Connect with us

Gulf

വേള്‍ഡ് എക്‌സ്‌പോയില്‍ ഇന്ത്യന്‍ പങ്കാളിത്തം

Published

|

Last Updated

ഇന്ത്യന്‍ വാണിജ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി മനോജ് കെ ദ്വിവേദിയും ദുബൈ എക്‌സ്‌പോ 2020 ബ്യൂറോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നജീബ് മുഹമ്മദ് അല്‍ അലിയും കരാറൊപ്പുവെക്കുന്നു

ദുബൈ: ദുബൈ വേള്‍ഡ് എക്‌സ്്‌പോ 2020യില്‍ വന്‍പദ്ധതികളുമായി ഇന്ത്യ. എക്‌സ്‌പോയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്ന് ഇന്ത്യയുടേതാകും. ഇതുസംബന്ധിച്ച കരാറില്‍ ഇന്ത്യയുടെ വാണിജ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി മനോജ് കെ ദ്വിവേദിയും ദുബൈ എക്‌സ്‌പോ 2020 ബ്യൂറോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നജീബ് മുഹമ്മദ് അല്‍ അലിയും ഒപ്പുവച്ചു.

യു എ ഇ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി, ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എക്‌സ്‌പോ ഇന്ത്യന്‍ മേഖലയുടെ ഡയറക്ടര്‍ ജനറല്‍ ആയി വാണിജ്യ മന്ത്രാലയം സ്‌പെഷല്‍ സെക്രട്ടറി ബിനോയ് കുമാറിനെ ഇന്ത്യാ ഗവണ്‍മെന്റ് നിയമിച്ചു. എക്‌സ്‌പോയില്‍ ഇന്ത്യ പങ്കെടുക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവേളയില്‍ ധാരണയായിരുന്നു. എക്‌സ്‌പോയില്‍ അവസരം ലഭ്യമാക്കാന്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും മന്ത്രാലയങ്ങളും വ്യവസായ സ്ഥാപനങ്ങളും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

എക്‌സ്‌പോയിലെ പവലിയനില്‍, മെഗാ ഇന്ത്യയാകും ഒരുങ്ങുക. സാങ്കേതിക മേഖലകളിലടക്കം ഇന്ത്യയുടെ മുന്നേറ്റവും സാംസ്‌കാരിക വൈവിധ്യങ്ങളും ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്താനും ഇന്ത്യയിലെ സാധ്യതകള്‍ വിളംബരം ചെയ്യാനും എക്‌സ്‌പോയിലെ പ്രാതിനിധ്യം സഹായകമാകും.

നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), ഹരിത ഊര്‍ജ പദ്ധതികള്‍, ബഹിരാകാശ സംരംഭങ്ങള്‍, മെയ്ക് ഇന്‍ ഇന്ത്യ, സ്മാര്‍ട് സിറ്റി, ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് പദ്ധതി എന്നിവയെക്കുറിച്ചു കൂടുതല്‍ അവബോധം നല്‍കാനും സാധിക്കും. ഓരോ രംഗത്തെയും മുന്നേറ്റവും അവസരങ്ങളും വിശദീകരിക്കാന്‍ കഴിയുംവിധമാകും ക്രമീകരണം. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെയാകും പവിലിയന്‍ നിര്‍മാണം. ഇന്ത്യയും യുഎഇയും തമ്മിലുള്ള അടുത്ത ബന്ധം എക്‌സ്‌പോയില്‍ ഇരുരാജ്യങ്ങള്‍ക്കും മുതല്‍ക്കൂട്ടാകും.

Latest