സൂപ്പര്‍ കപ്പില്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സ് – നെറോക എഫ് സി

ഈസ്റ്റ് ബംഗാള്‍ 2-1ന് മുംബൈ സിറ്റിയെ പരാജയപ്പെടുത്തി
Posted on: April 6, 2018 6:08 am | Last updated: April 6, 2018 at 12:15 am

ഭുവനേശ്വര്‍: ഐഎസ്എല്ലിലെ പിഴവുകള്‍ തിരുത്തി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് സൂപ്പര്‍ പോരിന് ഇറങ്ങുന്നു. പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പിലാണ് ബ്ലാസ്റ്റേഴ്‌സ് പ്രതാപം തേടുന്നത്. ഇന്ന് രാത്രി എട്ടിന് മഞ്ഞപ്പട സൂപ്പര്‍ കപ്പില്‍ പോരാട്ടത്തിനിറങ്ങും. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ഐ ലീഗില്‍ നിന്നുള്ള നെറോക്ക എഫ്‌സിയാണ് എതിരാളികള്‍.

സൂപ്പര്‍ കപ്പിലെ അവസാന പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ കൂടിയാണിത്. ജയിച്ചാല്‍ മഞ്ഞപ്പടയ്ക്ക് അവസാന എട്ടു ടീമുകളിലൊന്നാവാം. ഐഎസ്എല്ലിലെ നിരാശ മായ്ക്കാന്‍ സൂപ്പര്‍ കപ്പ് വിജയത്തിനു സാധിക്കുമെന്നതിനാല്‍ഏറ്റവും മികച്ച പ്രകടനം തന്നെ നടത്താനുറച്ചാവും ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുക. നിരാശപ്പെടുത്തിയ ഐഎസ്എല്‍ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം ഏറെ നിരാശാജനകമായിരുന്നു കഴിഞ്ഞ സീസണിലെ ഐഎസ്എല്‍. തൊട്ടുമുമ്പത്തെ സീസണില്‍ റണ്ണറപ്പായ മഞ്ഞപ്പട ഇത്തവണ കിരീടം നേടുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ആരാധകര്‍.
ഇയാന്‍ ഹ്യൂം, ദിമിതര്‍ ബെര്‍ബറ്റോവ് എന്നിവരടക്കം വലിയൊരു താരനിരയും കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനുണ്ടായിരുന്നു. ബെര്‍ബറ്റോവ് വന്‍ ഫ്‌ളോപ്പായപ്പോള്‍ ഹ്യൂമിന് അവസാന റൗണ്ട് മല്‍സരങ്ങളില്‍ പരിക്ക് തിരിച്ചടിയായി.

പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനക്കാരായാണ് ബ്ലാസ്‌റ്റേഴ്‌സ് സീസണ്‍ അവസാനിപ്പിച്ചത്. 18 മല്‍സരങ്ങളില്‍ വെറും ആറെണ്ണത്തില്‍ മാത്രമേ മഞ്ഞപ്പടയ്ക്കു ജയിക്കാനായിരുന്നുള്ളൂ.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ സ്്റ്റാര്‍ സ്‌െ്രെടക്കര്‍ കൂടിയായിരുന്ന ബെര്‍ബറ്റോവ് സൂപ്പര്‍ കപ്പില്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയിലുണ്ടാവില്ല. പരിക്കു ഭേദമാവാത്തതിനാല്‍ ഹ്യൂമേട്ടന്‍ നേരത്തേ തന്നെ ടീമിനു പുറത്താണ്. ജനുവരി ട്രാന്‍സ്ഫര്‍ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ചേര്‍ന്ന ഐസ്‌ലാന്‍ഡ് സ്‌െ്രെടക്കര്‍ ഗുഡ്യോന്‍ ബാള്‍വിന്‍സണും സൂപ്പര്‍ കപ്പിനുള്ള ടീമില്‍ ഇല്ല. മലയാളി താരം സികെ വിനീതിനായിരിക്കും ബ്ലാസ്‌റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുമതല. എന്നാല്‍ ബെര്‍ബയ്‌ക്കൊപ്പം ടീമിലെത്തിയ യുനൈറ്റഡിന്റെ മുന്‍ ഡിഫന്‍ഡര്‍ വെസ് ബ്രൗണ്‍ കളിക്കുമെന്നത് ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസമാവും.

മണിപ്പൂരില്‍ നിന്നുള്ള നെറോക്ക 2015ലാണ് രൂപീകൃതമായത്. ആദ്യ സീസണില്‍ തന്നെ ഐ ലീഗിന്റെ രണ്ടാം ഡിവിഷനില്‍ റണ്ണറപ്പായി വരവറിയിച്ച നെറോക്ക തൊട്ടടുത്ത സീസണില്‍ ചാംപ്യന്‍മാരായി ഏവരെയും ഞെട്ടിച്ചു. ഇതോടെയാണ് 2017-18 സീസണിലെ ഐ ലീഗിലേക്കു അവര്‍ യോഗ്യത നേടിയത്.