Connect with us

International

റോഹിംഗ്യകള്‍ക്ക് തിരിച്ചുപോകാന്‍ മ്യാന്മര്‍ ഇപ്പോഴും സുരക്ഷിതമല്ലെന്ന് യു എന്‍

Published

|

Last Updated

ധാക്ക: മ്യാന്മര്‍ സൈന്യത്തിന്റെയും ബുദ്ധ തീവ്രവാദികളുടെയും ക്രൂരതകളെ തുടര്‍ന്ന് രാജ്യം വിടേണ്ടിവന്ന റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് ആശ്വാസം നല്‍കുന്നതിന്റെ ഭാഗമായി മ്യാന്മറിലെ മന്ത്രിമാര്‍ ബംഗ്ലാദേശിലെ മ്യാന്മര്‍ അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. അതേസമയം, റോഹിംഗ്യന്‍ വംശജര്‍ക്ക് മാതൃരാജ്യത്തേക്ക് മടങ്ങിപ്പോകാനാകുന്ന സാഹചര്യം ഇപ്പോള്‍ ആയിട്ടില്ലെന്നും യു എന്നിന്റെ അഭയാര്‍ഥിവിഷയം കൈകാര്യം ചെയ്യുന്ന യു എന്‍ എച്ച് ആര്‍ സി കമ്മീഷണര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മ്യാന്‍മര്‍ സോഷ്യല്‍വെല്‍ഫെയര്‍ മന്ത്രി വിന്‍ മ്യാത് ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ചിരുന്നു. അഭയാര്‍ഥികളെ തിരിച്ചുകൊണ്ടുപോകാനുള്ള നടപടികള്‍ക്ക് മുന്‍ഗണന കൊടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മ്യാന്മര്‍ അഭയാര്‍ഥികളെ തിരിച്ചെടുക്കാന്‍ ഒരുങ്ങിയിട്ടില്ലെന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്. അഭയാര്‍ഥികള്‍ക്ക് സുരക്ഷിതവും സുസ്ഥിരവുമായ ഒരു സാഹചര്യം ഇതുവരെയും മ്യാന്മറില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല. അത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം മ്യാന്മര്‍ സര്‍ക്കാറിന് തന്നെയാണെന്നും യു എന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ആഗസ്റ്റ് മുതല്‍ മ്യാന്മര്‍ സൈന്യത്തിന്റെയും ബുദ്ധ തീവ്രവാദികളുടെയും ക്രൂരമര്‍ദനത്തെ തുടര്‍ന്ന് ഏഴ് ലക്ഷത്തിലധികം അഭയാര്‍ഥികള്‍ ബംഗ്ലാദേശിലേക്ക് മാത്രം കുടിയേറിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍. ഇതിന് പുറമെ വംശീയ ശുദ്ധീകരണത്തിന്റെ ഭാഗമായി നിരവധി റോഹിംഗ്യനുകളെ ബുദ്ധ തീവ്രവാദികള്‍ കൊന്നതായും ഐക്യരാഷ്ട്ര സഭ വെളിപ്പെടുത്തിയിരുന്നു.