Connect with us

Kerala

കരുണ, കണ്ണൂര്‍ മെഡി. പ്രവേശം: തുടര്‍ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു

Published

|

Last Updated

തിരുവനന്തപുരം: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം ക്രമപ്പെടുത്തിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിനെതിരെ സുപ്രീം കോടതി വിധി നിലനില്‍ക്കെ ഇതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികളിലേക്ക് പോകേണ്ടെന്ന് സര്‍ക്കാര്‍ തത്വത്തില്‍ ധാരണയിലെത്തി. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിട്ടില്ലെങ്കില്‍ ഓര്‍ഡിനന്‍സ് റദ്ദാകുമെന്നതിനാല്‍ ബില്ലില്‍ ഗവര്‍ണറുടെ നിലപാട് നിര്‍ണായകമാകും.

നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്ക് അയക്കും മുമ്പ് നിയമ വകുപ്പ് പരിശോധിക്കുകയും ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതില്‍ ഓര്‍ഡിനന്‍സ് സംബന്ധിച്ച് നേരത്തെ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയ ആരോഗ്യ വകുപ്പ് സെക്രട്ടറി ബില്ലിനും നിയമ സാധുത ലഭിക്കാനിടയില്ലെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണറിയുന്നത്. സഭ സമ്മേളിക്കാത്ത സാഹചര്യത്തില്‍ ഏതെങ്കിലും നടപടികള്‍ക്ക് നിയമസാധുത നല്‍കാനാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. എന്നാല്‍, സഭ ചേര്‍ന്ന് 42 ദിവസത്തിനുള്ളില്‍ ഇത് ബില്ലായി സഭയില്‍ അവതരിപ്പിച്ച് പാസാക്കി ഗവര്‍ണര്‍ ഒപ്പിടണമെന്നാണ് ചട്ടം. ഈ സാഹചര്യത്തില്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ ചട്ടവിരുദ്ധ പ്രവേശനം അംഗീകരിക്കാന്‍ നിയമസഭ പാസാക്കിയ ബില്‍ നാളെ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ അസാധുവാകും. ഓര്‍ഡിനന്‍സ് സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ ഒപ്പിടാതെ ബില്‍ അസാധുവായാല്‍ ഇതിനായി ഇതുവരെ നടത്തിയ നടപടികളെല്ലാം പാഴാകും. ഇതിനാല്‍ കോടതിയെ വെല്ലുവിളിച്ച് ഇതുമായി മുന്നോട്ടുപോകേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

പ്രതിപക്ഷ സഹായത്തോടെ സര്‍ക്കാര്‍ പാസാക്കിയ പ്രവേശനം ക്രമപ്പെടുത്തിയ ബില്ലിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നുവെങ്കിലും ഔദ്യോഗിക നടപടിയെന്ന പേരില്‍ നിയമസഭ പാസാക്കിയ ബില്‍ അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തിരുന്നു. എന്നാല്‍, ചട്ടലംഘനം ബോധ്യപ്പെടുകയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ ബില്ലിന് അംഗീകാരം നല്‍കാന്‍ സാധ്യതയില്ലെന്നാണറിയുന്നത്. ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചാല്‍ തുടര്‍ നടപടിയെന്ന നിലയില്‍ സര്‍ക്കാറിന് സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കുകയേ നിര്‍വാഹമുള്ളൂ. നിലവിലെ സാഹചര്യത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കാന്‍ സാധ്യതയില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ബില്ലുമായി ബന്ധപ്പെട്ട തുടര്‍ നടപടികളില്‍ നിന്ന് പിന്‍വാങ്ങാന്‍ സര്‍ക്കാര്‍ ധാരണയിലെത്തിയത്.

മെറിറ്റില്‍ അര്‍ഹതയുള്ളവര്‍ക്ക് പ്രവേശനം നിഷേധിക്കുക, വന്‍ തുക ഫീസായി വാങ്ങുക തുടങ്ങിയ ഗുരുതരമായ പിഴവുകളാണ് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം റദ്ദാക്കാനിടയാക്കിയ പ്രധാന കാരണങ്ങള്‍. 45 ലക്ഷം രൂപ വരെ തലവരിപ്പണം വിദ്യാര്‍ഥികള്‍ നല്‍കിയെന്ന് പരാതി ഉയര്‍ന്നിരുന്നു. അര്‍ഹര്‍ക്ക് വെബ്‌സൈറ്റിലൂടെ അപേക്ഷ നല്‍കാന്‍ അവസരം നല്‍കാതെ കരുണ- കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ ഇഷ്ടമുള്ളവരുടെ അപേക്ഷ മാത്രം സ്വീകരിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്.

തുടര്‍ന്ന് ഇവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രവേശന മേല്‍നോട്ട സമിതിയെ സമീപിച്ചതിന് പിന്നാലെയാണ് സമിതി കര്‍ശന നടപടികളെടുത്തത്. പ്രവേശന രേഖകള്‍ ഹാജരാക്കാന്‍ പരീക്ഷാ കമ്മീഷണറും മേല്‍നോട്ട സമിതിയും ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടും കോളജുകള്‍ തയ്യാറായില്ല. മെറിറ്റ് അട്ടിമറിക്കുകയും കൂടാതെ തലവരിപ്പണം വാങ്ങുകയും ചെയ്‌തെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് പരീക്ഷാ കമ്മീഷണറും പ്രവേശന മേല്‍നോട്ട സമിതിയും പ്രവേശനം റദ്ദാക്കിയത്. പിന്നീട് ഹൈക്കോടതിയും തുടര്‍ന്ന് സുപ്രീം കോടതിയും തീരുമാനം ശരിവെക്കുകയായിരുന്നു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം