Connect with us

Kerala

പരിയാരം മെഡി. കോളജ് ഏറ്റെടുക്കാന്‍ മന്ത്രിസഭാ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇതു സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് പരിയാരവും അതിനോടനുബന്ധിച്ച കേരള കോ- ഓപറേറ്റീവ് ഹോസ്പിറ്റല്‍ കോംപ്ലക്‌സും ഏറ്റെടുക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശിപാര്‍ശ ചെയ്തു. വടക്കന്‍ കേരളത്തില്‍ പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍തലത്തില്‍ മെഡിക്കല്‍ കോളജ് കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ടാണ് സഹകരണ മേഖലയിലുളള പരിയാരം മെഡിക്കല്‍ കോളജും അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുക്കുന്നത്.

ആശുപത്രി കോംപ്ലക്‌സും അക്കാദമിയും നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായതിനാല്‍ ഏറ്റെടുക്കണമെന്ന് ബന്ധപ്പെട്ട സൊസൈറ്റി സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിരുന്നു. അതുകൂടി കണക്കിലെടുത്താണ് തീരുമാനം. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാര്‍ കോളജും ആശുപത്രിയും ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പായിരുന്നില്ല. എല്‍ ഡി എഫ് സര്‍ക്കാര്‍ വന്ന ശേഷമാണ് ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചത്. സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ധാരണ വന്നതോടെ നയപരമായ തീരമാനങ്ങളെടുക്കാതെ ദൈനംദിന കാര്യങ്ങള്‍ മാത്രം ചെയ്ത് മുന്നോട്ട് പോകുകയായിരുന്നു കോളജ്.

ഹഡ്‌കോയില്‍ നിന്ന് സൊസൈറ്റി എടുത്ത വായ്പ കുടിശ്ശികയായിരുന്നു. ഹഡ്‌കോ വായ്പയില്‍ കേരളത്തില്‍ നടപ്പാക്കുന്ന മറ്റ് പദ്ധതികളെപ്പോലും അത് ബാധിച്ചു. ഈ സാഹചര്യത്തില്‍ ഹഡ്‌കോക്കുളള ബാധ്യത പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. ഗഡുക്കളായി വായ്പ തിരിച്ചടച്ചു കൊണ്ടിരിക്കുകയാണ്. അടുത്തവര്‍ഷം തിരിച്ചടവ് പൂര്‍ത്തിയാകും. 1997ല്‍ അന്നത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുത്തിരുന്നു. എന്നാല്‍ പിന്നീട് വന്ന യു ഡി എഫ് സര്‍ക്കാര്‍ ഭരണ നിയന്ത്രണം സൊസൈറ്റിക്ക് തിരിച്ചു നല്‍കുകയായിരുന്നു.

കൊച്ചി സഹകരണ ആശുപത്രിയുടെ ആസ്തി ബാധ്യതകള്‍ ഏറ്റെടുക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഏറ്റെടുക്കുന്നതിന് തീരുമാനിച്ചിരുന്നെങ്കിലും ആസ്തി ബാധ്യതകള്‍ നിര്‍ണയിക്കുന്നതിനുണ്ടായ കാലതാമസമാണ് തീരുമാനം നടപ്പാക്കുന്നത് വൈകാന്‍ കാരണം.

സര്‍ക്കാറിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തില്‍ തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളജുകളിലും കോട്ടയ്ക്കല്‍ വൈദ്യരത്‌നം പി എസ് വാര്യര്‍ ആയുര്‍വേദ കോളജിലും ആയുര്‍വേദ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സ് അനുവദിക്കാന്‍ തീരുമാനിച്ചു. സര്‍ക്കാറിന്റെ മൂന്ന് ആയുര്‍വേദ കോളജുകളിലായി ആകെ 16 വിഭാഗങ്ങളിലായി 32 സീറ്റുകളാണ് അനുവദിച്ചത്.

Latest