Connect with us

International

ബ്ലൂവെയിലിന് ഈജിപ്തില്‍ നിരോധനം

Published

|

Last Updated

കൈറോ: യുവാക്കളെയും കുട്ടികളെയും ആത്മഹത്യയിലേക്ക് നയിക്കുന്ന ബ്ലൂവെയില്‍ ഗെയിമിന് ഈജിപ്തില്‍ നിരോധനം. ഈജിപ്തിലെ ഉന്നത മതപണ്ഡിതരുടെ കൂട്ടായ്മയായ ദാറുല്‍ഇഫ്ത ആണ് ഇതിന് വിലക്കേര്‍പ്പെടുത്തിയത്. ഇസ്‌ലാം നിരുത്സാഹപ്പെടുത്തുന്ന കാര്യങ്ങള്‍ ഈ ഗെയിമില്‍ ഉള്‍ക്കൊള്ളുന്നതായി കൂട്ടായ്മ പറഞ്ഞു. ഈ ഗെയിം കളിച്ച് നിരവധി പേര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബ്ലൂവെയിലാണ് ഇവരുടെ ആത്മഹത്യക്ക് പിന്നിലെന്നതിന് കൃത്യമായ തെളിവുകളും ഇല്ല. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഈജിപ്ത് പാര്‍ലിമെന്റ് അംഗം ഹംദി അല്‍ഫഖ്‌റാനിയുടെ മകനും ആത്മഹത്യ ചെയ്തവരില്‍ ഉള്‍പ്പെടുന്നു. ഇതാണ് ബ്ലൂവെയില്‍ ഗെയിം നിരോധിക്കുന്നതിന് പിന്നിലെ പെട്ടെന്നുള്ള കാരണം. തന്റെ സഹോദരന്‍ ബ്ലൂവെയില്‍ ഗെയിം കളിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് ഖാലിദ് അല്‍ഫഖ്‌റാനിയുടെ സഹോദരി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഈജിപ്തിന് പുറമെ, ജോര്‍ദാന്‍, തുനീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ബ്ലൂവെയില്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നേരത്തെ അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ബ്ലൂവെയില്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.