Connect with us

International

എട്ട് കോടി അക്കൗണ്ടുകള്‍ ചോര്‍ത്തി; പിഴവ് സമ്മതിച്ച് ഫേസ് ബുക്ക് സി ഇ ഒ

Published

|

Last Updated

ന്യൂയോര്‍ക്ക്: എട്ട് കോടിയിലധികം വരുന്ന അക്കൗണ്ടുകള്‍ കേംബ്രിഡ്ജ് അനലിറ്റിക ചോര്‍ത്തിയതായി ഫേസ്ബുക്ക് സി ഇ ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ കുറ്റസമ്മതം. നേരത്തെ അഞ്ച് കോടിയോളം വരുന്ന ഫേസ് ബുക്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്‌തെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ പുറത്തുവിട്ട കണക്കുകള്‍ ഫേസ്ബുക്ക് സുരക്ഷ സംബന്ധിച്ച് ഉപയോക്താക്കളെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നതാണ്.

അതേസമയം, കമ്പനിക്ക് സംഭവിച്ച സുരക്ഷാ പിഴവ് സമ്മതിക്കുമ്പോഴും തനിക്ക് ഒരു അവസരം കൂടി നല്‍കണമെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ് അഭ്യര്‍ഥിച്ചു. കമ്പനിയെ നയിക്കാന്‍ താങ്കളിപ്പോഴും യോഗ്യനാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവാദം കമ്പനിക്ക് കാര്യമായ നഷ്ടമുണ്ടാക്കിയിട്ടില്ല. പക്ഷേ ഈ പ്രവണത നല്ലതല്ല. പരിഹരിക്കാന്‍ നന്നായി അധ്വാനിക്കേണ്ടിവരും. പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് ചിലപ്പോള്‍ വര്‍ഷങ്ങളെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നതിന് ഇരകളായവരില്‍ ഭൂരിഭാഗവും അമേരിക്കക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്. 2016ല്‍ നടന്ന അമേരിക്കന്‍ പൊതു തിരഞ്ഞെടുപ്പില്‍ കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനി ഫേസ് ബുക്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്ത് ഇടപെട്ടതായും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയതായും കണ്ടെത്തിയിരുന്നു. ഈ വിഷയത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസിന് മുമ്പിലെത്തി വിശദീകരണം നല്‍കാന്‍ സുക്കര്‍ബര്‍ഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ആഴ്ച അദ്ദേഹം അമേരിക്കന്‍ കോണ്‍ഗ്രസിന് മുമ്പാകെ ഹാജരാകുമെന്നാണ് സൂചന.

Latest