Kerala
കണ്ണൂര്‍, കരുണ മെഡി. കോളജുകളില്‍ ജെയിംസ് കമ്മിറ്റി കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍

karunaതിരുവനന്തപുരം: പ്രവേശന നടപടിക്രമങ്ങളില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എം ബി ബി എസ് പ്രവേശനം റദ്ദാക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. കണ്ണൂര്‍ അഞ്ചരക്കണ്ടി, കരുണ മെഡിക്കല്‍ കോളജിലെയും തിരുവനന്തപുരം എസ് യു ടി മെഡിക്കല്‍ കോളജിലെ ഒരു സീറ്റിലേക്ക് നടന്ന പ്രവേശനവുമാണ് ജയിംസ് കമ്മറ്റി റദ്ദാക്കിയിരുന്നത്. നഗ്നമായ നിയമലംഘനം നടന്നുവെന്നായിരുന്നു 2016ല്‍ ജയിംസ് കമ്മറ്റി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.
സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിനെ തുടര്‍ന്ന് രണ്ട് മെഡിക്കല്‍ കോളജുകളിലും പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ മെറിറ്റ് പരിശോധിക്കാന്‍ ആയുഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി ശ്രീനിവാസിനെ നിയോഗിച്ചിരുന്നു. പ്രസ്തുത വര്‍ഷം മറ്റുകോളജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുമായി താര്യതമ്യപ്പെടുത്തി നടത്തിയ പരിശോധനയില്‍ കണ്ണൂരിലെ 44 പേര്‍ക്കും കരുണയിലെ 25 പേര്‍ക്കും പ്രവേശനത്തിന് അര്‍ഹതയുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ മുഴുവന്‍ കുട്ടികളുടെയും പ്രവേശനം സാധൂകരിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.
കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശനം അപ്പാടെ അട്ടിമറിച്ചെന്നാണ് ജയിംസ് കമ്മറ്റി കണ്ടെത്തിയിരുന്നത്. ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമെ പരിഗണിക്കാവൂ എന്ന നിര്‍ദേശം പാലിച്ചില്ല. ഹാജരാക്കിയ അപേക്ഷകള്‍ ഓണ്‍ലൈന്‍ രീതിയില്‍ ആയിരുന്നില്ല.
കോളജിന്റെ പേര്, അപേക്ഷകന്റെ പേര്, ഒപ്പ്, തിയതി തുടങ്ങിയവയൊന്നും രേഖപ്പെടുത്തിയിരുന്നില്ല. സ്‌പോട്ട് അഡ്മിഷന്‍ സമയത്ത് സമര്‍പ്പിച്ച അപേക്ഷ പോലും കമ്മറ്റി മുമ്പാകെ സമര്‍പ്പിച്ചവയില്‍ ഇല്ലായിരുന്നു. കോടതി നിര്‍ദേശം പോലും അവഗണിച്ചാണ് അപേക്ഷ സ്വീകരിച്ചതും പ്രവേശനം നല്‍കിയതും.
സംവരണ വിഭാഗങ്ങളുടെ പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു കരുണയിലെ പ്രധാനക്രമക്കേടുകള്‍. എസ് ഇ ബി സി, എസ് സി സംവരണ ക്വാട്ടകളില്‍ പ്രവേശനം നേടിയവരുടെ രേഖകള്‍ ഹാജരാക്കിയില്ല. ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും കമ്മ്യൂനിറ്റി സര്‍ട്ടിഫിക്കറ്റും ഉണ്ടെന്ന് അറിയിച്ചെങ്കിലും ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ലഭ്യമല്ലെന്ന മറുപടിയാണ് നല്‍കിയത്.