International
ക്ഷമിക്കണം, അത് വലിയ പിഴവായിരുന്നു: സുക്കര്‍ബര്‍ഗ്

ന്യൂയോര്‍ക്ക്: കേംബ്രിഡ്ജ് അനലിറ്റിക്ക എട്ട് കോടി അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ ഫേസ്ബുക്ക് സി ഇ ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അമേരിക്കന്‍ കോണ്‍ഗ്രസിന് മുമ്പാകെ മാപ്പ് പറഞ്ഞു. സംഭവത്തില്‍ തനിക്ക് വേണ്ടതുപോലെയൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.
അമേരിക്കന്‍ കോണ്‍ഗ്രസിന് മുമ്പാകെ എഴുതി നല്‍കിയ കത്തിലാണ് സുക്കര്‍ബര്‍ഗ് മാപ്പ് ചോദിച്ചത്.
കോടിക്കണക്കിന് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്ത സംഭവം വലിയൊരു പിഴവായിരുന്നു. എന്നോട് ക്ഷമിക്കണം. താനാണ് ഫേസ് ബുക്ക് തുടങ്ങിയത്. ഇപ്പോഴും അത് നടത്തിക്കൊണ്ടുപോകുന്നതും താനാണ്. അവിടെ എന്ത് സംഭവിച്ചാലും ഉത്തരവാദിത്വം തനിക്കാണ്. ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല. അതുകൊണ്ടാണ് വ്യാജന്യൂസുകള്‍ പടരാനും തിരഞ്ഞെടുപ്പില്‍ ചാരന്മാര്‍ക്ക് നുഴഞ്ഞുകയറാനും അവസരമൊരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.