സംസ്ഥാനങ്ങളോട് ആജ്ഞാപിക്കാന്‍ കേന്ദ്രത്തിന് അവകാശമില്ല; ആഞ്ഞടിച്ച് ദക്ഷിണേന്ത്യയിലെ ധനമന്ത്രിമാര്‍

Posted on: April 10, 2018 6:45 pm | Last updated: April 11, 2018 at 10:28 am

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ രൂക്ഷ വിമര്‍ശനം. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ സംബന്ധിച്ചു ചേര്‍ന്ന യോഗത്തിലാണ് കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നത്. ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ രാജ്യത്തെ ഫെഡറല്‍ തത്വങ്ങള്‍ക്കും ജനാധിപത്യ വ്യവസ്ഥിതിക്കും വിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ വീണ്ടുവിചാരം ആവശ്യമാണെന്നും യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ പുനപ്പരിശോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായിട്ടില്ല. പരിഗണനാ വിഷയങ്ങളിലെ ഈ വീഴ്ച ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍നിന്നു ധനകാര്യ കമ്മീഷനെ തടയുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സഹകരണ ഫെഡറലിസത്തെക്കുറിച്ചു മോദി വാചനലാകുന്നുണ്ടെങ്കിലും സംസ്ഥാനങ്ങള്‍ക്കുമേല്‍ ഏകാധിപത്യ രീതി അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രമമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി ആരോപിച്ചു. സംസ്ഥാനങ്ങളോട് ആജ്ഞാപിക്കാന്‍ കേന്ദ്രത്തിന് അവകാശമില്ല. ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിയാണ് സംസ്ഥാനങ്ങള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സംസ്ഥാനങ്ങളെ ഉപദ്രവിക്കുന്ന രീതിയാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നത്. മോശം ഭരണം നടക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാറിന്റെ മുന്‍ഗണന. സംസ്ഥാനങ്ങളുടെ അധികാരം എടുത്തുമാറ്റി രാജ്യത്തെ ഫെഡറല്‍ സംവിധാനം പൊളിച്ചെഴുതാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം മൂലം എല്ലാവരും ബുദ്ധിമുട്ടുകയാണെന്നും നാരായണസാമി പറഞ്ഞു.

ആന്ധ്രാപ്രദേശ് ധനമന്ത്രി ഏരമല രാമകൃഷ്ണുഡു, കര്‍ണാടക കൃഷിമന്ത്രി കൃഷ്ണ ബൈരെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ധനമന്ത്രി തോമസ് ഐസക് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തപ്പോള്‍ തെലങ്കാന, തമിഴ്‌നാട് സം്സ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ പങ്കെടുത്തില്ല.