Connect with us

International

ദൗമയില്‍ രാസായുധാക്രമണം നടന്നതിന് തെളിവില്ലെന്ന് റഷ്യ

Published

|

Last Updated

വിഷവാതകത്തില്‍ നിന്ന് രക്ഷ നേടാന്‍ മാസ്‌ക് ഉപയോഗിക്കുന്ന കുട്ടി

മോസ്‌കോ: ദൗമയില്‍ രാസായുധ ആക്രമണം നടന്നതിന് ഒരു തെളിവുമില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്. റഷ്യന്‍ വിദഗ്ധരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിച്ചുവെന്നും അവിടെ രാസായുധം പ്രയോഗിച്ചതിന് തെളിവില്ലെന്നും ലാവ്‌റോവ് പറഞ്ഞു. വിമതര്‍ അവിടെ ശക്തമായ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുകയാണ്. അപ്പോള്‍ ഇത്തരം ആരോപണങ്ങള്‍ സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിഴക്കന്‍ ഗൗതയില്‍ അവശേഷിക്കുന്ന വിമത കേന്ദ്രമായ ദൗമയിലാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. 70 പേര്‍ മരിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ നടന്നത് രാസാക്രമണമാണെന്നും ആയിരക്കണക്കിനാളുകളെ ബാധിച്ചിട്ടുണ്ടെന്നും മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന വൈറ്റ് ഹെല്‍മെറ്റ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

സിറിയന്‍ സര്‍ക്കാറിനും അവര്‍ക്ക് പിന്തുണ നല്‍കുന്ന റഷ്യക്കുമാണ് ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വമെന്ന് അമേരിക്ക ആരോപിച്ചിരുന്നു. രാസായുധ പ്രയോഗം സ്ഥിരീകരിക്കപ്പെടുകയാണെങ്കില്‍ ആഗോളതലത്തില്‍ സിറിയ ശക്തമായ പ്രതികരണം നേരിടേണ്ടിവരുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി.

സിറിയന്‍ സര്‍ക്കാര്‍ രാസായുധ പ്രയോഗം ആവര്‍ത്തിക്കുമ്പോഴും അതിനെ ന്യായീകരിക്കുകയാണ് സഖ്യകക്ഷിയായ റഷ്യ. 2013ല്‍ നൂറുകണക്കിന് ആളുകള്‍ക്കും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ എണ്‍പതോളം ആളുകള്‍ക്കും സിറിയന്‍ രാസായുധ പ്രയോഗത്തില്‍ ജീവന്‍ നഷ്ടമായി.