Connect with us

Kerala

ആര്‍സിസിയില്‍ നിന്ന് എച്ച്‌ഐവി ബാധിച്ചെന്ന് സംശയിക്കുന്ന കുട്ടി മരിച്ചു

Published

|

Last Updated

ആലപ്പുഴ: തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്ററി (ആര്‍സിസി)ല്‍ നിന്ന് എച്ച് ഐവി ബാധയേറ്റെന്ന് സംശയിച്ച പെണ്‍കുട്ടി മരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് 13 മാസമായി ചികിത്സയിലുള്ള കുട്ടിയാണ് മരിച്ചത്. ന്യുമോണിയ ബാധിച്ച് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് റഫര്‍ ചെയ്തത് പ്രകാരം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിനായിരുന്നു കുട്ടിയെ ആര്‍സിസിയില്‍ എത്തിച്ചത്. ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ചതിനിടെ എച്ച്‌ഐവി ബാധിച്ചെന്നാണ് സംശയം. എന്നാല്‍, ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. ചെന്നൈ റീജ്യനല്‍ ലാബില്‍ നടത്തിയ രക്ത പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. ഡല്‍ഹിയിലേക്ക് അയച്ച രക്തസാമ്പിളിന്റെ പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല. ഇതിനിടെയാണ് കുട്ടിക്ക് ന്യൂമോണിയ ബാധിച്ചത്.

കുട്ടിയുടെ മരണത്തിന് കാരണം ആര്‍.സി.സിയുടെ വീഴ്ചയാണെന്ന് പിതാവ് ആരോപിച്ചു. പരാതി ഒത്തുതീര്‍ക്കാനും ആര്‍സിസി അധികൃതര്‍ സമീപിച്ചതായും ഡല്‍ഹിയില്‍ നിന്നുള്ള രക്തപരിശോധനഫലം വൈകുന്നതില്‍ ഗൂഢാലോചനയുണ്ടെന്നും പിതാവ് ആരോപിച്ചു.