സംസ്ഥാന സര്‍ക്കാര്‍ 3,500 കോടി കടമെടുക്കുന്നു

Posted on: April 10, 2018 6:15 am | Last updated: April 9, 2018 at 11:50 pm

തിരുവനന്തപുരം: നോട്ടുനിരോധവും ജി എസ് ടിയും പ്രതിസന്ധി തീര്‍ത്തതിന് പിന്നാലെ പ്രയാസത്തിലേക്ക് നീങ്ങിയ സംസ്ഥാനത്തിന്റെ ധന സ്ഥിതി മെച്ചപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ 3,500 കോടി കടമെടുക്കാന്‍ നടപടികള്‍ ആരംഭിച്ചു.

സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിന്റെ ഭാഗമായാണ് 3,500 കോടി രൂപ കടപ്പത്രം വഴി സമാഹരിക്കാന്‍ തീരുമാനിച്ചത്. നടപ്പുസാമ്പത്തിക വര്‍ഷത്തെ ആദ്യ കടമെടുപ്പിനുള്ള കടപ്പത്രലേലം ഇന്ന് മുംബൈ ഫോര്‍ട്ടിലുള്ള റിസര്‍വ് ബേങ്ക് കേന്ദ്രത്തില്‍ നടക്കും. ഇകുബേര്‍ സിസ്റ്റത്തിലൂടെയാണ് ഇടപാടുകള്‍. 3,500 കോടി രൂപയാണ് ഇതിലൂടെ സമാഹരിക്കാന്‍ ശ്രമിക്കുന്നത്. നോട്ട് നിരോധവും ജി എസ് ടിയും കാരണം സാമ്പത്തിക മാന്ദ്യം നേരിടുകയാണെന്ന് ചൂണ്ടിക്കാട്ടി കേരളത്തിന്റെ വായ്പാ പരിധി വര്‍ധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കടപ്പത്രമിറക്കാന്‍ നടപടി സ്വീകിരിക്കുന്നത്.

നിലവില്‍ സംസ്ഥാന ജി ഡി പിയുടെ മൂന്ന് ശതമാനമാണ് വായ്പയെടുക്കാന്‍ അനുമതിയുള്ളത്. പ്രത്യേകസാഹചര്യം പരിഗണിച്ച് ഈ സാമ്പത്തികവര്‍ഷം പൊതുവിപണിയില്‍ നിന്ന് സംസ്ഥാന ജി ഡി പിയുടെ മൂന്നര ശതമാനം വായ്പയെടുക്കാന്‍ അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. വിവിധ കേന്ദ്ര പദ്ധതികള്‍ക്ക് ഫണ്ട് നല്‍കുന്ന ഘടന കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി മാറ്റിയത് സംസ്ഥാനത്തിന് കൂടുതല്‍ ഭാരമായെന്നാണ് ധനമന്ത്രിയുടെ വാദം.