഏതാനും പോലീസ് ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്തത് കൊണ്ട് ആരും സായൂജ്യമടയില്ലെന്നും ഉത്തരവില്‍ പറയുന്നു.