Connect with us

Sports

സിറ്റിക്കും റോമക്കും മരണപ്പോര്

Published

|

Last Updated

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെയും റോമയുടെയും വിധി ഇന്നറിയാം. ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ രണ്ട് ടീമുകളും കനത്ത തോല്‍വിയാണേറ്റു വാങ്ങിയത്. കിരീടസാധ്യത കല്പിക്കപ്പെട്ടിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ലിവര്‍പൂളിന്റെ തട്ടകത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ന്നു പോയി.

ഹോംഗ്രൗണ്ടില്‍ കളിക്കാനിറങ്ങുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് മൂന്ന് ഗോളിന്റെ കടം വീട്ടുക എളുപ്പമല്ല. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോടേറ്റ പ്രഹരം സിറ്റിയുടെ ആത്മവിശ്വാസത്തെ എത്ര മാത്രം ബാധിച്ചിട്ടുണ്ടാകും എന്നത് ഇന്നറിയാം.

മാഞ്ചസ്റ്റര്‍ ഡെര്‍ബി ജയിച്ചാല്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിക്കാമായിരുന്നു. പ്രതീക്ഷിച്ചത് പോലെ 2-0ന് സിറ്റി മുന്നില്‍ കയറി.

എന്നാല്‍, മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നടത്തിയ ഗംഭീര തിരിച്ചുവരവില്‍ പെപ് ഗോര്‍ഡിയോളയുടെ പട മുങ്ങിപ്പോയി. റോമില്‍ ബാഴ്‌സലോണയെ നേരിടാനൊരുങ്ങുന്ന എ എസ് റോമയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആദ്യ പാദം 1-4നാണ് ബാഴ്‌സയോട് തോറ്റത്.
ഒരു എവേ ഗോള്‍ നേടിയത് മാത്രമുണ്ട് ആത്മബലത്തിന്. ലാ ലിഗയില്‍ ഹാട്രിക്ക് നേടി മെസി തകര്‍പ്പന്‍ ഫോമിലേക്ക് തിരിച്ചെത്തിയ വാര്‍ത്ത റോമയുടെ സെമിസാധ്യതകള്‍ അടയ്ക്കുന്നതാണ്. സ്വന്തം തട്ടകത്തില്‍ അത്ഭുതപ്രകടനം നടത്തിയാല്‍ മാത്രം റോമക്ക് മുന്നേറാം.
ഈജിപ്ത് സ്‌ട്രൈക്കര്‍ മുഹമ്മദ് സാല പരുക്ക് കാരണം ലിവര്‍പൂള്‍ നിരയിലുണ്ടാകില്ലെന്ന റിപ്പോര്‍ട്ടാണുള്ളത്.

സീസണില്‍ 38 ഗോളുകള്‍ നേടിയ മുഹമ്മദ് സാലയെ കൂടാതെ ഇറങ്ങുന്നത് ലിവര്‍പൂളിന് തിരിച്ചടിയായേക്കും. ആന്‍ഫീല്‍ഡിലെ ആദ്യ പാദത്തില്‍ സിറ്റിക്കെതിരെ സാല നേടിയ ആദ്യ ഗോളാണ് മത്സരഗതി മാറ്റിമറിച്ചത്.