Connect with us

National

ബി ജെ പി കൂട്ടുകെട്ട് തെറ്റായെന്ന് മെഹ്ബൂബ മുഫ്തിയുടെ സഹോദരന്‍

Published

|

Last Updated

ജമ്മു: ബി ജെ പിയുമായി പി ഡി പി കൈകോര്‍ത്ത കുറ്റത്തിന് ഒരു കശ്മീരി തലമുറ മുഴുവന്‍ അവരുടെ രക്തം കൊണ്ട് വില നല്‍കുകയാണെന്ന് ജമ്മു കശ്മീര്‍ മന്ത്രിയും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ സഹോദരനുമായ തസദുഖ് മുഫ്തി. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും പി ഡി പിയിലാകമാനമുള്ള വികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, മന്ത്രിയുടെ അഭിപ്രായത്തിന് പിന്തുണയറിയിച്ച് രണ്ട് പി ഡി പി നേതാക്കള്‍ രംഗത്തെത്തി.

ഭരണത്തിലിരിക്കുമ്പോള്‍ തങ്ങള്‍ വിശ്വസിക്കപ്പെടുന്നില്ലെന്നതാണ് ഇന്നത്തെ ഭീഷണി. ഈ മേഖല പുനര്‍നിര്‍മിക്കുന്നതില്‍ പങ്കാളിയായെന്നാണ് പൊതുവെ കരുതപ്പെട്ടത്. ദുഃഖത്തോടെ സമ്മതിക്കട്ടെ, ഉത്തരവാദിത്തം നിര്‍വഹിക്കാതെ വന്നതോടെ കശ്മീരി ജനതയുടെ രക്തം മുഴുവന്‍ വിലയൊടുക്കേണ്ട ഒരു തെറ്റില്‍ പങ്കാളികളായിരിക്കുകയാണ്. പ്രശ്‌നം അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറാകണം. സംഘര്‍ഷാവസ്ഥ ഇല്ലാതാക്കി രാഷ്ട്രീയ പ്രവര്‍ത്തനം തുടരാന്‍ സാഹചര്യമൊരുക്കണം. സഖ്യവേളയിലെ ഉത്തരവാദിത്തങ്ങള്‍ നടപ്പാക്കണം. അത് പരാജയപ്പെടുന്ന പക്ഷം, അര്‍ഹതയില്ലാത്തവരോടൊപ്പം അറിവില്ലാതെ കൂട്ടുകൂടിയതിന് ജനങ്ങളോട് പി ഡി പി മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

പി ഡി പി നേതാവും പൊതുമരാമത്ത് മന്ത്രിയുമായ നഈം അക്തര്‍, മറ്റൊരു നേതാവ് നിസാമുദ്ദീന്‍ ഭട്ട് എന്നിവരാണ് തസദുഖ് മുഫ്തിക്ക് പിന്തുണയുമായി രംഗത്തെത്തിയത്.