സര്‍ക്കാര്‍ വിജ്ഞാപനത്തിലെ ശമ്പള സ്‌കെയില്‍ നടപ്പിലാക്കണം നഴ്‌സുമാര്‍ വീണ്ടും സമരത്തിന്

Posted on: April 13, 2018 6:07 am | Last updated: April 13, 2018 at 12:42 am

തൃശൂര്‍: സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിലെ ശമ്പള സ്‌കെയില്‍ പൂര്‍ണമായും ഉടന്‍ നടപ്പാക്കണമെന്നും കെ വി എം ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് നഴ്‌സുമാരുടെ പ്രക്ഷോഭം ശക്തമാക്കാന്‍ തൃശൂരില്‍ ചേര്‍ന്ന യു എന്‍ എ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. കരട് വിജ്ഞാപനം അട്ടിമറിക്കുന്ന മിനിമം വേജസ് അഡൈ്വസറി ബോര്‍ഡിന്റെ നിലപാടിനെതിരെ ഇന്ന് ബോര്‍ഡ് യോഗം നടക്കുന്ന കൊല്ലം ഗവ. ഗസ്റ്റ് ഹൗസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ഇതേ ആവശ്യമുന്നയിച്ച് ഏപ്രില്‍ 16 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിക്കും. ഏപ്രില്‍ 24 മുതല്‍ സമ്പൂര്‍ണമായും പണിമുടക്കുന്ന നഴ്‌സുമാര്‍ അന്നുമുതല്‍ ഡ്രാഫ്റ്റ് പ്രകാരമുള്ള വിജ്ഞാപനം വരുന്നത് വരെ സെക്രട്ടേറിയറ്റ് പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തും. കരട് വിജ്ഞാപന ഉത്തരവ് അട്ടിമറിക്കാനുള്ള മിനിമം വേജസ് അഡൈ്വസറി ബോര്‍ഡിന്റെ തീരുമാനത്തെ ശക്തമായ പോരാട്ടത്തിലൂടെ ചെറുത്ത് തോല്‍പ്പിക്കാനും തീരുമാനിച്ചു.

പ്രസിഡന്റ് ജാസ്മിന്‍ഷ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സുജനപാല്‍ അച്യുതന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രക്ഷാധികാരി വത്സന്‍ രാമംകുളത്ത്, ദേശീയ ജന. സെക്രട്ടറി സുധീപ് എം വി, സംസ്ഥാന ട്രഷറര്‍ ബിബിന്‍ എന്‍ പോള്‍, വര്‍ക്കിംഗ് പ്രസിഡന്റ് ഷോബി ജോസഫ്, വര്‍ക്കിംഗ് സെക്രട്ടറി ബെ ല്‍ജോ ഏലിയാസ് പ്രസംഗിച്ചു.

തൊഴില്‍ സംബന്ധമായി വിദേശത്ത് പോകുന്ന ദേശീയ ട്രഷറര്‍ അനീഷ് മാത്യു വേരനാനി (കാനഡ), ദേശീയ ജോ. സെക്ര. ജിഷ ജോര്‍ജ് (ഖത്തര്‍) എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.