ഭാരതബന്ദിനിടെ ദളിതുകള്‍ കൊല്ലപ്പെട്ട സംഭവം: ഒരാളെ പോലും അറസ്റ്റ് ചെയ്തില്ല

Posted on: April 10, 2018 6:02 am | Last updated: April 9, 2018 at 11:06 pm

ഭോപ്പാല്‍: ഏപ്രില്‍ രണ്ടിന് നടന്ന ഭാരത് ബന്ദിനിടെ ദളിതുകള്‍ കൊല്ലപ്പെട്ടെ ആറു കേസുകളില്‍ ഒന്നില്‍ പോലും അറസ്റ്റ് ഉണ്ടായില്ലെന്ന് റിപ്പോര്‍ട്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൊത്തം പതിനൊന്ന് പേരാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശ്- ഉത്തര്‍ പ്രദേശ് അതിര്‍ത്തിയിലെ ഗ്വാളിയോര്‍- ഭിന്ദ്- മൊറിന മേഖലയിലാണ് എട്ട് പേര്‍ കൊല്ലപ്പെട്ടത്. ഏഴ് പേര്‍ മരിച്ചതില്‍ ആറും ദളിതരാണ്. ഓരോ കേസിലും മേല്‍ജാതിയില്‍ പെട്ടവരാണ് പ്രതികള്‍. എന്നാല്‍ ഇതുവരെ ഒരു അറസ്റ്റ് പോലുമുണ്ടായിട്ടില്ലെന്ന് എന്‍ ഡി ടി വിയുടെ അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ പറയുന്നു.

പട്ടികജാതി, പട്ടികവര്‍ഗ നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയ സുപ്രീം കോടതി വിധിക്കെതിരെയാണ് കഴിഞ്ഞയാഴ്ച ഭാരത ബന്ദ് നടന്നത്. ലക്ഷക്കണക്കിന് ദളിതുകളാണ് ആ ദിവസം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പ്രതിഷേധക്കാരെ നേരിടാന്‍ മേല്‍ജാതിക്കാരും തെരുവിലിറങ്ങിയിരുന്നു. മധ്യപ്രദേശിലെ മെഹഗാവിലും ഭിന്ദിലും രണ്ട് യുവാക്കള്‍ മേല്‍ജാതിക്കാരുടെ വെടിയേറ്റാണ് മരിച്ചതെന്ന് പോലീസ് റിപ്പോര്‍ട്ട് പറയുന്നു. ഇവരില്‍ പ്രദീപ് എന്ന യുവാവിനെ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് മേല്‍ജാതിക്കാരായ സോനു ബൈശന്ദര്‍, മോനു, ബല്ലു റാത്തോഡ് എന്നിവരാണ് വെടിവെച്ചു കൊന്നതെന്ന് പ്രാഥമിക വിവര റിപ്പോര്‍ട്ടില്‍ പറയുന്നു.

ആകാശ് ജാതവ് എന്ന മറ്റൊരു യുവാവിനെ കൊന്ന കേസിലും ഇവരുടെ പേരാണ് എഫ് ഐ ആറിലുള്ളത്. വെടിയേറ്റെങ്കിലും മരിക്കുന്നതിന് മുമ്പ് ജാതവ് വീട്ടിലേക്ക് ഫോണില്‍ വിളിക്കുകയും ‘സോനു, മോനു’ എന്ന് പറയുകയും ചെയ്തതായി അമ്മാവന്‍ ആശാറാം ജാതവ് എന്‍ ഡി ടി വിയോട് പറഞ്ഞു. മൂന്ന് ആരോപണവിധേയരും ഒളിവിലാണ്. ഇവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പതിനായിരം രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധത്തിന്റെ പിറ്റേന്ന് ഭിന്ദിലെ ഫാമില്‍ നിന്നാണ് ദശ്‌രഥ് ജാതവ് എന്ന നാല്‍പ്പതുകാരന്റെ മൃതദേഹം കണ്ടെത്തിയത്. മേല്‍ജാതിക്കാര്‍ ഇദ്ദേഹത്തെ തല്ലിക്കൊല്ലുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. അമ്മായിയോടൊപ്പമാണ് ദശ്‌രഥ് റാലിയില്‍ പങ്കെടുത്തതെന്നും കല്ലേറുണ്ടായതോടെ ഠാക്കൂറുകള്‍ അദ്ദേഹത്തെ വലിച്ചുകൊണ്ടുപോയി കൊല്ലുകയായിരുന്നെന്നും അനന്തരവന്‍ നീരജ് നര്‍വാരിയ പറഞ്ഞു.

ഗ്വാളിയോറില്‍ ചായക്കട നടത്തുന്ന ദീപക് ജാതവിന്റെ മരണവും ദുരൂഹമായി തുടരുകയാണ്. 22കാരനായ ദീപക് പ്രതിഷേധത്തില്‍ പങ്കെടുത്തില്ലെന്ന് പിതാവ് പറയുന്നു. ചായക്കടക്കരികെ നില്‍ക്കുമ്പോള്‍ വെടിയേല്‍ക്കുകയായിരുന്നു. മൂന്ന് ബുള്ളറ്റുകളാണേറ്റത്. രണ്ടെണ്ണം വയറിലും ഒന്ന് തലയിലും. ജാതി അക്രമത്തിന്റെ കേന്ദ്രമായിരുന്ന ഇവിടെ രാജാ ചൗഹാന്‍ എന്ന പ്രാദേശിക മേല്‍ജാതിക്കാരന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. ദീപകിന്റെ ബന്ധുക്കള്‍ക്ക് മൃതദേഹം കൈമാറാതെ പോലീസ് സംസ്‌കരിക്കുകയായിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാതെ ദീപകിന്റെ മരണം എങ്ങനെയെന്ന് സ്ഥിരീകരിക്കാനാകില്ലെന്നാണ് പോലീസ് പറയുന്നത്. ഭിന്ദില്‍ വെടിയേറ്റ് മരിച്ച 40കാരന്‍ രാകേഷ് ജാതവിന്റെ മരണവും എങ്ങനെയെന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പ്രക്ഷോഭത്തില്‍ രണ്ട് മേല്‍ജാതിക്കാരും കൊല്ലപ്പെട്ടിരുന്നു. അവരിലൊരാള്‍ പോലീസ് വെടിവെപ്പിലാണ് മരിച്ചത്. ദളിത് പ്രതിഷേധക്കാര്‍ കട കത്തിക്കുന്നുവെന്ന് പരാതി പറയാനെത്തിയ മഹാവിര്‍ രാജാവത് പോലീസ് സ്റ്റേഷന് പുറത്ത് വെച്ചാണ് കൊല്ലപ്പെട്ടത്. മരണത്തില്‍ രണ്ട് പോലീസുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പോലീസ് ബുള്ളറ്റാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. രണ്ട് പോലീസുകാരും ദളിതുകളാണ്,