ബി വണ്‍ സിറ്റി കാന്തപുരം ഇന്ന് നാടിന് സമര്‍പ്പിക്കും

Posted on: April 5, 2018 6:20 am | Last updated: April 4, 2018 at 11:42 pm
കാളികാവില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ബി വണ്‍ സിറ്റി കെട്ടിടം. വിധവകളുടെ പെണ്‍മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുള്ളതാണ് ബി വണ്‍ സിറ്റിയുടെ ഈ സംരംഭം.

മലപ്പുറം: കേരളത്തിലെ മലയോര, ചേരി, തീരപ്രദേശങ്ങളില്‍ അധിവസിക്കുന്ന പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യമാക്കി ആരംഭിക്കുന്ന പുനരധിവാസ പദ്ധതിയായ ബി വണ്‍ സിറ്റി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇന്ന് നാടിന് സമര്‍പ്പിക്കും. കാളികാവില്‍ വൈകുന്നേരം മൂന്നിന് നടക്കുന്ന സമര്‍പ്പണ സമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര സെക്രട്ടറി മുഹ്‌യിസ്സുന്ന പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, സയ്യിദ് ഹബീബ് തങ്ങള്‍, സയ്യിദ് എളങ്കൂര്‍ മുത്തുകോയ തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ വൈലത്തൂര്‍, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, വയനാട് ഹസന്‍ മുസ്‌ലിയാര്‍, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, തെന്നല അബൂ ഹനീഫല്‍ ഫൈസി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍, കൊളത്തൂര്‍ അലവി സഖാഫി, സി എം കുട്ടി മൗലവി വണ്ടൂര്‍ സംബന്ധിക്കും.

കഴിഞ്ഞ പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഇസ്‌ലാം അല്‍ ബദ്‌രിയ്യയുടെ നേതൃത്തിലാണ് ബി വണ്‍ സിറ്റി രൂപം കൊള്ളുന്നത്. ആണ്‍കുട്ടികളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍ക്കൊളളുന്ന താജ്‌ലാന്റ്, വിധവകള്‍ക്കുള്ള വീടുകള്‍, സ്ത്രീകള്‍ക്കായുള്ള ഫാക്ടറി, പെണ്‍കുട്ടികളുടെ വ്യത്യസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫാത്വിമ ലാന്റ്, ഉലമാ റെസിഡന്‍സി എന്നിവ സിറ്റിയുടെ ഭാഗമായുണ്ടാകും. മസ്ജിദ്, ഹോസ്പിറ്റല്‍, കണ്‍വന്‍ഷന്‍ സെന്റര്‍, സ്‌കില്‍ അക്കാദമി, സൂപ്പര്‍മാര്‍ക്കറ്റ്, റെസ്‌റ്റോറന്റ്, പബ്ലിക് ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ടാകും. 5000 കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതിയാണ് ഇത്.