രാജേഷ് വധം: മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അലിഭായ് അറസ്റ്റില്‍

Posted on: April 10, 2018 1:32 pm | Last updated: April 10, 2018 at 5:03 pm

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അലിഭായ് എന്ന സ്വാലിഹ് ബിന്‍ ജലാല്‍ ആണ് പിടിയിലായത്. ഖത്തറില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. സുഹൃത്ത് അബ്ദുല്‍ സത്താറിന് വേണ്ടിയാണ് കൊല നടത്തിയത്. അബ്ദുല്‍ സത്താറിന്റെ മുന്‍ ഭാര്യയുമായുള്ള പ്രശ്‌നങ്ങളാണ് കൊലക്ക് കാരണമെന്നും ഇയാള്‍ മൊഴി നല്‍കിയതായാണ് വിവരം.

നൃത്താധ്യാപികയായ അബ്ദുല്‍ സത്താറിന്റെ ഭാര്യയില്‍ നിന്ന് രാജേഷ് പലപ്പോഴും പണം കടംവാങ്ങിയിരുന്നു. ഇത് തിരിച്ചുനല്‍കുന്നതുമായി ബന്ധപ്പെട്ടും കുടുംബജീവിതം തകര്‍ത്തതുമായി ബന്ധപ്പെട്ടുമുള്ള കാര്യങ്ങളാണ് ക്വട്ടേഷന് കാരണമായതെന്ന് അലിഭായ് പോലീസിന് മൊഴി നല്‍കി. കൃത്യം നടത്തിയ ശേഷം കരുനാഗപ്പള്ളി ഭാഗങ്ങളില്‍ ആയുധം ഉപേക്ഷിച്ചതായി ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ഇയാളെ ഇവിടേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയിട്ടുണ്ട്.

അലിഭായ് ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ ജാഗ്രത ശക്തമാക്കിയിരുന്നു. ഇതിനിടെ ഇയാള്‍ കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും കീഴടങ്ങലിന് മുമ്പ് തന്നെ അറസ്റ്റ് ചെയ്യാനാണ് പോലീസ് പദ്ധതിയിട്ടത്. അലി ഭായിയുടെ നേതൃത്വത്തിലാണ് കൊല നടന്നതെന്നാണ് പോലീസ് സ്ഥിരീകരിക്കുന്നത്. രാജേഷിനെ കൊലപ്പെടുത്താനായി കേരളത്തില്‍ എത്തിയ ഇയാള്‍ കൊലക്ക് ശേഷം കാര്‍ മാര്‍ഗം ബംഗളൂരുവിലേക്കും അവിടെ നിന്നും നേപ്പാള്‍ വഴി വിദേശത്തേക്കും കടന്നതായി പോലീസ് ചൂണ്ടിക്കാണിക്കുന്നു.