ഉന്നാവോ ബലാത്സംഗം: ബിജെപി എംഎല്‍എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Posted on: April 12, 2018 12:40 pm | Last updated: April 12, 2018 at 3:38 pm

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പതിനെട്ടുകാരിയെ മാനഭംഗത്തിനിരയാക്കിയ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കറിനെതിരെ യുപി പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഐപിസി സെക്ഷന്‍ 363 (തട്ടിക്കൊണ്ടുപോകല്‍), 366 (സ്ത്രീകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം), 376 (ബലാത്സംഗം), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരവും പോസ്‌കോ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

മാനഭംഗക്കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തിലും കേസെടുത്തിട്ടുണ്ട്. എംഎല്‍എക്കെതിരായ രണ്ട് കേസുകളും സിബിഐക്ക് കൈമാറിയിട്ടുണ്ട്. എംഎല്‍എക്കൈതിരെ കേസ്് രജിസ്റ്റര്‍ ചെയ്തതില്‍സന്തോഷമുണ്ടെന്ന് മാനഭംഗത്തനിരയായ പെണ്‍കുട്ടിയുടെ ബ്ന്ധു പറഞ്ഞു. ഇത് നേരത്തെ ചെയ്തിരുന്നെങ്കില്‍ പിതാവ് ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും എംഎല്‍എയെ അറസ്റ്റ് ചെയ്യുമോ ഇല്ലയോ എന്നാണ് ഇനി കാണേണ്ടതെന്നും ബന്ധു പറഞ്ഞു.

ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവവുമായി ബന്ധപ്പട്ട് കുല്‍ദീപ് സിംഗിന്റെ സഹോദരന്‍ അതുല്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്. കേസില്‍ നടപടി ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുമ്പില്‍ ആത്മഹത്യാശ്രമം നടത്തിയ യുവതിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിക്കുകയായിരുന്നു. കേസില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കിയതോടെ പിതാവിനെ എം എല്‍ എയുടെ ആളുകള്‍ മര്‍ദിച്ച് കൊന്നുവെന്നാണ് യുവതി ആരോപിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് എം എല്‍ എക്കെതിരെ ബലാത്സംഗ പരാതിയുമായി യുവതി രംഗത്തുവന്നത്.