ജുഡീഷ്യറിക്ക്‌മേലുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചെലമേശ്വര്‍

Posted on: April 8, 2018 10:29 am | Last updated: April 9, 2018 at 7:56 pm

ന്യൂഡല്‍ഹി: ജുഡീഷ്യറിക്ക് മേലുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ചെലമേശ്വര്‍. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ അംഗീകരിക്കാത്ത കേന്ദ്ര നടപടി ഏറെ ഗൗരവമര്‍ഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഹാര്‍വാര്‍ഡ് ക്ലബ്ബ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച സംവാദത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ചെലമേശ്വര്‍.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് ശേഷം ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ചീഫ് ജസ്റ്റിസാക്കുന്നില്ലെങ്കില്‍ താനും മറ്റ് മൂന്ന് ജഡ്ജിമാരും ജനുവരിയില്‍ പത്ര സമ്മേളനം നടത്തി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്ന് തെളിയുമെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു. ചീഫ് ജസ്റ്റിസിനെ ഇംപീച്ച്‌മെന്റ് ചെയ്യുന്നത് എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമല്ലെന്നും ഇദ്ദേഹം മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു