പരമാധികാരി ചീഫ് ജസ്റ്റിസ് തന്നെയെന്ന് സുപ്രീം കോടതി

Posted on: April 11, 2018 3:42 pm | Last updated: April 11, 2018 at 8:28 pm

ന്യൂഡല്‍ഹി: ബഞ്ച് രൂപവത്കരണത്തിലും കേസുകള്‍ വിഭജിക്കാനുമുള്ള അധികാരം ചീഫ് ജസ്റ്റിസിന് തന്നെയെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെതാണ് തീരുമാനം. ബഞ്ചുകള്‍ രൂപീകരിക്കുന്നതിലും കേസുകള്‍ വീതംവയ്ക്കുന്നതിലും ചട്ടം കൊണ്ടുവരണമെന്ന ലഖ്‌നോ സ്വദേശി അശോക് പാണ്ഡെ സര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതി ഉത്തവ്. ജസ്റ്റിസ് ജെ ചെലമേശ്വര്‍ അടക്കം നാല് മുതിര്‍ന്ന ജഡ്ജിമാരുടെ നിലപാടിനെ തളളുന്നതാണ് ചീഫ് ജസ്റ്റിസിന്റെ ഉത്തരവ്.

ഭരണഘടന നല്‍കുന്ന അധികാരമാണ് താന്‍ പ്രയോഗിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഉത്തരവില്‍ പറയുന്നു. ഉന്നത കോടതികളുടെ ചുമതല ചീഫ് ജസ്റ്റിസിനെയാണ് ഭരണഘടന ഏല്‍പ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസാണ് ഇത്തരം കോടതികളുടെ തലവന്‍. കോടതി നടപടികള്‍ സുഗമമായി നടത്താന്‍ നിയോഗിക്കപ്പെട്ടയാളാണ് ചീഫ് ജസ്റ്റിസെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. ഭരണഘടനാസ്ഥാപനമെന്ന കോണിലൂടെ നോക്കിയാലും ചീഫ് ജസ്റ്റിസ് തന്നെയാണ് ഭരണസംവിധാനത്തിന്റെ പരമാധികാരിയെന്ന് മൂന്നംഗ ബഞ്ചിലെ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നിരീക്ഷിച്ചു.

ജസ്റ്റിസ് ജെ.ചെലമേശ്വര്‍ അടക്കം നാല് മുതിര്‍ന്ന ജഡ്ജിമാര്‍ സുപ്രീം കോടതിയിലെ ഭരണസംവിധാനത്തെ ചോദ്യം ചെയ്ത് വാര്‍ത്താസമ്മേളനം നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പൊതുപ്രവര്‍ത്തകനായ അശോക് പാണ്ഡെ ചീഫ് ജസ്റ്റിസിന്റെ അധികാരത്തെ ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചത്.