മക്ക മസ്ജിദ് സ്‌ഫോടനം: വിധി പറഞ്ഞ ജഡ്ജി മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവെച്ചു

Posted on: April 16, 2018 7:23 pm | Last updated: April 17, 2018 at 12:51 am
SHARE

ഹൈദരാബാദ്: മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ വിധി പറഞ്ഞ എന്‍ ഐ എ കോടതി ജഡ്ജി ജസ്റ്റീസ് രവീന്ദര്‍ റെഡ്ഡി മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവച്ചു. കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ടതായി വിധിച്ചാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത് എന്നത് ദുരൂഹതയുണര്‍ത്തുന്നതാണ്. രാജിക്ക് പിന്നിലെ കാരണം വ്യക്തമല്ല.

കേസില്‍ പ്രതികള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വാമി അസീമാനന്ദ അടക്കമുള്ള അഞ്ച് പ്രതികളേയും എന്‍ ഐ എ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്‍ ഐ എ സ്‌പെഷ്യല്‍ ജഡ്ജിയാണ് വിധി പറഞ്ഞ് രാജിവെച്ച രവീന്ദര്‍ റെഡ്ഡി.

വിധി പറഞ്ഞതിനു പിന്നാലെ ജഡ്ജി അവധിക്ക് അപേക്ഷ നല്‍കുകയും പിന്നീട് ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനു രാജി സമര്‍പ്പിക്കുകയുമായിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജിയെന്നാണു റിപ്പോര്‍ട്ട്.

പതിനൊന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹൈദരാബാദിലെ ചാര്‍മിനാറിനടുത്തുള്ള രാജ്യത്തെ പ്രമുഖ ആരാധനാലയമായ മക്കാ മസ്ജിദില്‍ വെള്ളിയാഴ്ച നിസ്‌ക്കാരത്തിനിടെയാണു കേസിനാസ്പദമായ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ഒന്‍പതു പേര്‍ മരിക്കുകയും 58 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബോബി എന്ന ദേവേന്ദ്ര ഗുപ്ത, അജയ് തിവാരി എന്ന ലോകേഷ് ശര്‍മ, നബാകുമാര്‍ ശര്‍മ എന്ന സ്വാമി അസീമാനന്ദ, ഭാരത് ബായ് എന്ന ഭാരത് മോഹാല്‍ രാദേശ്വര്‍, രജീന്ദര്‍ ചൗധരി എന്നിവരായിരുന്നു കേസിലെ പ്രതികള്‍. സന്ദീപ് വി.ഡാങ്കെ, രാമചന്ദ്ര കല്‍സന്‍ഗ്ര എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. സുനില്‍ ജോഷി എന്ന പ്രതി വിചാരണയ്ക്കിടെ മരിച്ചു. കേസില്‍ 226 സാക്ഷികളെ ഹാജരാക്കിയിരുന്നെങ്കിലും മലേഗാവ് സ്‌ഫോടനകേസിലെ പ്രതിയ ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത് ഉള്‍പ്പെടെ 64 പേര്‍ വിചാരണ സമയത്ത് മൊഴി മാറ്റി.

കേസ് ലോക്കല്‍ പോലീസാണ് ആദ്യം അന്വേഷിച്ചത്. പിന്നീട് കേസ് സിബിഐ ഏറ്റെടുത്തു. ലഷ്‌കര്‍ ഇ തോയ്ബ പോലുള്ള ഭീകര സംഘടനകളുടെ പങ്ക് ആദ്യം സംശയിച്ച സിബിഐ പിന്നീട് സ്വാമി അസീമാനന്ദയുടെ നേതൃത്വത്തിലുള്ള അഭിനവ് ഭാരത് എന്ന ഹിന്ദു തീവ്രവാദ സംഘടനയാണ് സ്‌ഫോടനത്തിന് പിന്നിലെന്നു കണ്ടെത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here