Connect with us

Articles

ധനകാര്യ കമ്മീഷനെ മറയാക്കി കേന്ദ്രം ഇടപെടുമ്പോള്‍

Published

|

Last Updated

ജനാധിപത്യത്തിന്റെ കാതലായ ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന ഇന്ത്യാ മഹാരാജ്യത്ത് നിലവില്‍ സംസ്ഥാനങ്ങള്‍ കൈയാളുന്ന അധികാരങ്ങള്‍ ഓരോന്നായി തട്ടിയെടുക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറിന്റെ നിരന്തര നടപടികളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 15-ാം ധനകാര്യ കമ്മീഷന്റെ നിലപാടുകള്‍. ധനകാര്യ കമ്മീഷനെ മുന്നില്‍ നിര്‍ത്തി സംസ്ഥാനങ്ങളുടെ സാമ്പത്തിക നയരൂപവത്കരണത്തില്‍ ഇടപെടാനുള്ള കേന്ദ്ര നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. കേന്ദ്ര നീക്കത്തിനെതിരായ പ്രതിഷേധവും ആശങ്ക പങ്കുവെച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ദക്ഷിണേന്ത്യന്‍ ധനകാര്യമന്ത്രിമാരുടെ സമ്മേളനം സമാപിച്ചത്. സംസ്ഥാനങ്ങളുടെ സാമ്പത്തിക നയരൂപവത്കരണത്തില്‍ ഇടപെടാനുള്ള നീക്കം അനുവദിക്കില്ലെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്.

ധനകാര്യ കമ്മീഷന്റെ മാനദണ്ഡങ്ങള്‍ കേന്ദ്രം പുനഃപരിശോധിക്കാന്‍ തയ്യാറാവാത്തതിനാല്‍ വിഷയത്തില്‍ രാഷ്ട്രപതിയെ സമീപിക്കാനും തുടര്‍ചര്‍ച്ചകള്‍ക്കായി മെയ് ആദ്യവാരം വിശാഖപട്ടണത്ത് വീണ്ടും ചേരാനുമുള്ള തീരുമാനത്തോടെയാണ് ധനമന്ത്രിമാരുടെ യോഗം പിരിഞ്ഞത്. സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് വിശദമായ പ്രമേയം തയ്യാറാക്കും. ഡല്‍ഹി, ബംഗാള്‍, പഞ്ചാബ്, ഒഡീഷ, സംസ്ഥാനങ്ങളെ കൂടി യോഗത്തില്‍ പങ്കെടുപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഫെഡറല്‍ സംവിധാനത്തിനു നേരെ വലിയൊരു ഭീഷണിയാണ് 15-ാം ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ ഉയര്‍ത്തുന്നത്. കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് നല്‍കുന്ന വിഹിതം വെട്ടിക്കുറക്കുന്നതിനുള്ള ബോധപൂര്‍വമായ പരിശ്രമമാണ് പരിഗണനാ വിഷയങ്ങളില്‍ പ്രതിഫലിക്കുന്നത്. ഇതു മുഴുവന്‍ സംസ്ഥാനങ്ങളെയും ബാധിക്കും. രാജ്യം സ്വതന്ത്രമായതിന് ശേഷം ഇതുവരെ നികുതി വിഹിതം സംസ്ഥാനങ്ങള്‍ക്ക് വീതിക്കുന്നതിന് ഉപാധികള്‍ വെച്ചിരുന്നില്ല. എന്നാല്‍, സംസ്ഥാനങ്ങള്‍ക്കു മേല്‍ ഏകപക്ഷീയ ഉപാധികളും നിബന്ധനകളും അടിച്ചേല്‍പ്പിക്കാനുള്ള പരിശ്രമം പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയത്തിലുണ്ട്. ധനകാര്യ കമ്മീഷന്‍ ഇന്‍സെന്റീവുകള്‍ നല്‍കുന്ന രീതിയും ഒഴിവാക്കിയിട്ടുണ്ട്.

ധനകാര്യ കമ്മീഷനെ മറയാക്കി സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഏകാധിപത്യവും പ്രത്യേക സാമ്പത്തിക അജന്‍ഡയും അടിച്ചേല്‍പ്പിക്കുകയാണ് മോദി സര്‍ക്കാറിന്റ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതാണ് ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍. ഇത് വികസ്വര സംസ്ഥാനങ്ങളെ മുരടിപ്പിക്കുന്ന രീതിയിലാണ് വിഭാവന ചെയ്തിരിക്കുന്നത്. ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് പുതുച്ചേരി, ഡല്‍ഹി പോലുള്ള കേന്ദ്ര ഭരണപ്രദേശങ്ങള്‍ ധനകാര്യകമ്മീഷനില്‍ അംഗം പോലുമല്ലാത്ത സ്ഥിതി നിലനില്‍ക്കുന്നത്. ഇതോടൊപ്പം വികസിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഭാവിയില്‍ രാജ്യത്തിന്റെ തന്നെ വികസനത്തിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.

