കാവേരി പ്രശ്‌നം: 12ന് കര്‍ണാടക ബന്ദ്

Posted on: April 5, 2018 1:18 pm | Last updated: April 5, 2018 at 1:47 pm

ബെംഗളൂരു: കാവേരി നദിയിലെ ജല തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ ഈ മാസം 12ന് ബന്ദ് നടത്താന്‍ കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്തു. തമിഴ് സിനിമകള്‍ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു.

അതേസമയം, കാവേരി മാനേജ്‌മെന്റ് ബോര്‍ഡും കാവേരി വാട്ടര്‍ റഗുലേറ്ററി കമ്മിറ്റിയും രൂപവത്കരിക്കാത്ത കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് ഡിഎംകെയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദ് തുടരുകയാണ്. ഡിഎംകെ, കോണ്‍ഗ്രസ്, സിപിഎം, തുടങ്ങി എട്ടോളം പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടനകളുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പ്രതിഷേധങ്ങളുടെ ഭാഗമായി ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചെന്നൈ ഇവിആര്‍ സ്റ്റാച്യുവിന് മുന്നില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തി. സംഭവത്തെ തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. ഏപ്രില്‍ പതിനൊന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട് സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്താനും ഡിഎംകെ യോഗത്തില്‍ ധാരണയായിരുന്നു. മാര്‍ച്ച് 29 നകം കാവേരി മാനേജ്‌മെന്റ് ബോര്‍ഡുള്‍പ്പെടെ രൂപവത്കരിക്കണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശം. ഈ നിര്‍ദേശം അട്ടിമറിക്കപ്പെടുകയാണെന്നാണ് തമിഴ്‌നാടിന്റെ ആരോപണം.