ഛേത്രിക്ക് ഹാട്രിക്ക്; ബെംഗളുരു സെമിയില്‍

Posted on: April 14, 2018 6:25 am | Last updated: April 14, 2018 at 12:28 am

കൊല്‍ക്കത്ത: സുനില്‍ ഛേത്രിയുടെ ഹാട്രിക്ക് മാജിക്കില്‍ ബെംഗളുരു എഫ് സി സൂപ്പര്‍ കപ്പ് സെമി ഫൈനലില്‍ പ്രവേശിച്ചു.
നെറോക എഫ് സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബെംഗളുരു തുരത്തിയത് സൂപ്പര്‍ സ്‌ട്രൈക്കറുടെ മികവില്‍. സെമിയില്‍ മോഹന്‍ ബഗാനാണ് ബെംഗളുരുവിന്റെ എതിരാളി.

കിക്കോഫ് തൊട്ട് ആക്രമിച്ചു കളിച്ച ബെംഗളുരു പതിമൂന്നാം മിനുട്ടില്‍ ഛേത്രിയുടെ ഹെഡര്‍ ഗോളില്‍ മുന്നില്‍ കയറി.
ലീഡ് നേടിയതോടെ ബെംഗളുരു ഗ്രൗണ്ടിന്റെ നാല് പാടും പന്തെത്തിച്ച് ആധിപത്യം സ്ഥാപിച്ചു.

മനോഹരമായ പാസിംഗ് ഗെയിം അവര്‍ പുറത്തെടുത്തു. വിംഗുകളിലേക്ക് പന്തെത്തിച്ച് ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടിയ മികുവിന്റെ പ്രകടനം മികവുറ്റതായിരുന്നു. എന്നാല്‍, ആദ്യപകുതിയിലെ അവസാന മിനുട്ടില്‍ ബെംഗളുരു ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവിന് പറ്റിയ പിഴവ് നെറോക ഗോളാക്കി മാറ്റി.

ഫ്രീകിക്ക് ബോള്‍ കൈയ്യിലൊതുക്കുന്നതില്‍ ഗുര്‍പ്രീതിന് പിഴച്ചപ്പോള്‍ അവസരം കാത്തു നിന്ന പ്രിതം സിംഗ് വല കുലുക്കി. രണ്ടാം പകുതിയില്‍ അമ്പത്തഞ്ചാം മിനുട്ടില്‍ ഛേത്രിയുടെ കൂള്‍ ഫിനിഷിംഗില്‍ ബെംഗളുരു 2-1ന് മുന്നില്‍ കയറി. മികുവിന്റെ അളന്ന് തൂക്കിയ പാസ് ഛേത്രിക്ക് നെറോക ഗോളി ഥാപയെ കബളിപ്പിച്ച് വലയിലാക്കാന്‍ അനായാസം സാധിച്ചു.

പകരക്കാരനായിറങ്ങിയ ടോണി ഡൊവലിന്റെ പാസില്‍ ഛേത്രി തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി. ബെംഗളുരുവിനായി ഛേത്രിയുടെ രണ്ടാം ഹാട്രിക്ക്.

പ്രീക്വാര്‍ട്ടറില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിറകില്‍ നിന്ന നെറോക മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാണ് ക്വാര്‍ട്ടര്‍ ബെര്‍ത് ഉറപ്പിച്ചത്.

അതുപോലൊരു തിരിച്ചുവരവ് ബെംഗളുരുവിന്റെ ശക്തമായ പ്രതിരോധ നിരക്ക് മുന്നില്‍ വ്യര്‍ഥമായി.
ഏപ്രില്‍ പതിനേഴിന് ബെംഗളുരു-ബഗാന്‍ സെമി. എഫ് സി ഗോവയും ഈസ്റ്റ്ബംഗാളും തമ്മിലാണ് രണ്ടാം സെമി.