Connect with us

National

ബി എസ് പി- ജെ ഡി എസ് സഖ്യം സഹായിക്കുക ബി ജെ പിയെ

Published

|

Last Updated

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി (ബി എസ് പി)യുമായി ജനതാദള്‍- എസ് ഉണ്ടാക്കിയ സഖ്യം ബി ജെ പിയെ സഹായിക്കാനാണെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കോണ്‍ഗ്രസിന് ലഭിക്കുന്ന ദളിത്, വൊക്കലിഗ വോട്ടുകള്‍ ചിതറിപ്പോവാന്‍ ഇത് കാരണമാകുമെന്നും ബി ജെ പിക്കാണ് ഇതുകൊണ്ടുള്ള നേട്ടമുണ്ടാവുകയെന്ന അഭിപ്രായവും ശക്തമാണ്. അഹിന്ദ ദളിത് പിന്നാക്ക കൂട്ടായ്മ രൂപവത്ക്കരിച്ചാണ് കോണ്‍ഗ്രസ് ഇതിനെ പ്രതിരോധിക്കുന്നത്. ദളിത് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ അഹിന്ദ ദളിത് പിന്നാക്ക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമായ പ്രചാരണമാണ് നടത്തിവരുന്നത്.

സംസ്ഥാനത്തെ ദളിത് പിന്നാക്ക വിഭാഗങ്ങള്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുബേങ്കാണ്. എന്നാല്‍ ബി എസ് പി- ജെ ഡി എസ് സഖ്യം കോണ്‍ഗ്രസിന്റെ വോട്ട് ചോര്‍ച്ചക്ക് കാരണമായേക്കുമെന്ന ആശങ്ക വര്‍ധിച്ചിട്ടുണ്ട്. ദളിത് പിന്തുണയോടെ കൂടുതല്‍ സീറ്റില്‍ വിജയം നേടാനാകുമെന്നാണ് ജനതാദള്‍- എസിന്റെ പ്രതീക്ഷ. സംസ്ഥാനത്തെ ജനസംഖ്യയില്‍ ദളിത് പിന്നാക്ക വിഭാഗങ്ങള്‍ 24 ശതമാനത്തോളം വരും. ബി എസ് പി നേതാക്കളെ രംഗത്തിറക്കി ശക്തമായ പ്രചാരണം നടത്തിയാല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് ജെ ഡി എസ് കണക്കു കൂട്ടുന്നു.

സംസ്ഥാനത്തെ 224 മണ്ഡലങ്ങളില്‍ 20 എണ്ണത്തിലാണ് ബി എസ് പി മത്സരിക്കുന്നത്. ദളിത് – പിന്നാക്ക വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് ഇവരുടെ പോരാട്ടം. ബി എസ് പി ആദ്യമായാണ് തിരഞ്ഞെടുപ്പിന് മുമ്പ് മറ്റൊരു പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയത്. പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്ത 26 മണ്ഡലങ്ങളില്‍ എട്ടെണ്ണത്തില്‍ ബി എസ് പി മത്സരിക്കും. ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 12 മണ്ഡലങ്ങളാണ് മത്സരിക്കുന്ന മറ്റു സീറ്റുകള്‍. സഖ്യം വന്നതോടെ ഭൂരിപക്ഷം മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ദളിത് പിന്തുണ ഉറപ്പിക്കാന്‍ നേരത്തെ കോണ്‍ഗ്രസും ബി ജെ പിയും ജനതാദള്‍- എസും റാലികള്‍ നടത്തിയിരുന്നു. കോണ്‍ഗ്രസിന്റെ ദളിത് പിന്നാക്ക റാലി റായ്ച്ചൂരിലെ ദേവദുര്‍ഗയിലാണ് നടന്നത്. വടക്കന്‍ കര്‍ണാടക ജില്ലകളിലും റാലികള്‍ നടത്തിയിരുന്നു. ബെല്ലാരിയിലാണ് ബി ജെ പി ദളിത് പിന്നാക്ക റാലി നടത്തിയത്. ജനതാദള്‍- എസ് വിവിധ ജില്ലകളിലായി അഞ്ച് റാലികളാണ് സംഘടിപ്പിച്ചത്. മായാവതി നേരിട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയാല്‍ ദളിത് വോട്ടുകളില്‍ വിള്ളലുണ്ടാകാനുള്ള സാധ്യതയേറെയാണെന്ന കണക്കുകൂട്ടലുമുണ്ട്.