Connect with us

National

ആന്ധ്രയില്‍ കേന്ദ്രത്തിനെതിരെ വിവിധ കക്ഷികളുടെ പ്രതിഷേധം

Published

|

Last Updated

അമരാവതിയില്‍ സൈക്കിള്‍ റാലി നടത്തുന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി ആവശ്യം ശക്തമാക്കി ഭരണ- പ്രതിപക്ഷ കക്ഷികള്‍. പ്രതിഷേധവുമായി വിവിധ പാര്‍ട്ടികള്‍ തെരുവിലിറങ്ങി. 2014ലെ ആന്ധ്രാ പ്രദേശ് അംഗീകാര നിയമത്തിന്റെ വാഗ്ദാനങ്ങള്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. എന്‍ ഡി എ സര്‍ക്കാറിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബഹളം കാരണം പരിഗണിക്കാതെ ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതോടെ സംസ്ഥാനത്തെ ഭരണകക്ഷിയായ ടി ഡി പി പ്രതിഷേധവുമായി തെരുവിലറങ്ങി. ടി ഡി പി പ്രസിഡന്റും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു സൈക്കിള്‍ റാലിക്ക് ആഹ്വാനം ചെയ്തു.

അമരാവതിയിലെ വെങ്കടായപാലം ഗ്രാമത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ നിയമസഭ സ്ഥിതി ചെയ്യുന്ന വെളഗപുഡിയിലേക്ക് നായിഡു സൈക്കിള്‍ റാലി നടത്തി. മകന്‍ നര ലോകേഷ്, നിയമസഭാംഗങ്ങള്‍, പാര്‍ട്ടി നേതാക്കള്‍ റാലിയില്‍ അണിനിരന്നു. ടി ഡി പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് സൈക്കിള്‍. സംസ്ഥാന ജനതയുടെ വികാരം വെച്ച് കളിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അത് അദ്ദേഹത്തെ ചരിത്രത്തില്‍ നിന്ന് അപ്രത്യക്ഷനാക്കുമെന്നും നായിഡു പറഞ്ഞു. തെലുഗു ജനതയുടെ ശക്തിയെ വിലകുറച്ചുകാണുന്നത് പോലെയാണിത്. സംസ്ഥാനത്തെ ദുര്‍ബലമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ, സി പി എം, ജന സേന പാര്‍ട്ടി എന്നിവയുടെ പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി.