വിഷുവിന് കൃഷി വകുപ്പിന്റെ 1105 ചന്തകള്‍

Posted on: April 12, 2018 6:02 am | Last updated: April 11, 2018 at 11:32 pm

തിരുവനന്തപുരം: വിഷു പ്രമാണിച്ച് ഈമാസം 13, 14 തീയതികളില്‍ കുടുംബശ്രീ, ഹോര്‍ട്ടികോര്‍പ്പ്, വി എഫ് പി സി കെ എന്നിവയുടെ സഹകരണത്തോടെ കൃഷി വകുപ്പ് വിഷുക്കണി-2018 എന്ന പേരില്‍ 1105 നാടന്‍ പഴം, പച്ചക്കറി ചന്തകള്‍ സംഘടിപ്പിക്കും. വിപണി ഇടപെടല്‍ നടത്തുന്നതിനും കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പഴം, പച്ചക്കറി, ഉത്പന്നങ്ങള്‍ ന്യായവില നല്‍കി സംഭരിച്ച് ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ളതും സുരക്ഷിതവും മിതമായ നിരക്കിലും ലഭ്യമാക്കുന്നതിന് തീരുമാനിച്ചിട്ടുളളതായി കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ അറിയിച്ചു.

കര്‍ഷകരില്‍ നിന്ന് പത്ത് ശതമാനം വില അധികം നല്‍കി സംഭരിക്കുന്ന നാടന്‍ പഴം-പച്ചക്കറികള്‍ 30 ശതമാനം വരെ വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. നല്ലകൃഷി സമ്പ്രദായങ്ങള്‍ പാലിച്ചുകൊണ്ട് കൃഷി ചെയ്തിട്ടുളള നാടന്‍ ഉത്പന്നങ്ങള്‍ GAP (Good Agricultural Practices) സര്‍ട്ടിഫിക്കേഷനോടുകൂടി കേരള ഓര്‍ഗാനിക് എന്ന ബ്രാന്‍ഡ് നാമത്തില്‍ വിപണിയില്‍ ലഭ്യമാക്കും. ‘ഗാപ്’ സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ 20 ശതമാനം വില അധികം നല്‍കി കര്‍ഷകരില്‍ നിന്ന് സംഭരിച്ച് പത്ത് ശതമാനം വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.

വിഷുച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് എറണാകുളം കാക്കനാട്ടുളള ഹോര്‍ട്ടികോര്‍പിന്റെ ജില്ലാ സംഭരണ കേന്ദ്രത്തില്‍ കൃഷിമന്ത്രി നിര്‍വഹിക്കും. കൃഷി വകുപ്പിന്റെ വിപണി ഇടപെടല്‍ കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. കേരളത്തില്‍ ഉത്പാദനമില്ലാത്ത പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ് മുഖാന്തരം പുറമേനിന്ന് സംഭരിച്ച് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. കേരളത്തിന് പുറത്തുനിന്ന് ശേഖരിക്കുന്ന പച്ചക്കറികള്‍ പ്രത്യേകം ലേബലിലായിരിക്കും വിപണിയിലെത്തിക്കുക.

സി പി എമ്മിന്റെ നേതൃത്വത്തില്‍
ആയിരത്തോളം വിഷു വിപണികള്‍

തിരുവനന്തപുരം: സി പി എം നേതൃത്വം കൊടുക്കുന്ന ജൈവപച്ചക്കറി കൃഷി ക്യാമ്പയിനിന്റെ ആഭിമുഖ്യത്തില്‍ വിഷുവിന് സംസ്ഥാനത്ത് ആയിരത്തോളം കേന്ദ്രങ്ങളില്‍ വിഷുവിപണി നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. വിവിധ സര്‍വീസ് സഹകരണ ബേങ്കുകളുടെയും സന്നദ്ധ സംഘടനകളുടെയും പാര്‍ട്ടി ഘടകങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കുന്ന ജൈവ വിപണിയില്‍ പ്രാദേശികമായി ഉത്പാദിപ്പിച്ച വിഷരഹിത പച്ചക്കറികള്‍ ലഭ്യമാക്കും.

കഴിഞ്ഞ മൂന്ന് വര്‍ഷമായി സംസ്ഥാനത്തിന്റെ പച്ചക്കറി ഉത്പാദനത്തില്‍ ഗണ്യമായ വര്‍ധനവും വിഷരഹിതമായി ഉത്പാദിപ്പിക്കുകയും ചെയ്യുന്നതില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച സംഘടനകളുടെയും ബേങ്കുകളുടെയും മറ്റും അനുഭവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സംസ്ഥാനതല പ്രദര്‍ശനം ചെങ്ങന്നൂരില്‍ ഇന്നലെ ആരംഭിച്ചു. 15 വരെ നീണ്ടുനില്‍ക്കുന്ന ‘വിഷുക്കണി 2018’ പ്രദര്‍ശനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സംയോജിത കൃഷിയുടെ അനുഭവങ്ങളും ഉത്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് കൃഷിയുടെയും മൃഗസംരക്ഷണത്തിന്റെയും കാര്യത്തില്‍ ആവശ്യമായ പരിഹാരം തേടുന്നതിനുള്ള കാര്‍ഷികാരോഗ്യ ക്ലിനിക്കുകളും ഒരുക്കിയിട്ടുണ്ട്. കാര്‍ഷിക സംസ്‌കൃതിയുടെ വളര്‍ച്ച അടയാളപ്പെടുത്തുന്ന ഉപകരണങ്ങളുടെ പ്രദര്‍ശനവും കാര്‍ഷിക നഴ്‌സറിയും നൂതന കൃഷിരീതികളുടെ മോഡലുകളും പ്രദര്‍ശനത്തിലുണ്ട്. മാധ്യമസംഗമവും വിവിധ വിളകളെ അടിസ്ഥാനപ്പെടുത്തിയുള്ള സെമിനാറുകളും സംഘടിപ്പിക്കും.

കേരളത്തിന്റെ കാര്‍ഷിക സ്വയംപര്യാപ്തതക്കും ഭക്ഷ്യസുരക്ഷക്കുമായി നടപ്പാക്കുന്ന ഈ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ നാട്ടുകാരുടെയും സഹായ സഹകരണം കോടിയേരി ബാലകൃഷ്ണന്‍ അഭ്യര്‍ഥിച്ചു.