മസ്‌റൂഇക്ക് ജോലിയും വീടും; ചരിതമായി മന്ത്രിസഭായോഗം

  • സാമൂഹിക വികസന മന്ത്രാലയത്തില്‍ ഗവേഷകനായി മസ്‌റൂഇക്ക് നിയമനം
  • കുറഞ്ഞ വരുമാനക്കാര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് 1,100 കോടി ദിര്‍ഹം വകയിരുത്തും
Posted on: April 9, 2018 10:05 pm | Last updated: April 9, 2018 at 10:05 pm
യു എ ഇ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനൊപ്പം അലി അല്‍ മസ്‌റൂഇ എത്തുന്നു.

ദുബൈ: യു എ ഇ മന്ത്രിസഭാ യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ട അലി അല്‍ മസ്‌റൂഇയെന്ന വയോധികന് ജോലിയും വീടും. സാമൂഹിക വികസന മന്ത്രാലയത്തില്‍ സാമൂഹിക ഗവേഷകന്‍ എന്ന തസ്തികയിലാണ് നിയമനം. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തക്തൂമാണ് ഉത്തരവിട്ടത്. ശൈഖ് മുഹമ്മദിന് അദ്ദേഹം ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ ശൈഖ് മുഹമ്മദിനെയും യു എ ഇയെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. ‘എനിക്കിപ്പോള്‍ വലിയ സന്തോഷവും അഭിമാനവും തോന്നുന്നു. വീടും ജോലിയും നന്മയും തന്ന ശൈഖ് മുഹമ്മദിനോട് ഞാനേറെ കടപ്പെട്ടിരിക്കുന്നു. രാജ്യത്തെ എല്ലാവര്‍ക്കും സേവനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചിരിക്കുന്നു, അല്‍ മസ്‌റൂഇ പറഞ്ഞു.

അവശ്യസാധനങ്ങളുടെ വില വര്‍ധനവിനെക്കുറിച്ച് അലി റശീദ് അല്‍ മസ്റൂഈ എന്ന വയോധികന്‍ റേഡിയോയില്‍ പരാതിപ്പെട്ടിരുന്നു. തനിക്ക് താമസിക്കാന്‍ നല്ലൊരു വീടും ജീവിക്കാന്‍ വരുമാനവുമില്ലാത്തതും അദ്ദേഹം തുറന്നു പറഞ്ഞു. ഇതേക്കുറിച്ച് അറിഞ്ഞ ശൈഖ് മുഹമ്മദ് അദ്ദേഹത്തിന് ആവശ്യമായ എല്ലാ സഹായവും ചെയ്തു കൊടുക്കാന്‍ അഞ്ചു ദിവസം മുമ്പ് ഉത്തരവിട്ടതിനു പിന്നാലെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയായിരുന്നു. ഇന്നലെ രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മസ്‌റൂഇ പങ്കെടുത്തു. കുറഞ്ഞ വരുമാനക്കാര്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്ക് 1,100 കോടി ദിര്‍ഹം വകയിരുത്താനും ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ദിവസങ്ങള്‍ക്കു മുമ്പ്, റേഡിയോയിലെ ‘അല്‍ റാബിയ വല്‍ നാസ്’ എന്ന ലൈവ് പരിപാടിയിലേക്ക് വിളിച്ചാണ് അലി റശീദ് അല്‍ മസ്റൂഈ ഉയര്‍ന്ന ജീവിതച്ചെലവിനെക്കുറിച്ച് പരാതിപ്പെട്ടത്. പ്രതിമാസം 13,000 ദിര്‍ഹം നല്‍കി ജീവിക്കാന്‍ തനിക്ക് സാധിക്കുന്നില്ലെന്നായിരുന്ന മസ്റൂഈയുടെ പരാതി. അടുത്ത 24 മണിക്കൂറിനുള്ളില്‍, ഇദ്ദേഹത്തിനും കുടുംബത്തിനും ജീവിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും എത്തിച്ചുനല്‍കാന്‍ ശൈഖ് മുഹമ്മദ് ഉത്തരവിടുകയും ചെയ്തു. കാലതാമസം കൂടാതെ തീരുമാനം നടപ്പാക്കാനായിരുന്നു ഉത്തരവ്.

യു എ ഇയിലെ എല്ലാവര്‍ക്കും സുസ്ഥിരതയുള്ളതും അഭിമാനകരവുമായ ജീവിതം ഉറപ്പുവരുത്തുന്നതിന് ദേശീയ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തണമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. നേരത്തെ, റേഡിയോയിലേക്കു വിളിച്ച വയോധികനെ പരിഹസിച്ചതിന് അവതാരകനെ റേഡിയോ സ്റ്റേഷനില്‍ നിന്നു പുറത്താക്കാന്‍ അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി ഉത്തരവിട്ടിരുന്നു.