15-ാം ധനകാര്യകമ്മീഷന്റെ പരിഗണനാ വിഷയത്തില്‍ ജനസംഖ്യാ വളര്‍ച്ചക്ക് പകരമായി ജനസംഖ്യാ നിയന്ത്രണത്തിനുള്ള പരിശ്രമങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രത്യേക പരിഗണനാവിഷയത്തിലൂടെ ജനസംഖ്യാ വളര്‍ച്ച നിയന്ത്രിച്ച സംസ്ഥാനങ്ങള്‍ക്ക് പാരിതോഷികമായി പ്രത്യേക ഇന്‍സെന്റീവിന് 15-ാം ധനകാര്യ കമ്മീഷന് ശിപാര്‍ശ ചെയ്യാം. അതുപോലെ വിഭവങ്ങള്‍ അനുവദിക്കുമ്പോഴും 15-ാം ധനകാര്യകമ്മീഷന്‍ ആഗ്രഹിക്കുകയാണെങ്കില്‍ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവന്നതിന് ഉചിതമായ വെയിറ്റേജ് നല്‍കാം. 15-ാം ധനകാര്യകമ്മീഷന്റെ പരിഗണനാവിഷയം നിലവിലെ ജനസംഖ്യയുടെയും ജനസംഖ്യാ നിയന്ത്രണത്തിലുണ്ടായ പുരോഗതിയും ഉള്‍പ്പെടുന്ന രണ്ടു വിഷയങ്ങളുടെയും ആവശ്യം പരിഗണിച്ചുകൊണ്ട് നല്ല സന്തുലിതാവസ്ഥയിലുള്ളതാണ്.

അതേസമയം, നിലവിലെ പരിഗണനാ വിഷയങ്ങള്‍ ഫെഡറല്‍ തത്വങ്ങള്‍ക്കും ജനാധിപത്യത്തിനും വിരുദ്ധമാണ്. ഇത് ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിന് ധനകാര്യ കമ്മീഷന് തടസ്സമായി നില്‍ക്കുന്നു. ഫെഡറല്‍ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് പരിഗണനാ വിഷയങ്ങള്‍ പുനഃപരിശോധിക്കേണ്ടത് ആവശ്യമാണ്. ഭരണഘടന മുന്നോട്ടുവെക്കുന്ന ഫെഡറല്‍ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതം സംബന്ധിച്ച ഏതൊരു ചര്‍ച്ചയും മുന്നോട്ട് കൊണ്ടു പോകാനാകൂ. സംസ്ഥാനങ്ങളുടെ സാമ്പത്തിക നിയന്ത്രണത്തിനുള്ള മാര്‍ഗരേഖകള്‍ നല്‍കുന്നതും ഓരോ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് ഗുണകരമായ നയം ഏതെന്ന് തീരുമാനിക്കുന്നതും ധനകാര്യ കമ്മീഷന്റെ കടമയല്ല. അക്കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാറുകള്‍ക്കാണ് . സംസ്ഥാന സര്‍ക്കാറുകളുടെ പ്രതീക്ഷകള്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍ എങ്ങനെ തിരിച്ചടിയാകുന്നുവെന്ന് കേന്ദ്ര സര്‍ക്കാറും ധനകാര്യ കമ്മീഷനും മനസ്സിലാക്കണം. ഇന്‍സെന്റീവുകള്‍ നല്‍കുന്നത് ധനകാര്യ കമ്മീഷന്റെ പണിയല്ലെന്നിരിക്കെയാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്. ഒപ്പം കമ്മീഷന്‍ ജി എസ് ടി നഷ്ടപരിഹാരം കേന്ദ്രസര്‍ക്കാറിന്റെ ഔദാര്യമെന്ന നിലയിലാണ് നല്‍കുന്നത്.

അവകാശ സംരക്ഷണത്തിനു വേണ്ടി കലാപത്തിനിറങ്ങേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഒരുഭാഗത്ത് സഹകരണ ഫെഡറലിസത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മറു ഭാഗത്ത് സംസ്ഥാനങ്ങള്‍ക്കുമേല്‍ ഏകാധിപത്യ രീതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. രാഷ്ട്രീയ അജന്‍ഡകള്‍ നടപ്പാക്കുന്നതിനായി ഫെഡറല്‍ സംവിധാനങ്ങളുടെ കഴുത്തറുക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഇതുവഴി സംസ്ഥാനങ്ങളുടെ അധികാരം എടുത്തുമാറ്റി രാജ്യത്തെ ഫെഡറല്‍ സംവിധാനം പൊളിച്ചെഴുതാനുള്ള നീക്കമാണ് നടത്തുന്നത്.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇത് സംബന്ധിച്ച് അര്‍ഥവത്തായ സംവാദം ലക്ഷ്യമിട്ട ദക്ഷിണേന്ത്യന്‍ ധനകാര്യമന്ത്രിമാരുടെ യോഗം ഒരു തുടക്കമാണ്. അടുത്തഘട്ടത്തില്‍ ഡല്‍ഹി, പശ്ചിമ ബംഗാള്‍, പഞ്ചാബ്, ഒഡീഷ സംസ്ഥാനങ്ങളെയും വിട്ടുനിന്ന തെലുങ്കാന, തമിഴ്‌നാട് സര്‍ക്കാറുകളെക്കൂടി പങ്കെടുപ്പിച്ച് കേന്ദ്രത്തിനെതിരെ ശക്തമായ പ്രതിഷേധത്തിന് അരങ്ങൊരുക്കാനുള്ള നീക്കത്തിലാണ്.

