ഇസ്‌റാഈല്‍ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ച യു എസ് നടപടി നിയമവിരുദ്ധം, അസാധു: അറബ് ഉച്ചകോടി

Posted on: April 17, 2018 12:05 am | Last updated: April 26, 2018 at 9:34 pm
സഊദി അറേബ്യയില്‍ നടന്ന അറബ് ഉച്ചകോടിയില്‍ പങ്കെടുത്ത
അറബ് രാഷ്ട്രത്തലവന്‍മാര്‍

റിയാദ്: ഇസ്‌റാഈലിന്റെ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ച അമേരിക്കയുടെ നടപടി നിയമവിരുദ്ധവും നിലനില്‍പ്പില്ലാത്തതുമെന്ന് സഊദി അറേബ്യയില്‍ നടന്ന അറബ് ലീഗ് ഉച്ചകോടി. ഈ നീക്കത്തോടുള്ള അറബ് രാജ്യങ്ങളുടെ പ്രതിഷേധമെന്ന നിലയില്‍ അറബ് ഉച്ചകോടിക്ക് ഖുദ്‌സ് ഉച്ചകോടി എന്നാണ് പേരിട്ടിരുന്നത്. അമേരിക്കന്‍ എംബസി ജറൂസലമിലേക്ക് മാറ്റുമെന്നുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവന അന്താരാഷ്ട്രതലത്തില്‍ വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. ഫലസ്തീനികളുടെ ഭൂമിയില്‍ നിന്ന് വേര്‍പ്പെടുത്താനാകാത്ത ഒരു ഭാഗമാണ് കിഴക്കന്‍ ജറൂസലമെന്ന് ഉച്ചകോടിയുടെ സമാപനത്തില്‍ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു.

അതേസമയം, സിറിയയില്‍ ബശര്‍ അല്‍ അസദ് സൈന്യം നടത്തിയ രാസായുധ ആക്രമണത്തിന്റെ പേരില്‍ അമേരിക്ക നടത്തിയ മിസൈല്‍ ആക്രമണത്തെ സംബന്ധിച്ച് അറബ് ഉച്ചകോടി ഒന്നും ചര്‍ച്ച ചെയ്തില്ല. രാസായുധം നിര്‍മിക്കുന്നുവെന്ന് പറയപ്പെടുന്ന മൂന്ന് മേഖലകളില്‍ അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും സംയുക്തമായി ആക്രമണം നടത്തിയതിന്റെ ഒരു ദിവസം കഴിഞ്ഞാണ് ഉച്ചകോടി നടന്നത്. സിറിയയിലെ ആഭ്യന്തര യുദ്ധവും സംഘര്‍ഷവും ഉച്ചകോടിക്കിടെ ചര്‍ച്ച ചെയ്തുവെങ്കിലും അമേരിക്കന്‍ ആക്രമണത്തെ കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്ന് ഉച്ചകോടി വക്താവ് അറിയിച്ചു. സിറിയയിലെ രാസായുധ ആക്രമണത്തെ ഉച്ചകോടി വിമര്‍ശിക്കുന്നതോടൊപ്പം അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതായും സഊദി വിദേശകാര്യ മന്ത്രി ആദില്‍അല്‍ജുബൈര്‍ ഉച്ചകോടിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദ് അറബ് ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നില്ല. 2011ല്‍ അറബ് ഉച്ചകോടിയില്‍ നിന്ന് സിറിയയെ പുറത്താക്കിയിരുന്നു. സിറിയയില്‍ അമേരിക്ക നടത്തിയ മിസൈല്‍ ആക്രമണം ചര്‍ച്ചയില്‍ ഇല്ലാതിരുന്നത് വിചിത്രമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. അതുപോലെ ഖത്വറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധവും ഉച്ചകോടിക്കിടെ ചര്‍ച്ചയായില്ല. ഇത് വലിയ വിഷയമല്ലെന്നും അതുകൊണ്ടാണ് ചര്‍ച്ച ചെയ്യാതിരുന്നതെന്നും സഊദി വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഖത്വര്‍ അമീര്‍ ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നില്ല. അതേസമയം, അറബ് ലീഗിന്റെ ഖത്വര്‍ പ്രതിനിധി യോഗത്തില്‍ ഉണ്ടായിരുന്നു.