ദുബൈ വാര്‍ഷിക നിക്ഷേപ സംഗമത്തിന് തുടക്കം; 140 രാജ്യങ്ങളിലെ അവസരങ്ങള്‍ പ്രദര്‍ശിപ്പിച്ചു

Posted on: April 10, 2018 7:20 pm | Last updated: April 10, 2018 at 7:20 pm
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സാന്നിധ്യത്തില്‍ വാര്‍ഷിക നിക്ഷേപ സംഗമത്തിന് തുടക്കം കുറിച്ചപ്പോള്‍

ദുബൈ:140 രാജ്യങ്ങളിലെ അവസരങ്ങളെ പ്രതിപാദിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന വാര്‍ഷിക നിക്ഷേപ സംഗമത്തിന് ഉജ്വല തുടക്കം. നിരവധി പ്രമുഖര്‍ സെമിനാറുകളില്‍ പങ്കെടുത്തു. വാര്‍ഷിക നിക്ഷേപ സംഗമത്തിന്റെ ഭാഗമായി ദുബൈ രാജ്യാന്തര ഭരണകൂട നേട്ട പ്രദര്‍ശനവും ഇന്റര്‍നാഷണല്‍ പ്രോപ്പര്‍ട്ടി പ്രദര്‍ശനവും നടക്കുന്നുണ്ട്.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പങ്കെടുത്തു.
റിയല്‍ എസ്റ്റേറ്റ് രംഗത്തെയും സാങ്കേതിക വിദ്യാ മേഖലയിലെയും നവീന പദ്ധതികള്‍ അണിനിരന്നു. നാളെ വൈകുന്നേരം വരെ നീണ്ടു നില്‍ക്കുന്ന പ്രദര്‍ശന, സമ്മേളനം ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലാണ് നടക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഉത്തര്‍പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ആകര്‍ഷകമായ പവലിയനുണ്ട്.

യു എ ഇ യിലെ മിക്ക മന്ത്രാലയങ്ങളും പവലിയന്‍ ഒരുക്കി. ദുബൈ വേള്‍ഡ് എക്‌സ്‌പോ പ്രചാരണത്തിന് കൂറ്റന്‍ പവലിയനാലുള്ളത്.
വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിനു യുഎഇ ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്നു സാമ്പത്തിക മന്ത്രാലയം വിദേശകാര്യ അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അല്‍ സാലി പറഞ്ഞു. വിദേശ ഉടമസ്ഥാവകാശം സംബന്ധിച്ചു ചില രംഗങ്ങളില്‍ ഉദാരമായ നയങ്ങള്‍ക്കും യുഎഇ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. രാജ്യാന്തര നിക്ഷേപകേന്ദ്രമെന്ന നിലയില്‍ യുഎഇയുടെ സാധ്യതകള്‍ അവതരിപ്പിക്കുകയും മറ്റു രാജ്യങ്ങളിലെ അവസരങ്ങള്‍ തുറന്നുകാട്ടുകയും ചെയ്യുന്നതാണ് രാജ്യാന്തര വാര്‍ഷിക നിക്ഷേപ സംഗമം (എഐഎം). മന്ത്രിമാരും രാജ്യാന്തര രംഗത്തെ വ്യവസായ പ്രമുഖരും ഉള്‍പ്പെടെ 90പ്രഭാഷകരാണ് എഐഎമ്മിലുള്ളത്. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി ഇന്നലെ സെമിനാറില്‍ പങ്കെടുത്തു, 44രാജ്യങ്ങളില്‍നിന്നുള്ള മന്ത്രിമാര്‍ പങ്കെടുക്കുന്ന നിക്ഷേപ സംഗമത്തില്‍ ആയിരത്തിലേറെ നിക്ഷേപകരെയാണു പ്രതീക്ഷിക്കുന്നത്. സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

140 രാജ്യങ്ങളില്‍നിന്നുള്ള വ്യവസായികള്‍ എത്തി. 51 രാജ്യങ്ങളില്‍നിന്നുള്ള പവിലിയനുകളുണ്ട്. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സംഗമത്തില്‍ എഫ്ഡിഐയിലൂടെയുള്ള സുസ്ഥിര വികസനം, നാലാം വ്യവസായ വിപ്ലവത്തില്‍ നിക്ഷേപം, ഭാവി ക്രീയാത്മകതയിലും ഉല്‍പാദനത്തിലും സാങ്കേതിക വിദ്യയുടെ പങ്ക്, അടിസ്ഥാന സൗകര്യ വികസനത്തില്‍ സ്വകാര്യ-പൊതു പങ്കാളിത്തം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ അരങ്ങേറും. ഇമാര്‍, ഇത്തിസലാത്ത്, ജുമൈറ ഗ്രൂപ്പ്, ദുബൈ ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ലുലു ഗ്രൂപ്പ്, ഷാര്‍ജ അസറ്റ് മാനേജ്‌മെന്റ,് മുബാദല ഇന്‍വെസ്റ്റ്‌മെന്റ് തുടങ്ങിയവര്‍ പങ്കെടുക്കും. അഗ്രിബിസിനസ്, കൃഷി, ഊര്‍ജം, ഖനനം, ഫിനാന്‍സ് ആന്‍ഡ് ബാങ്കിങ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ്, ഐടി ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ്, നിര്‍മാണം, റിയല്‍ എസ്റ്റേറ്റ്, വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി തുടങ്ങിയ രംഗങ്ങള്‍ സംബന്ധിച്ചാകും ചര്‍ച്ചകള്‍. കഴിഞ്ഞ വര്‍ഷം യു എ ഇയില്‍ 1,030 കോടി ഡോളറിന്റെ വിദേശ നിക്ഷേപമുണ്ടായെന്ന് അധികൃതര്‍ അറിയിച്ചു. 2016 ല്‍ ഇത് 960 കോടി ഡോളറായിരുന്നെന്നു യുഎഇ കോംപറ്റിറ്റീവ്‌നെസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎഇയുടെ ഉദാരമായ നയങ്ങളും സുഗമമായി ബിസിനസ് ചെയ്യാന്‍ ഒരുക്കുന്ന സൗകര്യങ്ങളുമാണു നിക്ഷേപം ആകര്‍ഷിക്കാന്‍ വഴിയൊരുക്കിയതെന്ന് എ ഐ എം സി ഇ ഒ ദാവൂദ് അല്‍ ഷെസാവി പറഞ്ഞു.