ജുഡീഷ്യറിയിലും കാവിവത്കരണം?

Posted on: April 10, 2018 6:00 am | Last updated: April 9, 2018 at 10:47 pm

ജുഡീഷ്യറിയില്‍ സര്‍ക്കാര്‍ പിടിമുറുക്കുന്നതായുള്ള ആരോപണം ശക്തമാകുകയാണ്. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ എം ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്താനുള്ള കൊളീജിയം ശിപാര്‍ശയില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോകുന്നതും കര്‍ണാടക ഹൈക്കോടതിയിലേക്ക് ശിപാര്‍ശ ചെയ്ത ജില്ലാ ജഡ്ജിക്കെതിരായ ആരോപണം കേന്ദ്രം നേരിട്ട് അന്വേഷണം നടത്താന്‍ തീരുമാനിച്ചതും സര്‍ക്കാറിന്റെ അനധികൃത ഇടപെടലും ഭരണഘടനാ വിരുദ്ധമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹാര്‍വാര്‍ഡ് ക്ലബ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച സംവാദത്തില്‍ മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ചെലമേശ്വര്‍ സര്‍ക്കാറിന്റെ ഈ നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി.

സെഷന്‍സ് ജഡ്ജി കൃഷ്ണ ഭട്ട് അടക്കം ആറ് ജഡ്ജിമാരെ കര്‍ണാടക ഹൈക്കോടതി ജഡ്ജിമാരായി ഉയര്‍ത്താനാണ് കൊളീജിയം ശിപാര്‍ശ ചെയ്തത്. ഇതില്‍ അഞ്ച് പേരുടെയും ശിപാര്‍ശ അംഗീകരിച്ച സര്‍ക്കാര്‍ കൃഷ്ണ ഭട്ടിന്റെ കാര്യത്തില്‍ തീരുമാനം എടുത്തില്ല. മാത്രമല്ല, ഭട്ടിനെതിരെ ഒരു വനിതാ ജഡ്ജി നല്‍കിയ പഴയ പരാതി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി നിയമ മന്ത്രാലയം അദ്ദേഹത്തിന്റെ നിയമനത്തിന് തടസ്സങ്ങള്‍ വലിച്ചിടുകയാണ്. നിയമമന്ത്രാലയത്തിന് ഒരു ജഡ്ജിക്കെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതിയോട് നിര്‍ദേശിക്കാന്‍ അധികാരമില്ലെന്നാണ് നിയമ വൃത്തങ്ങളുടെ പക്ഷം. രണ്ട് വര്‍ഷം മുമ്പ് മുന്‍ കര്‍ണാടക ചീഫ് ജസ്റ്റിസ് സുബ്‌റോ കമാല്‍ മുഖര്‍ജി നടത്തിയ അന്വേഷണത്തില്‍ വനിതാ ജഡ്ജിയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതാണെന്നിരിക്കെ അതേ കേസ് വീണ്ടും കുത്തിപ്പൊക്കിയത് നിയമനം തടയാനാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരെ സുപ്രിം കോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കും ജസ്റ്റിസ് ചെലമേശ്വര്‍ കത്തെഴുതുകയും ജുഡീഷ്യറിയിലെ സര്‍ക്കാര്‍ കൈകടത്തല്‍ തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് കൃഷ്ണ ഭട്ടിനെതിരായ അന്വേഷണം നിര്‍ത്തിവെച്ചെങ്കിലും നിയമനക്കാര്യത്തില്‍ ഇനിയും തീരുമാനമായില്ല.