അതേസമയം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നികുതിയില്‍ നിന്നുള്ള പങ്ക് നല്‍കുന്നതെന്നും ജനങ്ങളുടെ ജീവിതത്തിന് മാന്യമായ നിലവാരം ഉറപ്പാക്കുന്നതിനുള്ള ഈ വിഹിതം യുക്തിസഹമായും സമത്വം നിലനിര്‍ത്തിക്കൊണ്ടുമുള്ള വിലയിരുത്തലിലൂടെയാണ് നല്‍കുന്നതെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം. സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ വിലയിരുത്താന്‍ ധനകാര്യകമ്മീഷന്‍ ഉചിതമായ മാനദണ്ഡങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ജനങ്ങളുടെ അളവിനെക്കുറിച്ചുള്ള ബോധത്തിനായി ജനസംഖ്യാ പ്രാതിനിധ്യവും വരുമാന ദൂരവുമാണ് പ്രധാന മാനദണ്ഡമെന്നിരിക്കെ ഇതിലൂടെ ആ സംസ്ഥാനത്തെ ജനങ്ങളുടെ ആപേക്ഷിക ദാരിദ്ര്യാവസ്ഥ മനസ്സിലാക്കാനും ഗുണപരമായ ആവശ്യങ്ങള്‍ വിലയിരുത്താനും കഴിയുമെന്നും കേന്ദ്രം വാദിക്കുന്നു. ഈ രണ്ട് അളവുകോലുകളുടെ അടിസ്ഥാനത്തില്‍ കുടുതല്‍ ജനസംഖ്യയുള്ളതും ദാരിദ്ര്യമനുഭവിക്കുന്നതുമായ സംസ്ഥാനങ്ങള്‍ക്ക് കുടുതല്‍ വിഭവങ്ങള്‍ ലഭിക്കുമെന്നും അവര്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യം, ജനങ്ങള്‍ക്കുള്ള മറ്റ് സേവനങ്ങള്‍ എന്നിവക്ക് കൂടുതല്‍ ഫണ്ട് ആവശ്യമായി വരുമെന്നുമാണ് പുതിയ നീക്കങ്ങള്‍ക്കുള്ള ന്യായീകരണമായി കേന്ദ്രസര്‍ക്കാര്‍ നിരത്തുന്നത്.

14-ാം ധനകാര്യകമ്മീഷന്റെ നടപടിയാണ് ഇതിന് തെളിവായി കേന്ദ്രം ഉയര്‍ത്തക്കാട്ടുന്നത്. 14-ാം ധനകാര്യകമ്മീഷന് 2011 ലെ കാനേഷുമാരി കണക്ക് ഉപയോഗിക്കുന്നതിനുള്ള ഒരു വ്യക്തമായ നിര്‍ദേശവും നല്‍കിയിരുന്നില്ല. എന്നിട്ടും അവര്‍ 2011ലെ കാനേഷുമാരി കണക്കുകളാണ് ഉപയോഗിച്ചത്. രാജ്യങ്ങളുടെ ശരിയായ ആവശ്യങ്ങള്‍ വിലയിരുത്താനായി 1971 മുതല്‍ ഉണ്ടായിട്ടുള്ള ജനസംഖ്യാ മാറ്റം ലഭിക്കാനായി അവര്‍ സ്വീകരിച്ച നടപടി ശരിയായിരുന്നു. 2011ലെ ജനസംഖ്യയില്‍ അവര്‍ 10 ശതമാനം വെയിറ്റേജ് ഏര്‍പ്പെടുത്തിയിരുന്നു. 14-ാം ധനകാര്യകമ്മീഷന്‍ മുമ്പൊരിക്കലുമുണ്ടാകാത്ത തരത്തില്‍ 42 ശതമാനം കേന്ദ്ര നികുതിയുടെ പങ്ക് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരുന്നു.

15-ാം ധനകാര്യകമ്മീഷനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ക്കെതിരായാണ് 15-ാം ധനകാര്യകമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ നിശ്ചയിച്ചതെന്ന തരത്തില്‍ ഉയര്‍ന്നിരിക്കുന്ന വാദങ്ങള്‍ അനാവശ്യ വിവാദമാണെന്നും കേന്ദ്ര ധനമന്ത്രി പറയുന്നു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest