റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ ജീവിത നിലവാരം: ഡല്‍ഹി, ഹരിയാന സര്‍ക്കാറുകള്‍ നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീം കോടതി

Posted on: April 10, 2018 6:14 am | Last updated: April 9, 2018 at 11:51 pm

ന്യൂഡല്‍ഹി: റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ ജീവിത നിലവാരവുമായി ബന്ധപ്പെട്ട് നാലാഴ്ചക്കകം ഡല്‍ഹി, ഹരിയാന സര്‍ക്കാറുകള്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണെമന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, എം എം ഖാന്‍വില്‍ക്കാര്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിച്ചിരുന്നത്. റോഹിംഗ്യന്‍ അഭയാര്‍ഥികളുമായി ബന്ധപ്പെട്ട ഹരജികള്‍ അവസാന തീര്‍പ്പു കല്‍പ്പിക്കുന്നതിന് വേണ്ടി ഇന്നലെ കോടതി ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും എളുപ്പത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ബഞ്ച് വിസമതിച്ചു. അതേസമയം, റോഹിംഗ്യന്‍ അഭയാര്‍ഥികളെ സംബന്ധിച്ചുള്ള സ്ഥിതി വിവര റിപ്പോര്‍ട്ട് അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്നലെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ജീവിത സാഹചര്യം, അടിസ്ഥാന അവശ്യങ്ങളായ വെള്ളം, ശൗചാലയം, വിദ്യാഭ്യാസം, ആരോഗ്യ പരിചരണം എന്നിവയുടെ നിലവിലെ സ്ഥിതിഗതികളാണ് റിപ്പോര്‍ട്ടില്‍ കേന്ദ്രം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

നിലവിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ട രീതിയിലാണെന്നാണ് കേന്ദ്രസത്യവാങ്മൂലത്തില്‍ പ്രതിബാധിച്ചിരിക്കുന്നത്. അതേസമയം, കേന്ദ്രസര്‍ക്കാറിന്റെ വാദങ്ങളെ റോഹിംഗ്യകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ത്തു.

ക്യാമ്പുകളിലെ ഫോട്ടോകള്‍ ബഞ്ചിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടി. ഡല്‍ഹി ഹരിയാന അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിന് കോടതി കമ്മീഷനറെ നിയമിക്കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

കേന്ദ്രം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഫോട്ടാ ഗ്രാഫ് പോലും വെച്ചിട്ടില്ലെന്നും അവര്‍ കോടതിയെ ഓര്‍മപ്പെടുത്തി. എന്നാല്‍, വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും നല്‍കുന്നതില്‍ നിന്ന് ഒളിച്ചോടുകയല്ലെന്നും അതേസമയം, ഇന്ത്യക്കാരായ ചേരി നിവാസികള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനാകില്ലെന്നും അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ഇവര്‍ അനധികൃതകുടിയേറ്റക്കാരാണെന്നും തുഷാര്‍മേത്ത വ്യക്തമാക്കി.