ജുഡീഷ്യറിയിലെ ഉന്നതസ്ഥാനങ്ങളില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടവരല്ലാത്തവരെ തഴയുകയെന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. 2016ല്‍ ഉത്തരാഖണ്ഡിലെ രാഷ്ട്രപതിഭരണം റദ്ദാക്കിയ ഹൈക്കോടതി ബഞ്ചില്‍ ജസ്റ്റിസ് കെ എം ജോസഫ് അംഗമായിരുന്നു. ഇതാണ് അദ്ദേഹത്തെ ഒഴിവാക്കിയതിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. അന്ന് ബി ജെ പിയുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയേല്‍പ്പിച്ചിരുന്നു പ്രസ്തുത വിധി. കഴിഞ്ഞ ഒക്‌ടോബറില്‍ കര്‍ണാടക ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായിരുന്ന ജസ്റ്റിസ് ജയന്ത് പട്ടേലിനെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ നടപടിയും വിവാദമായതാണ്. അന്ന് ചീഫ് ജസ്റ്റിസ് എസ് കെ മുഖര്‍ജി വിരമിക്കുമ്പോള്‍ കീഴ്‌വഴക്കമനുസരിച്ചു നിയമിതനാകേണ്ടത് ജസ്റ്റിസ് ജയന്ത് പട്ടേലായിരുന്നു. എന്നാല്‍ അദ്ദേഹത്തെ സര്‍ക്കാര്‍ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി ചീഫ് ജസ്റ്റിസ് പദവി തട്ടിത്തെറിപ്പിക്കുകയാണുണ്ടായത്. കര്‍ണാടക ഹൈക്കോടതിയിലെത്തും മുമ്പ് ഗുജറാത്ത് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായിരുന്ന ജയന്ത് പട്ടേല്‍ ഉള്‍ക്കൊള്ളുന്ന ബഞ്ചായിരുന്നു ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നതിനാല്‍ മോദിയുടെയും അമിത് ഷായുടെയും കണ്ണില്‍ കരടായിരുന്നു അദ്ദേഹമെന്നതാണ് ഈ നിയമന അട്ടിമറിക്ക് കാരണം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചരിത്ര ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങി രാജ്യത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നൊന്നായി കാവിവത്കരിച്ചു കൊണ്ടിരിക്കയാണ് മോദി സര്‍ക്കാര്‍. ഇതിന്റെ തുടര്‍ച്ചയാണോ ജഡ്ജി നിയമനങ്ങളിലെ കൈകടത്തലെന്ന് സന്ദേഹിക്കേണ്ടിയിരിക്കുന്നു. സംഘ്പരിവാറിന് താത്പര്യമുള്ളവരെ മാത്രം നിയമിക്കുക, അല്ലാത്തവരെ എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞു മാറ്റിനിര്‍ത്തുകയെന്നതാണ് സര്‍ക്കാര്‍ നയമെന്നാണ് ജഡ്ജി നിയമനങ്ങളുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഉടലെടുക്കുന്ന വിവാദങ്ങള്‍ ബോധ്യപ്പെടുത്തുന്നത്്. മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ അഭിപ്രായപ്പെട്ട പോലെ, ജസ്റ്റിസ് ചെലമേശ്വര്‍ ചീഫ് ജസ്റ്റിസിനയച്ച കത്തിന്റെ ധ്വനിയും ഇതുതന്നെയാണ്. നിലവിലെ ഭരണകൂടത്തിന്റെയും അധികാര സ്ഥാനത്തിരിക്കുന്നവരുടെയും താത്പര്യങ്ങള്‍ക്ക് അനുസൃതമായ വിധി പ്രസ്താവങ്ങള്‍ ഈയിടെയായി കോടതികളില്‍ നിന്നുണ്ടാകുന്നുണ്ട്. മുത്വലാക്കിനെതിരെ സ്വയം പൊതു താത്പര്യ ഹരജി ഫയല്‍ ചെയ്തതും തുടര്‍ന്നുണ്ടായ ശരീഅത്തിന് നിരക്കാത്ത വിധിപ്രസ്താവവും ഹാദിയ കേസിലെ ഹൈക്കോടതി വിധിയുമൊക്കെ കടുത്ത ആശങ്ക ഉണര്‍ത്തുന്നതാണ്. ഇവയിലൊന്നും ഭരണകൂടത്തിന്റെ സമ്മര്‍ദങ്ങളോ സ്വാധീനങ്ങളോ ഇല്ലെന്ന് വന്നാല്‍ പോലും ഏകസിവില്‍ കോഡ് വാദം ശക്തായി ഉന്നയിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം അധികാരത്തിലിക്കെ മുത്വലാഖ്, ബഹുഭാര്യത്വം തുടങ്ങിയ വിഷയങ്ങളില്‍ കോടതികള്‍ കാണിക്കുന്ന അമിത താത്പര്യത്തെ ഏത് കാഴ്ചപ്പാടിലൂടെയാണ് വിലയിരുത്തേണ്ടത്?ചില കേസുകളില്‍ സാങ്കേതിക നൂലിഴകീറി വിചാരണയും നിരീക്ഷണവും നടത്തുന്ന കോടതികള്‍ മറ്റു ചിലതില്‍ കേട്ടുകേള്‍വികളെയും പക്ഷപാതപരമായ മാധ്യമ വാര്‍ത്തകളെയും അടിസ്ഥാനപ്പെടുത്തി അഭിപ്രായ പ്രകടനവും വിധിപ്രസ്താവങ്ങളും നടത്തുന്നതും കേവലം യാദൃശ്ചികമായിരിക്കുമോ? ചെലമേശ്വറിനെ പോലുള്ള മുതിര്‍ന്ന ജഡ്ജിമാര്‍ തന്നെ കോടതികളുടെ നിലപാടുകളിലും ജഡ്ജി നിയമനങ്ങളിലെ സുതാര്യയില്ലായ്മയിലും സന്ദേഹം പ്രകടിപ്പിക്കുമ്പോള്‍ പൊതുസമൂഹത്തിന്റെ ആശങ്ക വര്‍ധിക്കുകയാണ്.