വയല്‍ക്കിളികളെ കൂട്ടിലാക്കാന്‍ സി പി എമ്മിന്റെ തന്ത്രപരമായ ഇടപെടല്‍

Posted on: April 12, 2018 6:02 am | Last updated: April 12, 2018 at 12:59 am

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ക്കളികളുടെ ബൈപ്പാസ് വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരെ തിരിച്ചുകൊണ്ടുവരാന്‍ സി പി എം നീക്കം. പുറത്താക്കപ്പെട്ടവരുടെ വീടുകളില്‍ സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ നേരിട്ടെത്തിയാണ് അനുനയ ശ്രമം നടത്തിയത്. വയല്‍ക്കിളി സമരത്തില്‍ നിന്ന് പരമാവധി പേരെ പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗം കൂടിയായിരുന്നു സന്ദര്‍ശനം.

ബി ജെ പി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം തോളോട് തോള്‍ ചേര്‍ന്ന് സമരത്തില്‍ അണിനിരന്നതില്‍ വയല്‍ക്കിളികള്‍ക്കിടയില്‍ രൂക്ഷ അഭിപ്രായ വിത്യാസമുണ്ടായിരുന്നു. ഇത് പലരും സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങള്‍ക്ക് മുമ്പാകെയും പരസ്യമായി പറയുകയും ചെയ്തിരുന്നു. ഇത്തരക്കാരെ വീണ്ടും പാര്‍ട്ടിയോട് അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ജയരാജന്‍ നേരിട്ട് കാണാനെത്തിയത്. ബൈപ്പാസ് വിരുദ്ധ സമരത്തിന്റെ അടുത്ത ഘട്ടം എന്ന നിലയില്‍ വയല്‍ക്കിളികള്‍ ലോംഗ് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ അണിനിരക്കുമെന്ന് ബി ജെ പിയും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജയരാജന്റെ ഇടപെടല്‍.

ഇന്നലെ രാവിലെ ഏഴോടെയാണ് ജയരാജന്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ എം മുകുന്ദന്‍, സന്തോഷ് എന്നിവര്‍ക്കൊപ്പം രഹസ്യമായി കീഴാറ്റൂരിലെത്തിയത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട വയല്‍ക്കിളി നേതാവ് സുരേഷ് കീഴീറ്റൂര്‍ ഒഴികെയുള്ളവരെയാണ് ജയരാജന്‍ കാണാന്‍ ശ്രമിച്ചത്. ഇതില്‍ പ്രസന്നന്‍, എം ബാലന്‍, രജീഷ് എന്നിവരെ നേരിട്ടുകണ്ടെങ്കിലും മറ്റുള്ളവര്‍ ജോലിക്ക് പോയതിനാല്‍ കാണാന്‍ കഴിഞ്ഞില്ല. നേരിട്ട് കാണാന്‍ പറ്റാത്ത മറ്റുള്ളവരുടെ വീട്ടിലെ അംഗങ്ങളോടും ജയരാജന്‍ സംസാരിച്ചു. സമരരംഗത്ത് നിന്ന് പിന്മാറണമെന്നും സമരക്കാരുടെ ലോംഗ് മാര്‍ച്ചില്‍ പങ്കെടുക്കരുതെന്നും ജയരാജന്‍ ആവശ്യപ്പെട്ടതായാണ് വിവരം.

വയല്‍കിളി സമരത്തില്‍ ഭാഗമായതിന് രണ്ട് ബ്രാഞ്ചുകളില്‍ നിന്നായി 11 പേരെയാണ് സി പി എം പുറത്താക്കിയിരുന്നത്. നേരത്തെ പി ജയരാജന്‍ നേരിട്ട് പങ്കെടുത്ത തളിപറമ്പ് ഏരിയ കമ്മിറ്റിയായിരുന്നു ഇവര്‍ക്കെതിരെ നടപടി എടുത്തത്.

വയല്‍ക്കിളികളുടെ സമരത്തിനെതിരെ ജില്ലയില്‍ രണ്ട് പ്രചാരണ ജാഥകള്‍ സംഘടിപ്പിച്ചതിന് പിന്നാലെയാണ് സി പി എം ജില്ലാ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് പുതിയ നീക്കമുണ്ടായിരിക്കുന്നത്. വയല്‍ക്കിളികള്‍ക്കിടയില്‍ അഭിപ്രായ വിത്യാസം രൂക്ഷമാണെന്നും ഇതിന് അനുസരിച്ചുള്ള ഇടപെടല്‍ വേണമെന്നും തളിപ്പറമ്പ് ഏരിയാ കമ്മിറ്റി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കൂടാതെ പുറത്താക്കിയവരെ തിരച്ചെടുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന എരിയാ കമ്മിറ്റിയുടെ രഹസ്യ യോഗത്തീല്‍ തീരുമാനമായതായാണ് റിപ്പോര്‍ട്ട്.

വഴി തെറ്റിയവരെ നേര്‍വഴിക്ക് നയിക്കലാണ് പാര്‍ട്ടി സഖാക്കളുടെ ഉത്തരവാദിത്തം. അത്തരത്തിലുള്ള ശരിയായ സമീപനം പാര്‍ട്ടിയെ സ്‌നേഹിക്കുന്ന എല്ലാവരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് കീഴാറ്റൂര്‍ സന്ദര്‍ശനത്തിന് ശേഷം ജയരാജന്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. ബൈപ്പാസ് ഏത് വഴി വേണം എന്നത് കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള നാഷനല്‍ ഹൈവേ അതോറിറ്റി തീരുമാനമാണ്. ഈ തീരുമാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് സംസ്ഥാന സര്‍കകാര്‍ നടപടികള്‍ സ്വീകരിക്കുന്നത്. ഇതിനെതിരെ സമരം നടത്തുന്നത് പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയില്ല. ചില തീവ്രവാദ ശക്തികളാണ് സമരത്തിന് പിന്നില്‍- ജയരാജന്‍ പറഞ്ഞു.