പെരിന്തല്‍മണ്ണ ഹോണ്ട ഷോറൂമില്‍ തീപ്പിടിത്തം; 18 വാഹനങ്ങള്‍ കത്തിനശിച്ചു

Posted on: April 5, 2018 9:33 am | Last updated: April 5, 2018 at 11:45 am

മലപ്പുറം: പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ഹോണ്ട ഷോറൂമില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു.

ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് സമീപവാസികളും യാത്രാക്കാരും ഷോറൂമില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്.  പെരിന്തല്‍മണ്ണ അഗ്നിശമന സേനാവിഭാഗം സ്ഥലത്തെത്തി തീയണച്ചു. ഷോറൂമും അതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സര്‍വീസ് സെന്ററും ഉള്‍പ്പെട്ട ഇരുനില കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സര്‍വീസിനായി കൊണ്ടുവന്ന 18 വാഹനങ്ങളാണ് പൂര്‍ണമായി കത്തിനശിച്ചത്. കൂടാതെ ഇരുപതിലധികം വാഹനങ്ങള്‍ ഭാഗികമായും കത്തിയിട്ടുണ്ട്.