Connect with us

Sports

ഒറ്റ രാത്രി കൊണ്ട് റോമാത്ഭുതം

Published

|

Last Updated

റോം: റോമില്‍ ബാഴ്‌സ കത്തിയമര്‍ന്നു ! ഇറ്റാലിയന്‍ ടീം എഎസ് റോമയാണ് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയുടെ മുന്നേറ്റം അവസാനിപ്പിച്ചത്. ആദ്യപാദത്തില്‍ 4-1ന്റെ തകര്‍പ്പന്‍ വിജയവുമായി സെമി ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചുവെന്ന ആത്മവിശ്വാസത്തോടെ ഇറങ്ങിയ ബാഴ്‌സയെ ഹോം മാച്ചില്‍ റോമ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അട്ടിമറിച്ചു. ആദ്യപാദത്തിലെ എവേ ഗോള്‍ ആനൂകൂല്യം റോമക്ക് തുണയായി.

ഇതോടെ സ്‌കോര്‍ ഇരുപാദങ്ങളിലുമായി 4-4നു തുല്യമായി മാറി. തുടര്‍ന്നാണ് എവേ ഗോള്‍ ആനുകൂല്യം റോമയ്ക്ക് നേട്ടമായി മാറിയത്. നേരത്തേ ബാഴ്‌സയുടെ മൈതാനത്ത് നേടിയ ആശ്വാസ ഗോള്‍ റോമയ്ക്കു ജയവവും സെമി ടിക്കറ്റും സമ്മാനിക്കുകയായിരുന്നു. സ്‌പെയിനില്‍ നടന്ന ഒന്നാംപാദത്തില്‍ ആധികാരിക വിജയം നേടിയ ബാഴ്‌സ രണ്ടാംപകുതിയില്‍ ഇങ്ങനെ തകര്‍ന്നടിഞ്ഞു പോകുമെന്ന് ഫുട്‌ബോള്‍ പണ്ഡിതന്‍മാര്‍ കരുതിയില്ല. എന്നാല്‍ അസാധ്യമെന്നു കരുതിയ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ റോമ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പുതിയൊരു ചരിത്രം സൃഷ്ടിച്ചു.

റോമ ആഗ്രഹിച്ചതുപോലെ തന്നെ കളി തുടങ്ങി ആറാം മിനിറ്റില്‍ത്തന്നെ എഡിന്‍ സെക്കോ ടീമിനു ലീഡ് സമ്മാനിച്ചിരുന്നു. സൂപ്പര്‍ താരത്തിന്റെ പ്രതികരണം ഇങ്ങനെ 58ാം മിനിറ്റില്‍ ഡാനിയേല്‍ ഡി റോസ്സിയിലൂടെ റോമ ലീഡുയര്‍ത്തി.

ഫൈനല്‍ വിസിലിന് എട്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ കോസ്റ്റാസ് മനോലസ് മൂന്നാം ഗോളും നേടിയതോടെയാണ് ബാഴ്‌സലോണക്ക് കുരുക്ക് വീണത്. ഒരു ഗോള്‍ മടക്കിയിരുന്നെങ്കില്‍ സെമിയിലെത്താന്‍ സാധിക്കുമെന്നതിനാല്‍ അവസാന മിനിറ്റുകളില്‍ ബാഴ്‌സ കിണഞ്ഞു ശ്രമിച്ചെങ്കിലും റോമ വിട്ടുകൊടുത്തില്ല. അതേസമയം, ഇംഗ്ലീഷ് ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ലിവര്‍പൂള്‍ സെമി ഫൈനലില്‍ കടന്നു. സിറ്റിയുടെ മൈതാനത്ത് നടന്ന രണ്ടാംപാദത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് റെഡ്‌സ് വെന്നിക്കൊടി പാറിച്ചത്.
നേരത്തേ ഹോംഗ്രൗണ്ടിലെ ആദ്യപാദത്തില്‍ 3-0നു ജയിച്ച ക്ലോപ്പിന്റെ കുട്ടികള്‍ ഇരുപാദങ്ങളിലുമായി 5-1ന് പെപ്പിന്റെ ശിക്ഷ്യമാന്‍മാരെ വാരിക്കളയുകയായിരുന്നു.

സെമി സാധ്യത നിലനിര്‍ത്താന്‍ നാലു ഗോള്‍ മാര്‍ജിനില്‍ ജയം അനിവാര്യമായിരുന്ന സിറ്റിയുടെ തുടക്കം മികച്ചതായിരുന്നു. രണ്ടാം മിനിറ്റില്‍ തന്നെ ഗബ്രിയേല്‍ ജീസസ് സിറ്റിക്കു വേണ്ടി ലക്ഷ്യം കണ്ടു.

എന്നാല്‍ 56ാം മിനിറ്റില്‍ സിറ്റിയുടെ തിരിച്ചുവരവ് ദുഷ്‌കരമാക്കി ഈജിപ്ഷ്യന്‍ സെന്‍സേഷന്‍ മുഹമ്മദ് സലാ ലിവര്‍പൂളിന്റെ ഗോള്‍ മടക്കി.
77ാം മിനിറ്റില്‍ സിറ്റിക്കു മേല്‍ അവസാന ആണിയും അടിച്ചുകയറ്റി റോബര്‍ട്ടോ ഫിര്‍മിനോ ലിവര്‍പൂളിന്റെ വിജയഗോള്‍ കണ്ടെത്തി.

 

Latest